ജൂൺ നാലിന് ശേഷം ഇന്ത്യയിൽ ഒരു ഭരണമാറ്റമുണ്ടാകുമോ? ഇന്ത്യക്കാർ മാത്രമല്ല ലോകം മുഴുവൻ ഉറ്റുനോക്കുന്ന കാര്യമാണിത്. ഏപ്രിൽ 19 മുതലാരംഭിച്ച് ഏഴ് ഘട്ടങ്ങളായി നടന്ന പതിനെട്ടാം ലോക സഭാ തെരഞ്ഞെടുപ്പ് തുടങ്ങുമ്പോഴും അധികമാർക്കും അക്കാര്യത്തിൽ വലിയ സംശയമൊന്നുമില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ദേശീയ മുന്നണി വൻ ഭൂരിപക്ഷത്തോടെ ഹാട്രിക് തികയ്ക്കുമെന്ന് തന്നെ പൊതുവേ കരുതപ്പെട്ടു. 'ഇക്കുറി നാനൂറ് കടക്കും' (ഇസ് ബാർ ചാർ സൗ പാർ) എന്ന് മോദി ആത്മവിശ്വാസപൂർവം ആവർത്തിച്ചു. മിക്കവാറുമെല്ലാ മാധ്യമ സർവേകളും ഇത് അംഗീകരിക്കുകയും ചെയ്തു.
ഈ ഉറച്ച വിശ്വാസത്തിൽ വീണ ആദ്യ നിഴൽ ഏപ്രിൽ രണ്ടാം വാരം പുറത്തുവന്ന ദില്ലിയിലെ പരക്കെ ആദരിക്കപ്പെടുന്ന ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ദ സ്റ്റഡീസ് ഓഫ് ഡെവെലപ്പിംഗ് സൊസൈറ്റീസിന്റെ (സി.എസ്.ഡി.എസ്) തെരഞ്ഞെടുപ്പ് സർവെ ആണ്. രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനം ഹിന്ദുത്വ വികാരമോ പുതിയ രാമക്ഷേത്രമോ അല്ലെന്നും ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഉപജീവനസംബന്ധിയായ വിഷയങ്ങളാണെന്നും ആയിരുന്നു ആ സർവേയുടെ കണ്ടെത്തൽ.
അതേസമയം ജനപ്രിയതയിൽ മോദിയെ വെല്ലാൻ ആരുമില്ലെന്നും ജയിക്കുന്നത് ബി.ജെ.പി തന്നെയാകുമെന്നുമായിരുന്നു സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും നിലപാട്. ഇന്ത്യ കണ്ട ഏറ്റവും ഭീമാകാരമായ അഴിമതി എന്ന് കരുതാവുന്ന ഇലക്ട്രൽ ബോണ്ട് വിഷയമൊന്നും ബി.ജെ.പിയെ കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തുറുങ്കിലാക്കിയത് മാത്രമേ മോദിക്ക് അല്പം മങ്ങലേൽപ്പിച്ചുള്ളൂ.
പക്ഷേ വോട്ടെടുപ്പ് ആരംഭിച്ചതോടെ അമ്പരപ്പിക്കുന്ന വിധം സംഗതികൾ മാറിമാറിയാനാരംഭിച്ചു. അതിന്റെ ആദ്യ സൂചന പോളിങ്ങിൽ കണ്ട വലിയ ഇടിവാണ്. ഓരോ ഘട്ടം പിന്നിടുമ്പോഴും ഈ പ്രവണത ആവർത്തിച്ചു. ഇത് തങ്ങൾക്കനുകൂലമാണെന്ന് എല്ലാ കക്ഷികളും ഒരുപോലെ അവകാശപ്പെട്ടു. മോദിതരംഗം ദൃശ്യമല്ലെന്ന് ഇന്ത്യാ മുന്നണി പറഞ്ഞപ്പോൾ ഭരണവിരുദ്ധ തരംഗമില്ലെന്നതിന്റെ തെളിവാണിതെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചു. പോളിങ് ഇടിവ് ഏതെങ്കിലും പാർട്ടിയ്ക്ക് അനുകൂലമോ പ്രതികൂലമോ ആകുമെന്നതിന് ചരിത്രത്തിൽ തെളിവൊന്നും ഇല്ലെങ്കിലും തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് തരംഗങ്ങൾ ഒന്നുമില്ലെന്നതിന്റെ സൂചനയാകാമിതെന്ന് വിദഗ്ധർ കണ്ടു.
ഇതുവരെ ഇന്ത്യയിൽ നടന്ന 17 ലോകസഭാ തെരെഞ്ഞെടുപ്പുകളിൽ പത്ത് പ്രാവശ്യം പോളിങ് ശതമാനം വർദ്ധിക്കുകയും ആറുതവണ കുറയുകയും ചെയ്തിട്ടുണ്ട്. കൂടിയ പത്ത് തവണയിൽ ആറ് തവണ ഭരണകക്ഷിയും നാല് തവണ പ്രതിപക്ഷവും ജയിച്ചിട്ടുണ്ട്. പോളിങ് കുറഞ്ഞ ആറ് തവണയിലും നാല് തവണ വിജയം വരിച്ചത് ഭരണകക്ഷി. പ്രതിപക്ഷം ഭൂരിപക്ഷം നേടിയത് രണ്ട് കുറി മാത്രം. അതേ സമയം പോളിങ് ഇടിവ് സ്വന്തം അണികളെ അമിതവിശ്വാസം കൊണ്ടുള്ള ആലസ്യം ബാധിച്ചുവോ എന്ന സംശയം ബി.ജെ.പിയിൽ തന്നെ ഉയർത്താതിരുന്നില്ല. ബി.ജെ.പി നേതാവും മാധ്യമപ്രവർത്തകനുമായ സ്വപൻ ദാസ് ഗുപ്ത പരസ്യമായി തന്നെ ഇത് പ്രകടിപ്പിച്ചു.
പോളിങ് ഇടിവിന് പിന്നാലെ മറ്റൊരു വലിയ മാറ്റവും പ്രത്യക്ഷപ്പെട്ടു. മോദിയുടെ പ്രചാരണശൈലിയിൽ അതോടെ വന്ന പ്രകടമായ വ്യത്യാസം. മതവും വർഗീയതയും ആവശ്യം പോലെ മോദി ഉപയോഗിക്കാറുണ്ടെങ്കിലും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നഗ്‌നമായ മുസ്ലിം വിരോധം പത്തി വിടർത്താനാരംഭിച്ചു. അന്നുവരെ ഇന്ത്യയെ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കുന്നതിനെപ്പറ്റിയും 'മോദിയുടെ ഗാരണ്ടി', പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ മുതലായ വികസനവിഷയങ്ങൾ ഉന്നയിച്ചിരുന്ന പ്രസംഗങ്ങളിൽ നിന്ന് അതൊക്കെ അപ്രത്യക്ഷമായി.
പകരം കടുത്ത വർഗീയവികാരം വമിക്കുന്ന പരാമർശങ്ങൾ നിറഞ്ഞു. വികസനം വികാരങ്ങൾക്ക് വഴിമാറി. കോൺഗ്രസ്സ് അധികാരമേറിയാൽ സ്ത്രീകളുടെ താലിമാല വരെ പിടിച്ച് പറിച്ച് നുഴഞ്ഞുകയറ്റക്കാരായ മുസ്ലീങ്ങൾക്ക് നൽകുമെന്നും മറ്റും തട്ടിവിടാൻ അദ്ദേഹം മടിച്ചില്ല. സ്വന്തം പൗരന്മാർക്കെതിരെ ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് വരെ ഇന്ത്യയിൽ കേട്ടിട്ടില്ലാത്ത തരം വിദ്വേഷം. അടുത്ത ഘട്ടമായപ്പോൾ താൻ 'ദൈവപുത്രൻ' ആണെന്ന് വരെ മോദി അവകാശപ്പെട്ടു.
സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അങ്കലാപ്പ് ആണിതിന്റെ പിന്നിലെന്ന് പരക്കെ കരുതപ്പെട്ടു. 2013ൽ ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വർഗ്ഗീയധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് അറുപത് പേരുടെ മരണത്തിനിടയാക്കിയ ഹിന്ദുമുസ്ലീം ലഹള സംഘടിപ്പിക്കപ്പെട്ടത് പലരും ഓർത്തു. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിനുമുമ്പ് അത്ര ഭദ്രമല്ലാതിരുന്ന ബി.ജെ.പിയുടെ സ്ഥിതി ശക്തമാക്കിത്തീർത്തത് തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ജമ്മുകാശ്മീരിലെ പുൽവാമ സംഭവമായിരുന്നുവെന്നതും മറക്കാനാവുമായിരുന്നില്ല. നാൽപത് സി.ആർ.പി ജവാന്മാരെ കൊലചെയ്ത ഭീകര ആക്രമണം ഉയർത്തിയ ദേശീയവികാരം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ ചെയ്ത ഗുണം നിസാരമല്ല.
മോദിക്ക് അനുകൂലമോ പ്രതികൂലമോ ആയ തരംഗങ്ങൾ ഇല്ലെന്ന് കണ്ടെത്തിയ വിദഗ്ധർ പുതിയ പ്രവചനങ്ങൾ അവതരിപ്പിക്കാൻ ആരംഭിച്ചു. പല കാര്യങ്ങളിലും ഈ വിദഗ്ധർ പരസ്പരം ഭിന്നസ്വരം പുലർത്തിയെങ്കിലും രണ്ട് കാര്യങ്ങളിൽ അവർ ഏറെപ്പേരും യോജിച്ചു. 1. മോദി അവകാശപ്പെടുന്ന നാനൂറ് സീറ്റ് തീരെ അസാധ്യം. 2. കഴിഞ്ഞ കുറി എൻ.ഡി.എയ്ക്ക് ലഭിച്ച 353 സീറ്റ് (ബി.ജെ.പിക്ക് മാത്രം 303) കിട്ടിയില്ലെങ്കിലും മോദി വീണ്ടും അധികാരത്തിൽ വരും.
ഈ വിദഗ്ധരിൽ ഏറ്റവും ശ്രദ്ധ നേടിയത് രണ്ട് പേരാണ്. പ്രശാന്ത് കിഷോറും യോഗേന്ദ്ര യാദവും. കിഷോർ ബി.ജെ.പി വീണ്ടും കേവല ഭൂരിപക്ഷത്തോടെ അധികാരമേറുമെന്ന് പറയുമ്പോൾ യാദവിന്റെ പക്ഷം ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കിട്ടില്ലെന്നാണ്. അതേ സമയം സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞേക്കുമെന്നും യാദവ് കരുതുന്നു. പക്ഷേ അധികാരമേറാനുള്ള ഇന്ത്യാ മുന്നണിയുടെ സാധ്യതകളും അദ്ദേഹം തള്ളിക്കളയുന്നില്ല.
ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ നടക്കുന്ന പൊതുജനാരോഗ്യപദ്ധതികളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന 47 കാരനായ പ്രശാന്ത് കിഷോർ പാണ്ഡേ എന്ന ബീഹാറുകാരൻ അത് വിട്ട് രാഷ്ട്രീയത്തിലിറങ്ങിയത് 2011ലാണ്. നരേന്ദ്ര മോദി മൂന്നാമതും ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്ന വേളയിൽ അദ്ദേഹത്തിന്റെ സഹായിയായാണ് കിഷോറിന്റെ രാഷ്ട്രീയപ്രവേശം. 2014ലെ ലോകസഭതെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിപദത്തിലേറിയ മോദിയുടെ തന്ത്രങ്ങൾ മെനയുന്നതിൽ പ്രധാനിയായിരുന്നു അദ്ദേഹം. അടുത്ത കൊല്ലം ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉപദേശകനായി അദ്ദേഹത്തിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചു. അടുത്ത വർഷം കിഷോർ കോൺഗ്രസ്സിന്റെ ആളായി ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുക്കാൻ പിടിച്ചു. പക്ഷേ ഫലം കോൺഗ്രസ്സിന് അനുകൂലമായില്ല.
തുടർന്ന് വിവിധസംസ്ഥാനങ്ങളിൽ വിവിധ പാർട്ടികൾ കിഷോറിനെ തെരഞ്ഞെടുപ്പ് ഉപദേശിയാക്കി. പഞ്ചാബിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡി, ദില്ലിയിൽ കേജ്രിവാൾ, ബംഗാളിലെ മമത ബാനർജി, തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിൻ തുടങ്ങിയവരൊക്കെ ഇതിൽപ്പെട്ടു. ഈയിടെയായി തെരഞ്ഞെടുപ്പ് തന്ത്രം മെനയാൻ കോൺഗ്രസ്സ് ആശ്രയിക്കുന്ന സുനിൽ കനഗോലുവിന് മുമ്പ് കിഷോറിനെക്കാൾ ഡിമാന്റ് ഉള്ള മറ്റൊരു തന്ത്രജ്ഞൻ ഉണ്ടായിരുന്നില്ല. 2022ൽ ജൻ സുരാജ് എന്ന സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ കിഷോർ 2025ൽ ബീഹാർ നിയമസഭയിലേക്ക് മൽസരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതുകൊണ്ട് കിഷോറിന്റെ രാഷ്ട്രീയ നിഗമനങ്ങൾക്കും പ്രവചനങ്ങൾക്കും വലിയ സമ്മതിയുണ്ട്. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ അഭിമുഖങ്ങൾക്കായി പരക്കം പായുന്നു. വോട്ടെടുപ്പ് ആറാം ഘട്ടം കഴിഞ്ഞപ്പോൾ കിഷോർ തന്റെ പ്രവചനങ്ങൾ അവതരിപ്പിച്ചു. അതനുസരിച്ച് 2019ലെ ഫലത്തിൽ നിന്ന് വലിയ മാറ്റമൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പ്രധാന നിഗമനം. അതായത് ബി.ജെ.പി 300ലേറെ സീറ്റുമായി കേവല ഭൂരിപക്ഷം നേടുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം നിസംശയം പ്രഖ്യാപിച്ചു.
അതേ സമയം മഹാരാഷ്ട്രയിലും ഹരിയാനയിലും ഏതാനും സീറ്റ് കുറയുമെന്ന് സമ്മതിക്കുന്നുണ്ട്. പക്ഷേ ആ കുറവ് അവർ നികത്താൻ പോകുന്നത് കേരളമടക്കം തെക്കേ ഇന്ത്യയിൽ നിന്നും ഒഡീഷ, ബംഗാൾ എന്നിവയുൾപ്പെടുന്ന കിഴക്കേ ഇന്ത്യയിൽ നിന്നും ആണത്രേ. തീർച്ചയായും മോദിയോട് വലിയ വിരോധമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രഭാവം നന്നായികുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.എന്നാൽ അത് മുതലെടുക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നാണ് കിഷോറിന്റെ നിഗമനം.
അറുപതുകാരനായ യോഗേന്ദ്ര യാദവ് തെരഞ്ഞെടുപ്പ് പ്രവചന വിദഗ്ദ്ധനും പഞ്ചാബ് സർവകലാശാലയിലെ മുൻ രാഷ്ട്രമീമാംസ പ്രൊഫസറുമാണ്. സി.എസ്.ഡി.എസ് സ്ഥാപകരിൽ ഒരാളായ യാദവ് 2011ൽ ആംആദ്മി പാർട്ടിയിൽ ചേരുകയും 2014ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് തോൽക്കുകയും ചെയ്തു. 2015ൽ കേജ്രിവാളിന്റെ 'സ്വേച്ഛാധിപത്യത്തിൽ' പ്രതിഷേധിച്ച യാദവ് എ.എ.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് 'സ്വരാജ് ' എന്ന സംഘടന രൂപീകരിച്ച യാദവ് കർഷകപ്രക്ഷോഭത്തിന്റെ നേതൃത്വത്തിൽ വരികയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും ചെയ്തു.
യാദവിന്റെ നിഗമനപ്രകാരം ഇക്കുറി ബി.ജെ.പിക്ക് ഒറ്റയ്ക്ക് 270 സീറ്റ് തികയില്ല. തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കർണാടകത്തിലും മഹാരാഷ്ട്രയിലും ബീഹാറിലും ഹരിയാണയിലും ബി.ജെ.പിക്ക് വലിയ തോതിൽ സീറ്റ് കുറയുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം കേരളത്തിലും പുതുച്ചേരിയിലും ഓരോ സീറ്റും തമിഴ്‌നാട്ടിൽ എൻ.ഡി.എ സഖ്യകക്ഷിക്കും കിട്ടിയേക്കുമെന്നും യാദവ്.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. 2024ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴുള്ള ശക്തി ബി.ജെ.പിക്ക് ചോർന്നിരിക്കുന്നു. കേവലഭൂരിപക്ഷത്തിന് സീറ്റ് കുറഞ്ഞാൽ മോദിയുടെ ബി.ജെ.പിയിലെയും എൻ.ഡി.എയിലും ഉള്ള അപ്രമാദിത്വം തന്നെ അവസാനിച്ചേക്കും. ബി.ജെ.പിയേക്കാളും മാത്രമല്ല സംഘപരിവാറിനേക്കാളും താൻ വലുതാണെന്ന മോദിയുടെ അവകാശവാദങ്ങൾ വ്യക്തി എന്നും സംഘടനയ്ക്ക് കീഴ്‌പ്പെടണമെന്ന് വിശ്വസിക്കുന്ന ആർ.എസ്.എസ്സിന് ഒട്ടും രുചിക്കുന്നതല്ല.
75 വയസ്സ് കഴിഞ്ഞാൽ അധികാരക്കസേരയിൽ ഇരിക്കരുതെന്ന് ആർ.എസ്.എസ് നിയമം നടപ്പായാൽ മോദി അടുത്ത തവണ പ്രധാനമന്ത്രി ആകില്ലെന്ന് കേജ്രിവാൾ പറയുന്നത് ഇതുകൂടി കണ്ടാണ്. ഇക്കുറി പോളിങ് കുറഞ്ഞതിന്റെ പിന്നിൽ ആർ.എസ്.എസ്സിന്റെ പ്രതിഷേധമാണോ എന്ന് ചോദിച്ചപ്പോൾ ആർ.എസ്.എസ്സിന്റെ സഹായമില്ലാതെ തന്നെ ജയിക്കാൻ തങ്ങൾ ഇന്ന് പ്രാപ്തരാണെന്ന ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വിവാദപ്രഖ്യാപനം സംഘപരിവാറിനുള്ളിലെ സംഘർഷങ്ങളുടെ സൂചനയാണ്.
ആർ.എസ്.എസ്സിൽ ഒരു വിഭാഗം യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അടുത്ത പ്രധാനമന്ത്രി ആയി ആലോചിച്ചു തുടങ്ങിയെന്നാണ് വൃത്താന്തം. അപ്പോൾ വ്യക്തമാകുന്നത് ബി.ജെ.പി ജയിച്ചാലും സംഘപാരിവാറിൽ അരങ്ങേറാൻ പോകുന്ന അധികാര മൽസരങ്ങൾ നിസാരമാകില്ല. മോദിയുടെ കലാശയുദ്ധം സംഘപരിവാറിനുള്ളിലാകുമോ?
എം.ജി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1