ഇസ്രായേല്‍ രണ്ടുംകല്‍പ്പിച്ച്; ഇത്തവണ ഹിസ്ബുല്ലയെ പൂട്ടുമോ?

OCTOBER 2, 2024, 9:02 PM

ലെബനോനില്‍ വീണ്ടും ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയിരിക്കുകയാണ്. നേരത്തെ രണ്ട് തവണ സമാനമായ നീക്കം നടത്തിയ ഇസ്രായേലിന് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ ഇസ്രായേല്‍ സൈന്യത്തിന് അടിപതറിയിരുന്നു. തോറ്റ കാരണം അന്വേഷിച്ച ഇസ്രായേല്‍ സംഘം കണ്ടെത്തിയത് വേണ്ടത്ര ആലോചനയില്ലാതെ പുറപ്പെട്ടത് തെറ്റായി എന്നായിരുന്നു.

കാലാള്‍ പടയെ കൂടി ലെബനോനിലേക്ക് അയക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഒപ്പം ടാങ്കറുകളും ലെബനോനില്‍ പ്രവേശിച്ചു കഴിഞ്ഞുവെന്നാണ് വിവരം. ഇനി എന്താണ് സംഭവിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാകും യുദ്ധത്തിന്റെ ഭാവി. 2006 ല്‍ കരയുദ്ധം തുടങ്ങിയതോടെ ഇസ്രായേല്‍ സൈന്യത്തിന് വലിയ തിരിച്ചടിയാണ് ലെബനോനില്‍ നേരിട്ടത്. സമാന സാഹചര്യമാകുമോ അതോ കരയുദ്ധത്തില്‍ ഇസ്രായേല്‍ തന്ത്രം മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്.

എന്നാല്‍ ഇത്തവണ ഇസ്രായേല്‍ എത്തുന്നത് വലിയ ആസൂത്രണത്തോടെയാണ്. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളെ വധിച്ചുകൊണ്ടാണ് വരവ്. പരമോന്നത നേതാവ് ഹസന്‍ നസറുല്ലയുടെ മരണം ഹിസ്ബുല്ലയെ താല്‍ക്കാലികമെങ്കിലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഹിസ്ബുല്ലയുടെ സംഘടനാ ശൃംഖല തകര്‍ക്കാന്‍ സാധിച്ചതാണ് ഇസ്രായേലിന് നിലവില്‍ മേല്‍ക്കൈ നല്‍കുന്നത്.

മുക്കാല്‍ കോടിയില്‍ താഴെ ജനസംഖ്യയുള്ള പശ്ചിമേഷ്യന്‍ രാജ്യമാണ് ലെബനോന്‍. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ രാജ്യത്ത് പാലസ്തീനില്‍ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. 1982 ല്‍ ഇവരെ കൂട്ടക്കൊല ചെയ്ത് ലെബനോനില്‍ ഇസ്രായേല്‍ നടത്തിയ അക്രമങ്ങളാണ് ഹിസ്ബുല്ലയുടെ പിറവിയിലേക്ക് നയിച്ചത്. ഇറാന്‍ സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു രൂപീകരണം.

ഒട്ടേറെ അറബ് രാജ്യങ്ങളുമായി ഒരേ സമയം യുദ്ധം ചെയ്ത് മേല്‍ക്കൈ നേടിയ കരുത്തിലാണ് ഇസ്രായേല്‍ സൈന്യം 1982 ല്‍ ലെബനോനില്‍ അധിനിവേശം തുടങ്ങിയത്. ഇവരെ പ്രതിരോധിക്കാന്‍ ഷിയാ പണ്ഡിതര്‍ ഇറാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഹിസ്ബുല്ല രൂപീകരിക്കുകയായിരുന്നു. 1985 ല്‍ ഹിസ്ബുല്ല വലിയ സൈനിക ശക്തിയായി മാറി. ഗറില്ലാ യുദ്ധമുറയാണ് ഇസ്രായേലിനെതിരെ പ്രയോഗിച്ചത്. കൂടാതെ ചാവേര്‍ ആക്രമണങ്ങളും ആയതോടെ ഇസ്രായേലിന് അടിപതറി.

ക്രിസ്ത്യന്‍ സായുധ സംഘടനയായ സൗത്ത് ലെബനോന്‍ ആര്‍മിയുടെ സഹായം കൂടി ലഭിച്ചതോടെ ഹിസ്ബുല്ല വിജയിച്ചു. 2000 ല്‍ ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി. പിന്നീട് നേരിയ അസ്വാരസ്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനിന്നിരുന്നു എങ്കിലും 2006 ല്‍ വീണ്ടും ഇസ്രായേല്‍ അധിനിവേശം നടത്തി. 34 ദിവസം നീണ്ട ഈ യുദ്ധം യുഎന്‍ മധ്യസ്ഥതയിലാണ് അവസാനിച്ചത്.

ഇരുഭാഗവും വിജയം അവകാശപ്പെട്ടെങ്കിലും 121 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല, സൈനിക ഉപകരണങ്ങള്‍ ഹിസ്ബുല്ല വ്യാപകമായി നശിപ്പിച്ചതും ഇസ്രായേലിന് തിരിച്ചടിയായി. എന്തുകൊണ്ട് ഹിസ്ബുല്ലയെ കീഴ്പ്പെടുത്താന്‍ സാധിച്ചില്ല എന്ന് പരിശോധിച്ച വിനോഗ്രാഡ് കമ്മീഷന്‍, വേണ്ടത്ര ആസൂത്രമണമില്ലായ്മ തിരിച്ചടിയായി എന്ന് വിലയിരുത്തി. ഹിസ്ബുല്ലയുടെ ശേഷി മനസിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തി.

ശേഷം 20 വര്‍ഷം അടുക്കാനിരിക്കെയാണ് ഇസ്രായേല്‍ സൈന്യം ലെബനോനിലേക്ക് മൂന്നാം അധിനിവേശം തുടങ്ങിയത്. ഇറാന്റെ സഹായത്തോടെ വലിയ സൈനിക ശേഷി ഹിസ്ബുല്ല ഇക്കാലയളവില്‍ നേടിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ഭടന്മാര്‍ അവര്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ഹമാസിനേക്കാള്‍ ശക്തരാണ് ഹിസ്ബുല്ല എന്ന് ചുരുക്കം. എങ്കിലും ഇസ്രായേലിന്റെ ആദ്യ ആക്രമണങ്ങള്‍ ഹിസ്ബുല്ലയെ ശരിക്കും ഞെട്ടിച്ചുവെന്നാണ് വാര്‍ത്തകള്‍.

ഇത്തവണ കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വരവ്. മുതിര്‍ന്ന സൈനിക കമാന്റര്‍ ഫുവാദ് ശുകര്‍ കൊല്ലപ്പെട്ടതാണ് ഹിസ്ബുല്ലയ്ക്ക് കിട്ടിയ ആദ്യ അടി. തൊട്ടുപിന്നാലെയാണ് പേജര്‍ ആക്രമുണ്ടായത്. ഇതുവഴി നിരവധി ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്താന്‍ ഇസ്രായേലിന് സാധിച്ചു. ഹിസ്ബുല്ലയുടെ സംഘടനാ സംവിധാനം തകിടം മറിച്ചുവെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു.

പിന്നാലെയാണ് മിസൈല്‍ ആക്രമണത്തില്‍ നസറുല്ലയെ വധിച്ചത്. ലെബനോനിലും ഇറാനിലും ഇസ്രായേല്‍ ചാരന്മാര്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ഇറാനിലെ അതീവ സുരക്ഷാ മേഖലയില്‍ വച്ച് കൊലപ്പെടുത്താന്‍ സാധിച്ചത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.

നാല് രാജ്യങ്ങളുമായിട്ടാണ് ഒരേ സമയം ഇസ്രായേല്‍ യുദ്ധം തുടങ്ങിയിരിക്കുന്നത്. ഇത് ഇസ്രായേലിന്റെ തന്ത്രങ്ങളുടെ പാളിച്ചയാണ് എന്ന് വിലയിരുത്തുന്നവരുണ്ട്. ഒന്നില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഒരേ സമയം യുദ്ധം നടത്തുന്നത് ബുദ്ധിയല്ല എന്നാണ് നിരീക്ഷണം. എങ്കിലും അമേരിക്കയുടെയും ബ്രിട്ടന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണ ഇസ്രായേലിന് കരുത്ത് പകരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam