കായിക രംഗത്ത് കാലുറപ്പിക്കാന്‍ സൗദി അറേബ്യ. അതിന്റെ ഭാഗമായി ഫിഫ ലോകകപ്പ് പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ചിരിക്കുകയാണ് സൗദി കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-ഫൈസല്‍. സൗദി അറേബ്യയുടെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര കായികരംഗത്ത് രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നതായാണ് വിവരം.
2034 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് ഫിഫ സംഘം സൗദി അറേബ്യയില്‍ എത്തിയത്. പ്രാദേശിക തലത്തിലും ആഗോള തലത്തിലും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യയും ഫിഫയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതയും യോഗത്തില്‍ ചര്‍ച്ചയായി.
അഞ്ച് ദിവസമത്തെ സന്ദര്‍ശനത്തിനാണ് ഫിഫ പ്രതിനിധി സംഘം സൗദിയില്‍ എത്തിയത്. എഎഫ്സി ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള മത്സരത്തിനും പ്രതിനിധി സംഘം സാക്ഷ്യം വഹിക്കും. കൂടാതെ അല്‍ ഹിലാല്‍, അല്‍ നാസര്‍, അല്‍ ഷബാബ് എന്നിവയുള്‍പ്പെടെയുള്ള സൗദിയിലെ പ്രധാന ഫുട്ബോള്‍ ക്ലബ്ബുകള്‍ സന്ദര്‍ശിക്കാനും പ്രതിനിധി സംഘം പദ്ധതിയിട്ടുണ്ട്.
ഇതിനൊപ്പം കിംഗ് സല്‍മാന്‍ സ്റ്റേഡിയം, ഖിദ്ദിയ വികസനം തുടങ്ങിയ പ്രധാന കായിക പദ്ധതികളുടെ സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും. റിയാദ്, ജിദ്ദ, ഖോബാര്‍, അബഹ, നിയോം എന്നീ അഞ്ച് നഗരങ്ങളിലായി ലോകകപ്പ് സംഘടിപ്പിക്കാനുള്ള പദ്ധതികളാണ് സൗദി അറേബ്യ തയ്യാറാക്കിയിരിക്കുന്നത്. 15 സ്റ്റേഡിയങ്ങളിലായിരിക്കും ലോകകപ്പ് മത്സരം നടക്കുക. നിലവില്‍ നാല് സ്റ്റേഡിയങ്ങള്‍ രാജ്യത്തുണ്ട്. ബാക്കി 11 എണ്ണം പുതുതായി നിര്‍മ്മിക്കും.
നിലവിലുള്ള നാല് സ്റ്റേഡിയങ്ങള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനായി നവീകരിക്കുകയും ചെയ്യും. 92000-ത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന കിംഗ് സല്‍മാന്‍ സ്റ്റേഡിയം ഉള്‍പ്പെടെ എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ആയിരിക്കും റിയാദില്‍ ഉണ്ടായിരിക്കുക. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരങ്ങള്‍ക്കും അവസാന മത്സരങ്ങള്‍ക്കും വേദിയാകുക ഇതായിരിക്കും.
സൗദി ദേശീയ ഫുട്ബോള്‍ ടീമിന്റെ പുതിയ ഹോം ഗ്രൗണ്ടായും കിംഗ് സല്‍മാന്‍ സ്റ്റേഡിയത്തെ മാറ്റും. കിംഗ് സല്‍മാന്‍ സ്റ്റേഡിയത്തിന് പുറമേ, ഖിദ്ദിയയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയവും ലോകോത്തര നിലവാരമുള്ളതായിരിക്കും. തുവൈഖ് പര്‍വതനിരയുടെ ത്രിതല രൂപകല്‍പ്പനയില്‍ അതിശയകരമായ വാസ്തുവിദ്യാ പ്രതിഫലിക്കുന്ന സ്റ്റേഡിയമായിരിക്കും ഇത്. 70,000-ലധികം കാണികളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ നവീകരിക്കുന്ന കിംഗ് ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, അല്‍-മുറബ്ബ സ്റ്റേഡിയം എന്നിവയാണ് റിയാദിലെ മറ്റ് പ്രധാന സ്റ്റേഡിയങ്ങള്‍.
ജിദ്ദയില്‍ പുതുതായി നിര്‍മ്മിച്ച സെന്‍ട്രല്‍ ജിദ്ദ സ്റ്റേഡിയം നഗരത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പരമ്പരാഗത തടി വാസ്തുവിദ്യയും പ്രതിഫലിക്കുന്നതായിരിക്കും. കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ തീരദേശ സ്റ്റേഡിയവും മറ്റൊരു ആകര്‍ഷണമാണ്. അറേബ്യന്‍ ഗള്‍ഫ് തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അരാംകോ സ്റ്റേഡിയം തീരദേശ ഭൂപ്രകൃതിയുമായി ഇണങ്ങുന്ന തരത്തിലാണ് ഒരുക്കുന്നത്.
2034 ലോകകപ്പിനായി അബഹയുടെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം സീറ്റിംഗ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. 350 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിയോമിന്റെ സ്റ്റേഡിയമാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വേദി. ഇവയെല്ലാം ഫിഫ പ്രതിനിധി സംഘം സന്ദര്‍ശിക്കും. ലോകകപ്പിനായുള്ള സൗദിയുടെ തയ്യാറെടുപ്പില്‍ ഫിഫ ഇതുവരേയും തൃപ്തരാണ് എന്നാണ് റിപ്പോര്‍ട്ട്.
2034 ഫിഫ ലോകകപ്പിനുള്ള ലേലത്തില്‍ സൗദി അറേബ്യ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോകകപ്പിനുള്ള ആതിഥേയ രാജ്യത്തെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് കായിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിനായാണ് ഫിഫയുടെ പ്രതിനിധി സംഘം റിയാദില്‍ എത്തിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1