'പോകുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക്'; വീണ്ടും കാഹളംമുഴക്കി ട്രംപ്

AUGUST 28, 2024, 3:36 PM

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡന്‍ സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ഏതവസരത്തിലും മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ബൈഡന്‍ ഭരണകൂടത്തെ ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

മിഡില്‍ ഈസ്റ്റില്‍ യുഎസിന് വേണ്ടി ആരാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നായിരുന്നു ട്രംപിന്റെ ചോദ്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്ത അദ്ദേഹം, പ്രസിഡന്റ് ജോ ബൈഡന്‍ കാലിഫോര്‍ണിയയിലെ ബീച്ചില്‍ ഉറങ്ങുകയാണെന്നും, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവട്ടെ മിനസോട്ട ഗവര്‍ണറും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ടിം വാള്‍സിനൊപ്പം തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ബസ് ടൂര്‍ നടത്തുകയാണെന്നുമായിരുന്നു ആരോപണം.

ഇത്തവണ എക്സിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. മിഡില്‍ ഈസ്റ്റില്‍ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം മുറുകുന്ന വേളയിലാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്. 'ആരാണ് മിഡില്‍ ഈസ്റ്റില്‍ നമുക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നത്?

ബോംബുകള്‍ എല്ലായിടത്തും വീഴുന്നു. ജോ ബൈഡന്‍ കാലിഫോര്‍ണിയയിലെ ബീച്ചില്‍ ഉറങ്ങുകയാണ്. എന്നാല്‍ കമല ടിമ്മിനൊപ്പം ഒരു ബസ് ടൂര്‍ നടത്തുന്നു. മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കണം, കാരണം അതിലേക്കാണ് നാം നീങ്ങുന്നത്' ട്രംപ് ആവര്‍ച്ചിച്ച് വ്യക്തമാക്കുന്നു.

ഹിസ്ബുള്ള ആക്രമണം മുന്‍കൂട്ടി കണ്ടുവെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ശേഷം മേഖലയില്‍ സംഘര്‍ഷ സാധ്യത കാര്യമായി ഉയര്‍ന്നിരുന്നു. ഇതിന് ഹിസ്ബുള്ള തിരിച്ചടിച്ചതോടെ ലബനനിലേക്ക് ഞായറാഴ്ച പുലര്‍ച്ചെ 40 തവണ മിസൈല്‍ ആക്രമണം നടത്തി ഇസ്രായേല്‍ പോര്‍വിളി നടത്തിയിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ് കൂടി വന്നിരിക്കുന്നത്.

ലെബനനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രായേല്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു എന്നതിന്റെ കൃത്യമായ സൂചന കൂടിയാണിത്.

നേരത്തെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലെ പ്രസംഗത്തില്‍ കമല ഹാരിസ് ഗാസയിലെ യുദ്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെ എന്നും മാനിക്കുന്നു എന്നായിരുന്നു കമലയുടെ നിലപാട്. എങ്കിലും പാലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ അവര്‍ എടുത്തു പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷം ട്രംപ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ മുഖേന പല തവണയായി ഇതിനെ വിമര്‍ശിക്കുകയാണ് ചെയ്തത്.

പ്രസിഡന്റ് ബൈഡന്‍ മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്ക് നയിക്കുന്നു എന്ന ആരോപണം മുമ്പും ട്രംപ് ഉന്നയിച്ചിട്ടുണ്ട്. ആ വാര്‍ത്ത വാചകം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ബൈഡന്‍ 'ലോകത്തെ നേരിട്ട് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്നു' ഗാസയിലെ ഹമാസിന്റെ അവസാനത്തെ പ്രധാന ശക്തികേന്ദ്രമായ റാഫയെ ആക്രമിക്കാന്‍ ഇസ്രായേലിന് യുഎസ് ആയുധം നല്‍കില്ലെന്ന ബൈഡന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ രൂക്ഷമായ വിമര്‍ശനം.

''വക്രബുദ്ധിക്കാരനായ ജോ ബൈഡന്‍, അറിഞ്ഞോ അറിയാതെയോ, ഗാസയിലെ ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പോരാടുന്ന ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് തടയുമെന്ന് പറഞ്ഞു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരെ ഹമാസ് കൊലപ്പെടുത്തി. അമേരിക്കക്കാരെയടക്കം അവര്‍ ബന്ദികളാക്കിയിരിക്കുന്നു, അഥവാ ബന്ദികള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കില്‍,'' ബൈഡന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ട്രംപ് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ എഴുതി.

എന്നിട്ടും വക്രബുദ്ധിയായ ജോ ബൈഡന്‍ ഈ തീവ്രവാദികളുടെ പക്ഷം പിടിക്കുന്നു. നമ്മുടെ കോളജ് കാമ്പസുകള്‍ പിടിച്ചെടുക്കുന്ന റാഡിക്കല്‍ ആള്‍ക്കൂട്ടത്തിന്റെ പക്ഷം ചേര്‍ന്നതുപോലെ. അദ്ദേഹത്തിന്റെ ഫണ്ടര്‍മാര്‍ അവര്‍ക്ക് ധനസഹായം നല്‍കുന്നു. ബൈഡന്‍ ദുര്‍ബലനും അഴിമതിക്കാരനും ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നേരിട്ട് നയിക്കുന്നയാളുമാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്നിലെ യുദ്ധം പോലെ ഇസ്രായേലിലെ ഈ യുദ്ധം, താന്‍ വൈറ്റ് ഹൗസിലുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ആരംഭിക്കില്ലായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടത്. വളരെ വേഗം താന്‍ മടങ്ങിയെത്തുമെന്നും ഒരിക്കല്‍ കൂടി ശക്തിയിലൂടെ സമാധാനം കൈവരിക്കുമെന്നുമായിരുന്നു അന്നത്തെ ആഹ്വാനം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam