കേരളത്തിലെ ജനങ്ങള്‍ ഇടത് മുന്നണിയോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്. കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് തീര്‍ത്തും അപ്രസക്തമാകുന്ന കാഴ്ചയ്ക്കും ഈ തിരഞ്ഞെടുപ്പില്‍ നാം സാക്ഷിയായി. ഒരു കാലത്ത് യുഡിഎഫിലെ പ്രാമാണ്യമുള്ള കക്ഷി ആയിരുന്നു മാണി കോണ്‍ഗ്രസ് എന്നതും എടുത്ത് പറയേണ്ടതുണ്ട്.
കൂടാതെ മാണി കോണ്‍ഗ്രസിലെ അപ്രമാദിത്വം അവസാനിച്ചിരിക്കുന്നു എന്ന് വേണം ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ അനുമാനിക്കാന്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്വന്തം തട്ടകമായ പാലയില്‍ ജോസ് കെ. മാണി രണ്ടാമതും പരാജയപ്പെട്ടു. മാണി സി. കാപ്പനാണ് ഇവിടെ ജോസിനെ തോല്‍പ്പിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി ഷോണ്‍ ജോര്‍ജായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്. പാര്‍ട്ടിയിലെ രണ്ടാമനും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിനും വീണു. കാഞ്ഞിരപ്പള്ളിയില്‍ മുതിര്‍ന്ന നേതാവ് എന്‍. ജയരാജിനെ കോണ്‍ഗ്രസിന്റെ റോണി കെ ബേബി മൂവായിരത്തിലേറെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കലും പരാജയപ്പെട്ടു.
പി.ജെ ജോസഫുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് വിടുകയും പിന്നീട് ഇടതുമുന്നണിയിലെത്തുകയും ചെയ്ത കേരള കോണ്‍ഗ്രസ്(എം) 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടിക്കൊടുത്തിരുന്നു. 2021 ല്‍ പന്ത്രണ്ട് സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റില്‍ വിജയിച്ചു. 2016 ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴും പാര്‍ട്ടി അഞ്ച് സീറ്റിലാണ് വിജയിച്ചത്. ഇക്കുറി മത്സരിച്ച പന്ത്രണ്ട് മണ്ഡലങ്ങളിലും മാണി കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയര്‍ന്ന് കേട്ട മുന്നണി മാറ്റ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് കേരള കോണ്‍ഗ്രസിനെ ഇടത് പക്ഷത്ത് തന്നെ ചേര്‍ത്ത് നിര്‍ത്തിയ ജോസ് കെ. മാണിയും കൂട്ടരും അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണ് നേരിടുന്നത്. അതേസമയം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കരുത്താര്‍ജ്ജിക്കുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പില്‍ നാം കണ്ടു. ഏഴ് മണ്ഡലങ്ങളില്‍ വിജയം നേടാന്‍ ജോസഫ് ഗ്രൂപ്പിനായി.
കേരള കോണ്‍ഗ്രസ് 1964 ലാണ് രൂപീകൃതമായത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ 26 സീറ്റില്‍ ജയിച്ച പാര്‍ട്ടിയായിരുന്നു അത്. അന്ന് കോണ്‍ഗ്രസിന് പോലും കിട്ടിയത് 40 സീറ്റായിരുന്നു. ഇടതുപക്ഷത്തിന് 36 സീറ്റും. അത്രയും ശക്തിയുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് 62 വര്‍ഷങ്ങള്‍ക്കിപ്പുറം പിളര്‍ന്ന് പിളര്‍ന്ന് നാല് വിഭാഗങ്ങള്‍ വരെയുണ്ടായിട്ടും സീറ്റെണ്ണം രണ്ടക്കം പോലും കടക്കാനായില്ല.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാര്യമായ നേട്ടമുണ്ടാക്കി മത്സരിച്ച എട്ടില്‍ ഏഴിലും ജയിച്ചെങ്കിലും മാണി വിഭാഗം മത്സരിച്ച 12 സീറ്റിലും തോറ്റു. ജോസ് കെ. മാണിയുടെ രാഷ്ട്രീയ അന്ത്യം കുറിക്കുന്നതാണോ ഈ തിരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറാന്‍ ഇനിയും കേരള കോണ്‍ഗ്രസിനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
