ഫുട്‌ബോള്‍ ലോകകപ്പ് എന്നാല്‍ കേവലം മൈതാനത്തെ 90 മിനിറ്റുകള്‍ മാത്രമല്ല. ഗാലറികളില്‍ ഇരമ്പുന്ന ആവേശം, പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി, പതാക... ഇതിനെല്ലാമൊപ്പം ആരാധകരുടെ നെഞ്ചിലേക്ക് ഫുട്‌ബോള്‍ ലഹരി പടര്‍ത്തുന്ന മറ്റൊന്നുണ്ട്, അതാണ് ഫിഫ ലോകകപ്പ് ഗാനങ്ങള്‍. ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഈ ഗാനങ്ങള്‍ പലപ്പോഴും ഭാഷാഭേദമന്യേ ആഗോളതലത്തില്‍ 'എവര്‍ഗ്രീന്‍ ഹിറ്റു'കളായി മാറാറുണ്ട്.
തുടക്കം ചിലിയില്‍ നിന്നും
1962 ചിലി ലോകകപ്പ്: ഫിഫ ഔദ്യോഗികമായി ഒരു ലോകകപ്പ് ഗാനം പുറത്തിറക്കുന്നത് ഇക്കാലത്താണ്. ചിലിയന്‍ ബാന്‍ഡായ ദി റാംബ്ലേഴ്‌സ് ഒരുക്കിയ എല്‍ റോക്ക് ഡെല്‍ മുന്‍ദിയാല്‍ എന്ന റോക്ക് ആന്‍ഡ് റോള്‍ ഗാനമായിരുന്നു അത്.
1978 അര്‍ജന്റീന ലോകകപ്പ്: ബ്യൂണസ് അയേഴ്‌സ് ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര അവതരിപ്പിച്ച എല്‍ മുന്‍ദിയാല്‍ എന്ന ഗാനം വരികളില്ലാത്ത ഒന്നായിരുന്നു. പരമ്പരാഗത സ്പാനിഷ് സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ഇത് ചിട്ടപ്പെടുത്തിയത്.
1982 സ്‌പെയിന്‍ ലോകകപ്പ്: പ്രശസ്ത താരം പ്ലാസിഡോ ഡൊമിങ്ങോ ആലപിച്ച മുന്‍ദിയാല്‍ 82 എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഹിറ്റായത് തൊണ്ണൂറുകളില്‍
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണ് ലോകകപ്പ് ഗാനങ്ങള്‍ കൂടുതല്‍ ജനകീയമായതും ആഗോള സ്വീകാര്യത നേടിയതും.
1990 ല്‍ ഇറ്റാലിയന്‍ ഗായകരായ എഡ്വാര്‍ഡോ ബെനറ്റോയും ഗിയാനായും ചേര്‍ന്നിറക്കിയ ടു ബീ നമ്പര്‍ വണ്‍ എന്ന ഗാനം ലോകമെങ്ങും തരംഗമായി. പിന്നീട് ജോര്‍ജിയോ മൊറോഡര്‍ പ്രൊജക്ട് ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇറക്കിയതോടെ, ഫിഫ ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് ഗാനത്തിന് കരോക്കെ വേര്‍ഷനും പിറന്നു.
1994 ല്‍ യു.എസ് ലോകകപ്പില്‍ ഡാരില്‍ ഹാളും സൗണ്ട്സ് ഓഫ് ബ്ലാക്ക്നെസും ചേര്‍ന്ന് അമേരിക്കന്‍ സംഗീത പാരമ്പര്യം വിളിച്ചോതുന്ന 'ഗ്ലോറി ലാന്‍ഡ്' എന്ന ഗാനം ഒരുക്കിയിരുന്നു. ഇതും ജനഹൃദയങ്ഹളില്‍ ഇടംനേടി.
1998 ഫ്രാന്‍സ് ലോകകപ്പിലെ റിക്കി മാര്‍ട്ടിന്‍ വിപ്ലവം മറ്റൊരു ചരിത്രമാണ്. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്തും മലയാളികളടക്കമുള്ള നയന്റീസ് കിഡ്‌സിനെ ആവേശത്തിലാഴ്ത്തിയത് റിക്കി മാര്‍ട്ടിന്റെ 'ദി കപ്പ് ഓഫ് ലൈഫ്' (ഗോ.. ഗോ.. അലെ അലെ...) ആയിരുന്നു. ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് ആല്‍ബം വില്‍പ്പനയില്‍ ചരിത്രം കുറിച്ച ഈ ഗാനം ഇന്നും സ്‌പോട്ടിഫൈ ട്രെന്‍ഡിങ് ലിസ്റ്റുകളിലുണ്ട്.
ഏഷ്യന്‍ ലോകകപ്പും യൂറോപ്യന്‍ ഈണങ്ങളും
2002 ലെ കൊറിയ-ജപ്പാന്‍ ലോകകപ്പില്‍ അനസ്താസിയയുടെ ബൂം എന്ന ഔദ്യോഗിക ഗാനത്തിനൊപ്പം ലെറ്റ്സ് ഗെറ്റ് ടുഗെദര്‍ എന്ന പ്രാദേശിക ഗാനവും ഫിഫ പുറത്തിറക്കിയിരുന്നു.
2006 ലെ ജര്‍മനി ലോകകപ്പിലില്‍ ഇല്‍ ഡിവോയും ടോണി ബ്രാക്‌സ്ണും ചേര്‍ന്നൊരുക്കിയ 'ദി ടൈം ഓഫ് ഔര്‍ ലൈവ്സ്', ഹെര്‍ബെര്‍ട്ട് ഗ്രോണ്‍മെയറിന്റെ 'സെലിബ്രേറ്റ് ദി ഡേ' എന്നിവയായിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍.
ഷക്കീറ യുഗം
ലോകകപ്പ് സംഗീത ചരിത്രത്തെ 'വക്കാ വക്കായെ' മുന്‍പും പിന്‍പും എന്ന് തരംതിരിക്കാം. അത്രമേല്‍ സ്വാധീനമാണ് പോപ്പ് താരം ഷക്കീറ ലോകത്തിലുണ്ടാക്കിയത്.
2010 ലെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത ഈണത്തെ ആധുനിക സംഗീതവുമായി ചേര്‍ത്തുവെച്ച് ഷക്കീറ ഒരുക്കിയ 'വക്കാ വക്കാ' യൂട്യൂബ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ ബാന്‍ഡായ ഫ്രെഷ്ലി ഗ്രൗണ്ടും ഇതില്‍ പങ്കുചേര്‍ന്നു.
കെനാന്‍ പാടിയ 'വെന്‍ ഐ ഗെറ്റ് ഓള്‍ഡര്‍...' എന്ന് തുടങ്ങുന്ന കൊക്കകോള പ്രൊമോഷണല്‍ ഗാനവും ഇതേവര്‍ഷം സൂപ്പര്‍ഹിറ്റായി. കറുത്തവര്‍ഗ്ഗക്കാരുടെ അതിജീവനവും യുദ്ധവും കുടിയേറ്റത്തിന്റെ വേദനയുമെല്ലാം ഈ വരികളില്‍ ഉണ്ടായിരുന്നു.
2014 ലെ ബ്രസീല്‍ ലോകകപ്പില്‍ പിറ്റ്ബുള്‍, ജെന്നിഫര്‍ ലോപ്പസ്, ക്ലൗഡിയ ലിറ്റെ എന്നിവരുടെ 'വി ആര്‍ വണ്‍ (ഒലെ ഒലെ)' ആയിരുന്നു ഔദ്യോഗിക ഗാനമെങ്കിലും, ഷക്കീറയുടെ 'ലാ... ലാ... ലാ...' എന്ന ഗാനമാണ് ആരാധകര്‍ നെഞ്ചിലേറ്റിയത്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരന്ന ഈ ആല്‍ബം ബില്യണ്‍ വ്യൂസുമായി ഇന്നും ട്രെന്‍ഡിങ്ങാണ്.
പുതിയ കാലത്തെ ഈണങ്ങള്‍
2018 ലെ റഷ്യ ലോകകപ്പില്‍ വില്‍ സ്മിത്ത്, നിക്കി ജാം, ഇറാ ഇസ്‌ട്രെഫി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ലൈവ് ഇറ്റ് അപ്പ് ആയിരുന്നു ഇവിടുത്തെ ആവേശം.
2022 ലെ ഖത്തര്‍ ലോകകപ്പില്‍ ട്രിനിഡാഡ് കര്‍ഡോണ, ഡേവിഡോ, ഐഷ എന്നിവര്‍ ചേര്‍ന്ന് പാടിയ 'ഹയ്യ ഹയ്യ' എന്ന ഗാനം അറബ് സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിലും പതിവ് തെറ്റിക്കാതെ പോപ്പ് രാജ്ഞി ഷക്കീറ വീണ്ടുമെത്തിയിരിക്കുകയാണ്. 'ഡായ് ഡായ്' എന്ന് തുടങ്ങുന്ന, ആതിഥേയ രാജ്യങ്ങളുടെ പൈതൃകവും പ്രാദേശിക ഭാഷാ സ്വാധീനവുമുള്ള പുതിയ ഗാനത്തിലൂടെ ആരാധകരെ വീണ്ടും കാല്‍പന്ത് സംഗീതത്തിന്റെ കൊടുമുടിയിലെത്തിക്കുകയാണ് ലക്ഷ്യം.
'പാപ്പഊത്തെയ്' എന്ന മറ്റൊരു ചരിത്രം
ഫുട്‌ബോള്‍ ആരാധകര്‍ മാത്രമല്ല, സംഗീത പ്രേമികള്‍ ഒന്നടങ്കം ഏറ്റുപാടിയ മറ്റൊരു ചരിത്രവുമുണ്ട്. ബെല്‍ജിയന്‍ ഗായകന്‍ സ്ട്രോമേ 2013 ല്‍ പുറത്തിറക്കിയ 'പാപ്പഊത്തെയ്' എന്ന ഗാനം കോംഗോയുടെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മത്സരങ്ങള്‍ക്ക് മുന്‍പ് മുഴങ്ങിക്കേള്‍ക്കാറുണ്ട്. ആഫ്രിക്കന്‍ ജനതയുടെ ചെറുത്ത് നില്‍പ്പിന്റെയും, കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ച വംശീയ അധിക്ഷേപങ്ങളുടെയും വേദന പേറുന്ന ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ഇന്നും സജീവ ചര്‍ച്ചയാണ്.
ചുരുക്കത്തില്‍ മൈതാനത്തെ കളിപോലെ തന്നെ ഫുട്‌ബോള്‍ ലോകകപ്പ് ഗാനങ്ങളും അതിരുകളില്ലാത്ത ആവേശമായി ലോകത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്നു.
English summary
From Chile 1962 to 'Dai Dai' 2026: The Musical History of Football's Greatest Spectacle
FIFA World Cup anthems and official songs have always been an integral part of the tournament's electric atmosphere. More than just background music, these tracks celebrate the cultural heritage of the host nations, often transforming into global evergreen hits embraced by both football fans and music lovers alike.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
