കർണ്ണാടകയിൽ മോദി ഗ്യാരണ്ടി ബി.ജെ.പി നേതാക്കളിൽ പോലും ഏൽക്കുന്നില്ല

MARCH 21, 2024, 10:19 AM

എൻ.ഡി.എയുടെ പ്രധാന മുദ്രാവാക്യമായ മോദിയുടെ ഗ്യാരണ്ടിയെ ചെറുക്കാൻ കർണാടകത്തിലെ കോൺഗ്രസ് പത്ത് പുതിയ 'ഗ്യാരണ്ടി'കളുമായാണ് കളത്തിലിറങ്ങിയിരിക്കുന്നത്. പട്ടിക ജാതി പട്ടിക വർഗ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നിലവിലെ 50 ശതമാനമെന്ന സംവരണം ഉയർത്തുക അടക്കമുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഖെ മുന്നോട്ടുവെച്ചത്. ബി.ജെ.പി വിട്ട് കേൺഗ്രസിൽ ചേക്കേരുന്നവരുടെ എണ്ണവും ഇവിടെ കൂടിവരുന്നു.

ഇതാ കർണാടകയിൽ വീണ്ടും 'ഓപ്പറേഷൻ ഹസ്ത'യ്ക്ക് കളമൊരുക്കി കോൺഗ്രസ്. ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും പ്രമുഖരെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കം തുടങ്ങിയതായി കോൺഗ്രസ് നേതാക്കൾ തന്നെയാണ് സൂചന നൽകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കർണ്ണാടക ബി.ജെ.പിയിൽ വിചിത്രമായ ഓരോ പ്രതിസന്ധി അനുദിനം ഉരുണ്ടുകൂടുന്നത്. ബി.ജെ.പിയ്ക്ക് ശക്തമായ കെട്ടുറപ്പുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ മുതിർന്ന നേതാക്കൾ അത്ര സുഖത്തിലല്ല എന്നാണ് മറ്റൊരു വിശേഷം.

ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശരായ മുതിർന്ന ബി.ജെ.പി നേതാക്കൾ മുന്നണി വിട്ട് ഒന്നുകിൽ കോൺഗ്രസിൽ ചേരുകയോ അല്ലെങ്കിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന ഭീഷണി മുഴക്കുകയോ ചെയ്യുകയാണ്. കർണാടകയിലെ ഈ രണ്ട് സാഹചര്യങ്ങളും ബി.ജെ.പിയ്ക്ക് ഗുണകരമല്ല.

vachakam
vachakam
vachakam

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കർണാടക ഏറെ നിർണ്ണായകവുമാണ്. കാരണം ദക്ഷിണേന്ത്യയിൽ ബി.ജെ.പിയ്ക്ക് ശക്തമായ ജനസമ്മതി ഉള്ള സംസ്ഥാനമാണ് കർണാടക. 28 സീറ്റുകളുള്ള ഈ സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യം ബി.ജെ.പിയുടെ സ്വപ്‌നങ്ങൾക്ക് വെല്ലുവിളി ഉയർത്തും.

കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി എം.പിയുമായ ഡി.വി. സദാനന്ദ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന തരത്തിൽ സൂചനകൾ പുറത്തുവരുന്നുണ്ട്. അദ്ദേഹത്തെ കൂടാതെ പാർട്ടിയുടെ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയും സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങൾ കണ്ട് ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പയ്ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണിപ്പോൾ. സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പറയുന്ന മണ്ഡലം യെദ്യൂരപ്പയുടെ സ്വന്തം ജില്ലയായ ശിവമോഗയായതിനാലാണ് നേതാക്കൾക്ക് ടെൻഷൻ. ഈ പ്രദേശത്ത് പ്രധാനമന്ത്രി മോദി റാലിയും നടത്തിയിരുന്നു. ബി.ജെ.പിയുടെ തന്ത്ര പ്രധാനമായ സ്ഥലത്ത് പാർട്ടിയുടെ ഉൾകലഹം മറ നീക്കി പുറത്തു വരികയാണ്. ഇത് പാർട്ടിയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

vachakam
vachakam
vachakam

28 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ദേശീയ നേതൃത്വം തയ്യാറെടുക്കുന്ന അവസരത്തിലാണ് ഇത്തരം കലഹങ്ങൾ മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

സീറ്റ് ലഭിക്കാത്തതിൽ ബി.ജെ.പിയുടെ പല വലിയ നേതാക്കളും തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബി.ജെ.പിയുടെ പല മുതിർന്ന നേതാക്കളും സംസ്ഥാനത്ത് ജെ.ഡി.എസുമായുള്ള സഖ്യത്തിൽ തൃപ്തരല്ല. കാരണം സഖ്യം തങ്ങളുടെ സ്ഥാനാർഥിത്വത്തിന് തടസമാവുന്നു എന്നത് തന്നെയാണ് പ്രശ്‌നം. 75 കാരനായ ഈശ്വരപ്പയ്ക്ക് തന്റെ മകൻ കെ.ഇ.കോണ്ടേഷിന് ഹാവേരിയിൽ നിന്ന് ടിക്കറ്റ് നൽകണമെന്നാണ് ആഗ്രഹം. എന്നാൽ ബി.ജെ.പി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയാണ് ഇവിടെ പരിഗണിക്കുന്നത്. ഇത് മുൻ ബി.ജെ.പി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഈശ്വരപ്പയെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്.

അതേസമയം സീറ്റ് വിഭജനം വൈകുന്നതിൽ സഖ്യകക്ഷിയായ ജെ.ഡി.എസും അതൃപ്തി പ്രകടിപ്പിച്ചിരിയ്ക്കുകയാണ്. ബി.ജെ.പി പട്ടിക തയ്യാറാക്കുന്നതിന് മുൻപ് തങ്ങളെ വിശ്വാസത്തിലെടുത്തില്ല എന്നാണ് ഇപ്പോൾ ജെ.ഡി.എസ് നേതാക്കൾ പറയുന്നത്. എന്നാൽ, അതിനിടെ ബി.ജെ.പിയും ജെ.ഡി.എസും തമ്മിലുള്ള ബന്ധത്തിൽ ഭിന്നതകളില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ജനതാദൾ (സെക്കുലർ) നേതാവ് എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിരുന്നു.

vachakam
vachakam

ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ പ്രവേശന കവാടമായ കർണാടകയിൽ പാർട്ടി ഉൾ പാർട്ടി പ്രശ്‌നത്താൽ വലയുകയാണെന്ന് അങ്ങാടിപ്പാട്ടായതോടെ ബി.ജെ.പി ആകെ നാണക്കേടിലായിരിക്കുന്നു.   ബി.ജെ.പിയിൽ നടക്കുന്ന കലഹങ്ങൾ നിരീക്ഷിക്കുകയാണ് കോൺഗ്രസ്. അതിനാൽ തന്നെ സംസ്ഥാനം ഭരിയ്ക്കുന്ന കോൺഗ്രസ് പല മണ്ഡലങ്ങളിലും ഇതുവരെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. എന്ത് വില കൊടുത്തും കർണാടകയിൽ പാർട്ടിയ്ക്ക് ക്ഷീണം തട്ടാൻ ബി.ജെ.പി ദേശീയ നേതൃത്വം തയ്യാറുമല്ല.

എന്തായാലും പൊതു തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ നിരവധി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ തന്നെ മാധ്യമങ്ങളോട്  പറഞ്ഞുകഴിഞ്ഞു.
ജെ.ഡി.എസിൽനിന്ന് കോൺഗ്രസിൽനിന്നുമായി 17 എം.എൽ.എമാരായിരുന്നു ഇരു കക്ഷികളും ചേർന്നുള്ള സർക്കാരിനുള്ള പിന്തുണ 2019 ൽ പിൻവലിച്ചത്. ഇതിൽ 16 പേരും മറുകണ്ടം ചാടി. സ്പീക്കർ അയോഗ്യരാക്കിയെങ്കിലും സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ഇതിൽ 15 പേർ വീണ്ടും എം.എൽ.എമാരായി. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവരിൽ മിക്കവരും കനത്ത തോൽവി നേരിട്ടു. ഇതോടെയാണ് മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള ശ്രമം ഇവർ നടത്തിത്തുടങ്ങിയത്. കോൺഗ്രസ് നേതൃത്വവുമായും നേതാക്കളുമായും നിരന്തര സമ്പർക്കത്തിലാണ് ഇവർ. അധികം വൈകാതെ ഇവർ കൂട്ടത്തോടെ കോൺഗ്രസിൽ തിരിച്ചെത്തുമെന്ന സൂചനയാണ് അഭ്യൂഹങ്ങൾ തള്ളാതെ കോൺഗ്രസ് നേതാക്കൾ നൽകുന്നത്.

കോൺഗ്രസിന്റെ ആദർശങ്ങളും നേതൃത്വത്തെയും അംഗീകരിക്കുന്ന ആർക്കും ഏതു നിമിഷവും പാർട്ടിയിലേക്ക് കടന്നുവരാം, പക്ഷേ അവരെ മുൻ ബെഞ്ചിൽ ഇരുത്തണോയെന്ന കാര്യം പാർട്ടി ആലോചിക്കുമെന്നായിരുന്നു മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ ഡോ. ജി. പരമേശ്വരയുടെ പ്രതികരണം. അതേസമയം, ഓപ്പറേഷൻ ഹസ്ത പരാജയപ്പെടുമെന്നും ബി.ജെ.പിയിൽനിന്നാരും കോൺഗ്രസിൽ ചേക്കേറാനില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്രപന്തിയല്ലയെന്ന് എല്ലാവർക്കുമറിയാം. മോദി ഗ്യാരണ്ടികൊണ്ടോന്നും അവരെ തടയിടാനാകില്ലെന്നു ചുരുക്കം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവദി ഉൾപ്പടെ നിരവധി പേരായിരുന്നു ടിക്കറ്റ് നിഷേധത്തെത്തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിലെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28ൽ 20 സീറ്റുകളിലെ വിജയം സുനിശ്ചിതമെന്ന് ഹൈക്കമാൻഡിന് വാക്ക് നൽകിയിരിക്കുകയാണ് കെ.പി.സി.സി നേതൃത്വം. ഏറ്റവും യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കോൺഗ്രസ് സ്ഥാനാർഥി നിർണായ ചർച്ചകൾ ഏതാണ്ട് അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു. ബി.ജെ.പി തൂത്തുവാരിയ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമായിരുന്നു കർണാടകയിൽനിന്ന് കോൺഗ്രസിന് ലഭിച്ചത്.

ഇതിനിടെ കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ ഉടക്കിട്ട് സിനിമ താരം നടി സുമലത അംബരീഷ്. തന്റെ സിറ്റിങ്ങ് സീറ്റ് ജെ.ഡി.എസിന് കൈമാറാനാവില്ലെന്നാണ് സുമലതയുടെ നിലപാട്. അതവർ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി സുമലത ചർച്ച നടത്തി. മാണ്ഡ്യയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ചർച്ചയ്ക്കു ശേഷം സുമലത പറയുന്നുണ്ട്. എന്നാൽ മാണ്ഡ്യ സീറ്റ് സഖ്യകക്ഷിയായ ജെ.ഡി.എസിന് നൽകി മറ്റൊരു മണ്ഡലം നൽകാമെന്ന് അറിയിച്ചിട്ടും സുമലത തയാറായിട്ടില്ല.

കഴിഞ്ഞതവണ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായായിരുന്നു സുമലത മാണ്ഡ്യയിൽ മത്സരിച്ച് കയറിയത്. അന്ന് ജെ.ഡി.എസിന്റെ യുവജനവിഭാഗം സംസ്ഥാന അധ്യക്ഷൻ നിഖിൽ കുമാരസ്വാമിയെയാണ് പരാജയപ്പെടുത്തിയത്.

ഇതിനിടെ മോദി ഗ്യാരണ്ടിയ്ക്ക് ബദലായി 10 പുതിയ ഗ്യാരണ്ടികളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ടു വന്നിരിക്കുന്നു. പട്ടിക ജാതി പട്ടികവർഗ മറ്റുപിന്നോക്ക വിഭാഗങ്ങളുടെ നിലവിലെ 50 ശതമാനമെന്ന സംവരണം ഉയർത്തുക എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ്  ദേശീയാദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ മുന്നോട്ടുവച്ചിരിക്കുന്നു.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam