പുടിന്‍-കിം സൗഹൃദം അമേരിക്കയ്ക്ക് ഭീഷണിയോ?  പിന്നിലെ യഥാര്‍ത്ഥ ശക്തി ആര്? 

JUNE 20, 2024, 9:11 AM

ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ് റഷ്യയും ഉത്തര കൊറിയയും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ബുധനാഴ്ചയാണ് കരാറില്‍ ഒപ്പുവച്ചത്. ഏതെങ്കിലും രാജ്യത്തിന് ആക്രമണം നേരിടേണ്ടി വന്നാല്‍ പരസ്പര സഹായം വാഗ്ദാനം ചെയ്യുന്ന ഒരു തന്ത്രപ്രധാന ഉടമ്പടിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത്  പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള സംഘര്‍ഷത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ്.  

അതേസമയം കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പക്ഷേ ശീതയുദ്ധത്തിന്റെ അവസാനത്തിനുശേഷം മോസ്‌കോയും പ്യോങ്യാങ്ങും തമ്മിലുള്ള ഏറ്റവും ശക്തമായ ബന്ധത്തെയാണ് ഇത് അടിവരയിടുന്നത്. സുരക്ഷ, വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക, മാനുഷിക ബന്ധങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന തങ്ങളുടെ ബന്ധങ്ങളുടെ പ്രധാന നവീകരണമായാണ് ഇരു നേതാക്കളും ഉടമ്പടിയെ വിശേഷിപ്പിച്ചത്.

24 വര്‍ഷത്തിന് ശേഷം പുടിന്‍ ആദ്യമായി ഉത്തരകൊറിയ സന്ദര്‍ശിക്കുകയും സാമ്പത്തിക സഹായത്തിന് പകരമായി പ്യോങ്യാങ് മോസ്‌കോയ്ക്ക് യുദ്ധത്തിന് ആവശ്യമായ ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആയുധ ക്രമീകരണത്തെക്കുറിച്ച് യുഎസും സഖ്യകക്ഷികളും വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരിക്കുന്നത്. കിമ്മിന്റെ ആണവായുധങ്ങളും മിസൈല്‍ പദ്ധതിയും ഉയര്‍ത്തുന്ന ഭീഷണി വീണ്ടും ഉയര്‍ത്താന്‍ തക്കതാാണ് പുതിയ സാങ്കേതിക കൈമാറ്റങ്ങള്‍.

അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരെ ആശങ്കയിലാക്കുന്നതാണ് അതിവേഗം വളരുന്ന പുതിയ കൂട്ടുകെട്ടും ഉടമ്പടി ഉറപ്പിക്കലും. ഇത് ലോകത്തിന് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന്  നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഏത് തരത്തിലുള്ള പരസ്പര പ്രതിരോധ ഉടമ്പടിയും ഭാവിയില്‍ കൊറിയന്‍ ഉപദ്വീപിലെ ഒരു സംഘട്ടനത്തില്‍ പ്യോങ്യാങ്ങിനെ മോസ്‌കോ സഹായിക്കുന്നത് കാണാന്‍ കഴിയും. അതേസമയം ഉത്തരകൊറിയയ്ക്ക് ഉക്രെയ്‌നിനെതിരായ യുദ്ധത്തില്‍ റഷ്യയെ പരസ്യമായി സഹായിക്കാനാകും.

കിം നേരത്തെ തന്നെ റഷ്യയ്ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതായി  റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേപോലെ മിസൈല്‍ പ്രോഗ്രാമിനെ സഹായിക്കുന്ന ബഹിരാകാശ സാങ്കേതികവിദ്യ ഉത്തരകൊറിയക്ക് പുടിന്‍ നല്‍കുമെന്ന് കരുതപ്പെടുന്നു.

പുടിന്‍ സമീപ മാസങ്ങളില്‍ ഉക്രെയ്‌നിലെ യുദ്ധക്കളത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ആയുധങ്ങളുടെ കുറവ് നിമിത്തം. സെപ്റ്റംബറില്‍ കിം റഷ്യ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ അവസാനത്തെ മുഖാമുഖം കൂടിക്കാഴ്ചയില്‍, സൈനിക സഹകരണത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുകയും ആയുധ ഇടപാട് നടത്തിയതായി സംശയിക്കുകയും ചെയ്തിരുന്നു. അതിനുശേഷം റഷ്യ ഉത്തരകൊറിയന്‍ മിസൈലുകള്‍ ഉക്രെയ്‌നില്‍ വിന്യസിക്കുന്നുണ്ടെന്നതിന് തെളിവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍, യുഎസും മറ്റ് നാറ്റോ രാജ്യങ്ങളും റഷ്യന്‍ മണ്ണില്‍ പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ഉക്രെയ്നിന് അനുമതി നല്‍കി.

റഷ്യയ്ക്കും ഉത്തരകൊറിയയ്ക്കുമെതിരെയുള്ള പാശ്ചാത്യ ഉപരോധങ്ങളെക്കുറിച്ചും പുടിന്‍ വ്യക്തമാക്കി- 'ബ്ലാക്ക്മെയിലിന്റെയും ആജ്ഞയുടെയും ഭാഷ തങ്ങള്‍ ഇരുവരും സഹിക്കില്ല'. ആധിപത്യം നിലനിര്‍ത്താന്‍ പാശ്ചാത്യരുടെ ഉപരോധം എന്ന കഴുത്തുഞെരിക്കലിനെ തങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്നത് തുടരുമെന്നും പറഞ്ഞു.

അതേസമയം പുടിന്റെയും കിമ്മിന്റെയും വളര്‍ന്നുവരുന്ന സൗഹൃദത്തിലെ യഥാര്‍ത്ഥ ശക്തി ചൈനയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സോള്‍, ടോക്കിയോ, വാഷിംഗ്ടണ്‍, ബ്രസല്‍സ് എന്നിവ ഇരുവരുടേയും സംസാരത്തില്‍ വന്നത് വളരെ ശ്രദ്ധയോടെയാണ് പാശ്ചാത്യ ലോകം നിരീക്ഷിക്കുന്നത്. അത് വലിയ അപകടത്തെ തന്നെയാണ് കാണിക്കുന്നത്. എന്നാല്‍ രണ്ട് നേതാക്കള്‍ക്കും പരസ്പരം ആവശ്യമാണെന്ന് തോന്നുന്ന വസ്തുത ഇതാണ്- ഒന്ന് യുദ്ധം തുടരാന്‍ പുടിന് വെടിമരുന്ന് ആവശ്യമാണ്, ഉത്തര കൊറിയയ്ക്ക് പണവും ആവശ്യമാണ്. എന്നിരുന്നാലും, ഈ മേഖലയിലെ യഥാര്‍ത്ഥ ശക്തി പ്യോങ്യാങ്ങില്‍ ആയിരുന്നില്ല എന്നതാണ് വ്യക്തമാകുന്നത്.

പുടിനും കിമ്മും ചൈനയുമായി നല്ല ബന്ധത്തിലായിരുന്നു. അതിനാല്‍ ഈ രണ്ട് ഭരണകൂടങ്ങള്‍ക്ക് വ്യാപാരത്തിന്റെയും സ്വാധീനത്തിന്റെയും സുപ്രധാന ഉറവിടമായ ബീജിംഗിനെ പ്രകോപിപ്പിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. കിമ്മുമായുള്ള തന്റെ ഉറച്ച സൗഹൃദത്തെ പുടിന്‍ വാഴ്ത്തുമ്പോഴും അതിന് ഒരു പരിധിയുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം. ആ പരിധി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ്.

ബെയ്ജിംഗ് നിരീക്ഷിക്കുന്നു

തന്റെ രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള വളര്‍ന്നുവരുന്ന സഖ്യത്തെ മിസ്റ്റര്‍ ഷി അംഗീകരിക്കാത്ത ചില സൂചനകളും ഉണ്ട്. കാരണം മെയ് മാസത്തില്‍ പ്രസിഡന്റ് ഷിയെ കണ്ടതിന് ശേഷം പ്യോങ്യാങ് സന്ദര്‍ശിക്കരുതെന്ന് ബീജിംഗ് പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാരണം ആ സന്ദര്‍ശനത്തില്‍ ഉത്തരകൊറിയയുടെ ഒപ്റ്റിക്സ് ഉള്‍പ്പെടുത്തിയത് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. മോസ്‌കോയ്ക്കുള്ള പിന്തുണ വെട്ടിക്കുറയ്ക്കാനും ഉക്രെയ്‌നിലെ യുദ്ധത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്താനും മിസ്റ്റര്‍ ഷി ഇതിനകം യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും ഗണ്യമായ സമ്മര്‍ദ്ദത്തിലാണ്.

ഈ മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ലോകത്തിന് ചൈനീസ് വിപണി ആവശ്യമുള്ളതുപോലെ, മന്ദഗതിയിലുള്ള വളര്‍ച്ചയെ ചെറുക്കാനും ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം നിലനിര്‍ത്താനും ബീജിംഗിന് വിദേശ വിനോദസഞ്ചാരികളും നിക്ഷേപവും ആവശ്യമാണ്. അതുകൊണ്ടു തന്നെ എന്തും എടുത്തുചാടി ചൈന തീരുമാനിക്കില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് തായ്ലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. അവരുടെ പാണ്ടകളെ വീണ്ടും വിദേശ മൃഗശാലകളിലേക്ക് അയയ്ക്കുന്നു.

ഒരു വലിയ ആഗോള പങ്ക് ഏറ്റെടുക്കാനും യുഎസിനെ വെല്ലുവിളിക്കാനും ആഗ്രഹിക്കുന്ന ചൈനയുടെ നേതാവിന് ഒരുപാട് മുന്‍ ധാരണകളും തന്ത്രങ്ങളും ഉണ്ട്. അദ്ദേഹം ഒരു പരിഹാസനാകാനോ പാശ്ചാത്യരുടെ പുതിയ സമ്മര്‍ദ്ദം നേരിടാനോ ആഗ്രഹിക്കുന്നില്ല. പ്യോങ്യാങ്ങിന്റെ ആയുധ പരീക്ഷണങ്ങള്‍ ജപ്പാനെയും ദക്ഷിണ കൊറിയയെയും തങ്ങളുടെ കയ്‌പേറിയ ചരിത്രം മാറ്റിവെച്ച് യുഎസുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെടാന്‍ സഹായിച്ചു. കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍ പസഫിക് സമുദ്രത്തില്‍ നിരീക്ഷണം നടത്തുമ്പോള്‍ കിഴക്കന്‍ ഏഷ്യന്‍ നാറ്റോയെക്കുറിച്ചുള്ള മിസ്റ്റര്‍ ഷീയുടെ ഭയത്തിന് ആക്കം കൂട്ടുന്നു. അതുകൊണ്ടു തന്നെ പുതിയ കൂട്ടുകെട്ട് ഷീ വളരെയധികം ശ്രദ്ധയോടെ മാത്രമെ കൈകാര്യം ചെയ്യുകയുള്ളു.

എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുതിയ സൗഹൃദത്തെ ശ്രദ്ധയോടെ നീരിക്ഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കുടുതല്‍ നിരീക്ഷണങ്ങളും തന്ത്രപ്രധാന നീക്കങ്ങളും ഈ രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷാം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam