ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ശക്തമായ ആക്രമണം ഏഴ് മാസം പിന്നിട്ടിട്ടും ഹമാസിനെ കീഴ്പ്പെടുത്താന്‍ സാധിക്കാത്തത് പലവിധ ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നു. ശക്തിയിലും തന്ത്രത്തിലും കൗശലമുള്ളവര്‍ എന്ന് കരുതുന്ന ഇസ്രായേല്‍ സൈന്യത്തിന് ചെറിയ പ്രദേശത്ത് മാത്രമുള്ള എണ്ണത്തില്‍ വളരെ കുറഞ്ഞ സംഘമായ ഹമാസിനെ പരാജയപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം വീണ്ടും ആക്രമണത്തിന് തയ്യാറാകുന്നു എന്നതാണ് പുതിയ വിവരം. ഹമാസിനെ പൂര്‍ണമായി തുരത്തിയെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ട സ്ഥലമാണ് വടക്കന്‍ ഗാസ. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. യുദ്ധം ആരംഭിച്ച ഒക്ടോബറില്‍ നശീകരണ ബോംബുകള്‍ ഉപയോഗിച്ച മേഖല കൂടിയാണിത്. ഈ മേഖലയില്‍ ഹമാസ് വീണ്ടും സംഘടിക്കുന്നു എന്ന വിവരമാണ് ഇസ്രായേല്‍ സൈന്യം തിരിച്ചെത്താന്‍ കാരണം. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാന്‍ ഇസ്രായേല്‍ സൈന്യത്തിന് സാധിക്കില്ല എന്ന പ്രചാരണത്തിന് ഈ നീക്കം ഇടയാക്കിയിട്ടുണ്ട്.
ഇസ്രായേലിന് സമ്പൂര്‍ണ വിജയം നേടാനാകുമോ എന്ന് സംശയമാണെന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി കര്‍ട്ട് കാംബല്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. വടക്കന്‍ ഗാസയില്‍ നിന്ന് പലസ്ഥീന്‍കാര്‍ പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടുണ്ട്. ഇവര്‍ ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ ഗാസയിലെ റാഫയിലാണ് തമ്പടിച്ചിട്ടുള്ളത്. റാഫയില്‍ ഹമാസ് നേതാക്കളുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു. ഇവിടെ ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രായേല്‍. മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പാലസ്തീന്‍കാരോട് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു.
2007 മുതല്‍ ഗാസ ഭരിക്കുന്നത് ഹമാസാണ്. 20 ലക്ഷത്തിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. അന്ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയായിരുന്നു. ഇതോടെയാണ് ഇസ്രായേല്‍ ഗാസക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതും ഗാസ ഒറ്റപ്പെട്ടതും. ഹമാസ് നേതാവ് യഹിയ സിന്‍വാറിനെ പിടികൂടുക, ഹമാസിനെ ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ നീങ്ങുന്നത്. ഏഴ് മാസം പിന്നിട്ടിട്ടും രണ്ടും സാധിച്ചിട്ടില്ല.
ഗാസയില്‍ എന്താണ് ഇസ്രായേല്‍ ചെയ്യാന്‍ പോകുന്നത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ഇസ്രായേല്‍ ഭരണകൂടത്തിനില്ല. 35000 ത്തിലധികം പാലസ്തീന്‍കാര്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടു. എങ്കിലും ഹമാസിന് വലിയ പിന്തുണ പാലസ്തീന്‍കാര്‍ നല്‍കുന്നതാണ് ഇസ്രായേലിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇസ്രായേല്‍ വിജയം കാണുമോ എന്ന കാര്യത്തില്‍ മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ മൈക്കല്‍ മില്‍സ്‌റ്റൈന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
നെതന്യാഹു സര്‍ക്കാര്‍ കൃത്യമായ പദ്ധതിയില്ലാതെയാണ് ആക്രമണം നടത്തുന്നത് എന്ന ആക്ഷേപവും ഉണ്ട്. മാത്രമല്ല ഹമാസ് തടവിലാക്കിയവരുടെ ബന്ധുക്കള്‍ ഇസ്രായേലില്‍ പ്രതിഷേധം തുടരുകയുമാണ്. ഇസ്രായേലിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും പ്രതിഷേധം നടക്കുന്നുണ്ട്. റാഫയില്‍ ആക്രമണം നടത്തരുത് എന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇസ്രായേല്‍ നീക്കത്തെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ട്.
റാഫയിലെ സൈനിക നീക്കം സമാധാന ചര്‍ച്ചകളെ ബാധിച്ചുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നുു. ഖത്തറും ഈജിപ്തും മുന്നോട്ടുവച്ച ഉപാധികള്‍ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായേല്‍ ആക്രമണം തുടരുന്നത് മധ്യസ്ഥരെ മടുപ്പിക്കുന്നുണ്ട്. ഹമാസിനെ ഒഴിവാക്കി ഗാസയിലെ മറ്റു സിവില്‍ സൊസൈറ്റി വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ഭരണം കൈമാറാന്‍ ഇസ്രായേല്‍ ആലോചിച്ചിരുന്നു. ഹമാസിന് ശക്തമായ സ്വാധീനമുള്ളതിനാല്‍ ഈ പദ്ധതി വിജയിക്കില്ലെന്ന് മില്‍സ്‌റ്റൈന്‍ പറയുന്നു.
അതേസമയം 14000 ഹമാസ് പോരാളികളെ കൊലപ്പെടുത്തി എന്നാണ് നെതന്യാഹു പറയുന്നത്. എന്നാല്‍ ഇക്കാര്യം ഹമാസ് നിഷേധിക്കുന്നു. ഇസ്രായേല്‍ സൈന്യത്തിന് കടുത്ത പ്രഹരമേല്‍പ്പിക്കുന്നുണ്ട് എന്നാണ് ഹമാസിന്റെ വാദം. യുദ്ധം നീണ്ടുപോകുന്നത് പശ്ചിമേഷ്യയിലെ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ അവതാളത്തിലാക്കും. അതുകൊണ്ടുതന്നെ വേഗത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. എന്നാല്‍ യുദ്ധമെന്ന് തീരുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1