മൺസൂൺ കാലം പിന്മാറുന്നതിനു മുമ്പു തന്നെ കേരളം ചുട്ടുപൊള്ളിത്തുടങ്ങി. പകൽ സഹിക്കാനാവാത്ത നിലയിൽ താപനില ഉയരുന്നത് കടുത്ത വേനലിന്റെ അവസ്ഥ സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നു. തണുത്ത കാറ്റിനും ചാറ്റൽമഴയ്ക്കും പേരുകേട്ട മലയാളനാട് കൊടും ചൂടിൽ വിയർക്കുകയാണ്. രാത്രി താപനിലയും അനിയന്ത്രിതമായി ഉയരുന്നു. സംസ്ഥാനം നേരിടുന്ന ചൂടിന്റെ ചരിത്രം വളരെ പ്രകടമായിത്തന്നെ മാറിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1 .15 ഡിഗ്രി സെൽഷ്യസ് തോതിലാണ് കേരളത്തിൽ വർഷം തോറും ചൂടു കൂടിവരുന്നതെന്ന വിവരം ആശങ്ക ജനിപ്പിക്കുന്നു.
പ്രകൃതിയുടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി കേരളം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണം കൂടിയാണ്, മൺസൂൺ കാലത്തു പോലും ചൂട് അസാധാരണമാകുന്നത്. മഴ ഒഴിയും മുമ്പേ ചൂട് കനത്തിരിക്കുന്ന ഈ അവസ്ഥ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും കടുത്ത വൈദ്യുതി ക്ഷാമത്തിനും ഇടയാക്കുന്നതാണ്. പാലക്കാട്, കൊല്ലം, തൃശൂർ തുടങ്ങിയ ജില്ലകളിൽ താപനില റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്നു. പ്രവചനാതീതമായ ഈ കാലാവസ്ഥാ വ്യതിയാനം ഉയർത്തിയിരിക്കുന്ന ഭീഷണികൾ ചെറുതല്ല.
കേരളമുൾപ്പെടുന്ന മേഖല പൊതുവെ മിതമായ ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഇടമാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും കുറച്ചു ദശകങ്ങളായി ഇതിൽ കാതലായ മാറ്റങ്ങൾ സംഭവിക്കുന്നു. അന്തരീക്ഷ താപനിലയിൽ ഏതാനും ദിവസങ്ങളായി ശരാശരിയിൽ നിന്ന് രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസിലേറെ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. സ്ഥിതി ഇനിയും രൂക്ഷമായാൽ സൂര്യാഘാത സൂര്യാതപ ഭീഷണികളും നേരിടേണ്ടി വരും. പകൽ 11 മുതൽ 3 മണിവരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ് ഇപ്പോൾ തന്നെ നിലവിലുണ്ട്. അന്തരീക്ഷ മർദ്ദ വ്യതിയാനങ്ങളും ആഗോള താപനവുമാണ് ഈ കഠിനമായ ചൂടിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും കൃഷിക്കും ജലസ്രോതസുകൾക്കും ഒരുപോലെ സമ്മർദവും ആശങ്കയും ഒപ്പം ഭീഷണിയും സൃഷ്ടിക്കുന്ന കാലാവസ്ഥാ മാറ്റം കേരളത്തിന് ആപൽസൂചനയാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. തെക്കു പടിഞ്ഞാറൻ കാലവർഷമായ ഇടവപ്പാതി സെപ്തംബർ 30 വരെയാണ്. എന്നാൽ ചില ദിവസങ്ങളൊഴികെ കാര്യമായ രീതിയിൽ മഴയുണ്ടാകുമെന്ന് വിദഗ്ധ നിരീക്ഷകർ കരുതുന്നില്ല. കേരളത്തിന് കാലവർഷം ഇക്കുറി നിരാശയാണ് സമ്മാനിച്ചത്. ജൂൺ മുതൽ ഓഗസ്റ്റ് അവസാനം വരെ ശരാശരി 1,767. 9 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,367. 6 മില്ലീ മീറ്റർ മാത്രമാണ് ലഭിച്ചത്. എൽനിനോ പ്രതിഭാസം ശക്തിപ്പെടുന്നതാണ് മഴ കുറയുന്നതുൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമെന്നും വിദഗ്ധർ പറയുന്നു.
ജലസ്രോതസുകളുടെ നാശം, കുളങ്ങൾ, അരുവികൾ, നദികൾ, മറ്റ് ജലാശയങ്ങൾ എന്നിവയിലെ ജലവിതാനത്തിന്റെ കുറവ് എന്നിവ ഭൂഗർഭജലത്തെ ബാധിക്കും. മഴമാറും മുമ്പുതന്നെ ചില ഭാഗങ്ങളിൽ കുടിവെള്ള പ്രതിസന്ധിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് നിസാരമായി കാണാനാകില്ല. അന്തരീക്ഷ താപനില കൂടുന്നത് കള്ളക്കടൽ പ്രതിഭാസം, തീരശോഷണം, ജന്തുജാലങ്ങൾക്ക് ഭീഷണി തുടങ്ങി ആവാസവ്യവസ്ഥയിൽ പ്രതികൂലമായ വലിയ മാറ്റങ്ങൾക്ക് കാരണമാകും. അതേസമയം, എൽനിനോ പ്രതിഭാസത്തിനിടെ മഴക്കുറവുണ്ടാകുന്നതോടൊപ്പം അപ്രതീക്ഷിതമായി പൊടുന്നനെ തീവ്രമഴ രൂപപ്പെടുന്നതും മിന്നൽപ്രളയങ്ങളുണ്ടാവുന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഓഗസ്റ്റ് മാസം കേരളത്തിൽ പ്രളയസമാനമായ രീതിയിൽ തീവ്രമഴയും ഉരുൾപൊട്ടലുകളും ഉണ്ടായത് അപായ സൂചനതന്നെയാണ്.
എങ്ങും തിരിച്ചടി
കേരളത്തിലെ ഉയർന്ന താപനില 2024 ൽ 38നും 42നും ഇടയിലായിരുന്നു. പരമ്പരാഗതമായി പാലക്കാട് ഉൾപ്പെടെയുള്ള മേഖലകളിലാണ് കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് സ്ഥലമേഖലാ വ്യത്യാസമില്ലാതെ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഫാൻ നോക്കുവസ്തുവാകവേ കൂടുതൽ പേർ എസിയെ ആശ്രയിക്കുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ 500 - 600 മെഗാവാട്ട് വരെ വർദ്ധനയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. രാജ്യത്താകെ വൈദ്യുതിക്ഷാമം നിലനിൽക്കുകയാണ്. ആവശ്യമായ വൈദ്യുതി പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്ന് ലഭിക്കുന്നില്ല. ചൂട് കൂടുന്നതോടെ ഉപഭോഗത്തിൽ വലിയ വർധനയുണ്ടാകും. നിലവിലെ ആവശ്യത്തിനുപോലും തികയാത്തവിധത്തിലാണ് കേരളത്തിലെ വൈദ്യുതി ഉൽപാദനശേഷി എന്നിരിക്കെ കൂടുതൽ നിയന്ത്രണ നടപടികളിലേക്ക് കടക്കുന്നത് മറ്റൊരു ഇരുട്ടടിയായി മാറും.
കൽക്കരി ക്ഷാമം കണക്കിലെടുത്ത് രാജ്യത്തെ താപനിലയങ്ങൾ വൈദ്യുതി ഉത്പാദനം കുറച്ചതോടെ കേരളം കൂടുതൽ പ്രതിസന്ധിയിലാണ്. 36 ദശലക്ഷം വൈദ്യുതിയാണ് കേന്ദ്ര ഗ്രിഡിൽ നിന്നും പ്രതിദിനം ലഭിക്കുന്നത്. ഇതിൽ 12 ദശലക്ഷം യൂണിറ്റ് കുറഞ്ഞു. രാജ്യത്തെ 190 താപനിലയങ്ങളിൽ 50 എണ്ണവും പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയിലാണ്. വൈകിട്ട് 6 നും 12നുമിടയിൽ ഇപ്പോൾതന്നെ ലോഡ് ഷെഡിംഗ് നടപ്പാക്കിയിട്ടുണ്ട്. വേനൽ ഈ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ ലോഡ് ഷെഡിംഗിന്റെ ദൈർഘ്യം കൂട്ടേണ്ടിവരുന്ന അവസ്ഥയും അകലെയല്ല. നിർമ്മാണ രംഗത്തും വൈദ്യുതി നിയന്ത്രണം ബാധകമായതിനാൽ ആ രംഗത്തെ പുരോഗതിയെ ഇത് കാര്യമായി ബാധിക്കും.
മനുഷ്യരെ മാത്രമല്ല, നാട്ടിലെ മൃഗങ്ങളെയും കാട്ടിലെ വന്യമൃഗങ്ങളെയും വേനൽ പല രീതിയിലും കുഴപ്പത്തിലാക്കും. ജലാശയങ്ങൾ വരളുന്നതിനാൽ വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാദ്ധ്യത പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതാണ്.
ആരോഗ്യമേഖലയിലാണ് ആഘാതമേറെ. ചൂട് ക്രമാതീതമായി കൂടിയതോടെ പലവിധ പകർച്ചവ്യാധികളുടെ പിടിയിലാണ് കേരളം. രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന പനിയാണ് കാലാവസ്ഥാമാറ്റത്തിലൂടെ പലർക്കുമുണ്ടായത്. പനി, ജലദോഷം, ശ്വാസകോശ സംബന്ധ അസുഖങ്ങൾ, നിർജലീകരണം തുടങ്ങി പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും കുറച്ചുദിവസങ്ങളായി കേരളത്തെ അലട്ടുകയാണ്.
താപനിലയിലെ മാറ്റം ഏറ്റവും അധികമായും വേഗത്തിലും ബാധിക്കുന്നത് കാർഷികരംഗത്താണ്. വിളകളുടെ വളർച്ച, പൂക്കൽ, കായ്ക്കൽ എന്നിവയെയെല്ലാം അതിതാപം ദോഷകരമായി ബാധിച്ചുതുടങ്ങിയെന്നാണ് കർഷകർ പറയുന്നത്. മഴക്കുറവിനൊപ്പം കൂടിയ ചൂട് ഇക്കുറി നാണ്യവിളകൾക്കും പഴവർഗങ്ങൾക്കും വലിയ തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക. താപനില ഉയരുന്നതോടെ കർഷകരും മത്സ്യത്തൊഴിലാളികളും തുടങ്ങി പകൽസമയങ്ങളിൽ വെയിലിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും അതിതാപം പ്രതികൂലമായി ബാധിക്കും.
ആഗോളതലത്തിൽ ശക്തിപ്രാപിക്കുന്ന സൂപ്പർ എൽനിനോ ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാലാവസ്ഥാ ഭൂപടം മാറ്റിമറിച്ചതാണ് ഇത്തരത്തിൽ മഴക്കുറവും കഠിനതാപവും തീവ്രമഴയും മിന്നൽ പ്രളയവും സൃഷ്ടിക്കുന്നത്. താപനിലയിലെ ക്രമാതീതമായ ഉയർച്ച ഒറ്റപ്പെട്ട ഉഷ്ണകാല പ്രതിഭാസമായി കണക്കാക്കാനാകില്ല. മറിച്ച് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി വന്ന മാറ്റമാണത്. കാർബൺ ഡൈഓക്‌സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ വർധനയാണ് ഭൂമിയുടെ ശരാശരി താപനില ഉയരാൻ കാരണം. വനനശീകരണം, അതിദ്രുത നഗരവൽക്കരണം, ആഗോളതാപനമുൾപ്പെടെയുള്ള കാലാവസ്ഥാവ്യതിയാനം എന്നിവ കാരണമാണ് കണ്ടുശീലമില്ലാത്ത കാലാവസ്ഥയുടെ രൗദ്രഭാവങ്ങൾ അനുഭവിക്കേണ്ടിവരുന്നത്.
'ഒമേഗ ബ്ലോക്ക് '
'ഒമേഗ ബ്ലോക്ക് ' എന്ന പ്രതിഭാസത്താൽ കനത്ത ഉഷ്ണതരംഗത്തിൽ വലഞ്ഞതിന്റെ തീവ്ര അനുഭവത്തിൽ നിന്ന് ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇനിയും കര കയറിയിട്ടില്ല. കേരളത്തിലും ഇതേ ദുരവസ്ഥ വന്നുപെടുമോയെന്ന് യൂറോപ്പിലുള്ള മലയാളികൾ ഭയക്കുന്നു. ഫ്രാൻസിൽ 80 വർഷത്തിന് ശേഷം ഏറ്റവും ചൂടുകൂടിയ ദിവസങ്ങൾ ആണ് കടന്നുപോയത്. മുങ്ങിമരിച്ചത് 48 പേർ. കാറിനുള്ളിൽപെട്ട രണ്ട് കുട്ടികളടക്കം വേറെയും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പവർകട്ട് കാരണമുള്ള ചൂട് വേറെ. ഇറ്റലിയിൽ 16 നഗരങ്ങളിൽ താപനില മുന്നറിയിപ്പ് വന്നു. ബ്രിട്ടനിലും ചൂട് കൂടി. സ്‌പെയിനിലും മരണങ്ങൾ സംഭവിച്ചു. 2003 ഓഗസ്റ്റിലും ഉണ്ടായിരുന്നു ഇത്രയും തന്നെ ചൂട്. 16 ദിവസം നീണ്ടുനിന്നു. രേഖപ്പെടുത്തിയത് 80,000 മരണം.
മറ്റിടങ്ങളേക്കാൾ ചൂട് കൂടിവരുന്നുണ്ടായിരുന്നു യൂറോപ്പിൽ. കാലാവസ്ഥാ റിപ്പോർട്ടുകൾ മുന്നറിയിപ്പും നൽകുന്നുണ്ടായിരുന്നു. ഉഷ്ണതരംഗങ്ങളും കനത്ത മഴയും വെള്ളപ്പൊക്കവും പതിവായിട്ട് പതിറ്റാണ്ടുകളായി. മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ് കാരണം. കുറച്ചുകാലമായി യൂറോപ്പിൽ ആൽബിഡോ പ്രഭാവവും കണ്ടുതുടങ്ങിയിരുന്നു. ഇതു മൂലം സൂര്യപ്രകാശം തിരികെ പ്രതിഫലിക്കുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതും യൂറോപ്പിൽ ചൂടുകൂടാൻ കാരണമാണ്. സമുദ്രങ്ങൾക്ക് മുകളിലെ വെളുത്ത മഞ്ഞുപാളികൾ പ്രകൃതിദത്തമായ എയർകണ്ടീഷണറാണ്. മഞ്ഞ് സൂര്യന്റെ ചൂട് പ്രതിഫലിപ്പിച്ച് തിരിച്ചയക്കുകയാണ് ചെയ്യുക. പക്ഷേ, മഞ്ഞില്ലാത്തതിനാൽ ധ്രുവപ്രദേശത്തെ സമുദ്രത്തിലേക്കാണ് സൂര്യപ്രകാശം വീഴുന്നത്. സമുദ്രം അത് ആഗിരണം ചെയ്യുന്നു. അങ്ങനെയും ചൂട് യൂറോപ്പ് വരെയെത്തും.
കാലാവസ്ഥാവ്യതിയാനം ഒരു ദീർഘകാല പ്രതിഭാസമായി കണക്കാക്കി അതിനുള്ള മുന്നൊരുക്കങ്ങളും പരിഹാരക്രിയകളും നടത്തുകയാണ് വേണ്ടത്. ഹരിത മേഖലകളെ സംരക്ഷിക്കാനും നിലനിറുത്താനുമുള്ള വികസന നയങ്ങൾക്കു ഭരണകൂടങ്ങൾ മനസിരുത്തേണ്ടത് അനിവാര്യം. കേരളം നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് വിദഗ്ദ്ധ സംഘത്തിന്റെ പഠനവും ആവശ്യമാണെന്ന് കാര്യവിവരമുള്ളവർ പറയുന്നു. കേരളത്തിന്റെ താപനില നിയന്ത്രിച്ചുനിർത്തുന്നതിൽ പ്രകൃതിയുടെ വരദാനമായ പശ്ചിമഘട്ട മലനിരകളുടെ പ്രാധാന്യം ഏറെയാണ്. എന്നാൽ, വനനശീകരണം, ലക്കും ലഗാനുമില്ലാത്ത ഭൂവിനിയോഗം, നിർമാണപ്രവൃത്തികൾ, കൈയേറ്റം തുടങ്ങിയവ കാരണം പശ്ചിമഘട്ടം അതീവ ദുർബലമായി മാറിയിരിക്കുന്നു.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച അനുവദിച്ചാൽ കേരളം വൈകാതെ വലിയ വിഷമത്തിലാകുമെന്നു വ്യക്തം. സംസ്ഥാനത്ത് ജലസംരക്ഷണം പ്രഥമ പരിപാടിയായി നടപ്പാക്കേണ്ടതുണ്ട്. തുള്ളി വെള്ളംപോലും പാഴാക്കാൻ പാടില്ലെന്ന ശീലം കുട്ടികൾ മുതൽ മുതിർന്നവർ വരെ പിന്തുടരണം. മഴവെള്ള സംഭരണം നിയമമാക്കണം. ഒരു മരം മുറിക്കുമ്പോൾ പേരിന് നാല് മരം നടുകയല്ല, അത് പരിപാലിക്കാനുള്ള നിയമപരമായ ബാധ്യത ഉറപ്പാക്കണം. കുളങ്ങളും തണ്ണീർത്തടങ്ങളും നിയമം മൂലം സംരക്ഷിതമാക്കണം. പ്രാദേശിക ഹോട് സ്‌പോട്ടുകൾ കണ്ടെത്തി അതിനെ മറികടക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷികമേഖലയിൽ നവീകരണം നടപ്പാക്കുക കൂടി വേണം. ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ അനിവാര്യമായ കർശന നടപടികൾക്കുള്ള പ്രേരണ അധികാരികൾക്കേകുമോ ഇപ്പോഴത്തെ കൊടും ചൂടെന്നതാണ് നിർണ്ണായക ചോദ്യം.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
