ഫ്‌ളോറിഡയെ ഭീതിയിലാഴ്ത്തി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റായി വീശിയടിക്കുകയാണ് മില്‍ട്ടണ്‍. കാറ്റഗറി 5 ല്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് പ്രാദേശിക സമയം ബുധാനാഴ്ച രാത്രിയോടെ തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാനായി വലിയ മുന്നൊരുക്കങ്ങള്‍ തീരപ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ കനത്ത ജാഗ്രതയാണ്. കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പുറമെ ഫ്‌ളോറിഡ ജയിലുകളില്‍ നിന്നും തടവുകാരെ ഒഴിപ്പിച്ചു. അന്തേവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഒഴിപ്പിക്കല്‍. ജോര്‍ജിയയിലും ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, കൊടുങ്കാറ്റ് മണിക്കൂറില്‍ 165 മൈല്‍ വേഗതയിലാണ് വീശുന്നത്.
ജാഗ്രതയുടെ ഭാഗമായി ആയിരക്കണക്കിന് ആളുകളെയാണ് ഫ്‌ളോറിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ മേഖലയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം പത്ത് ലക്ഷത്തില്‍ അധികം ആളുകളോട് മാറിത്താമസിക്കാന്‍ ഫ്‌ളോറിഡയിലെ ഭരണകൂടം അറിയിച്ചുകഴിഞ്ഞു. നിരവധി തീരദേശ കൗണ്ടികളാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സെന്റ്. പീറ്റേഴ്സ്ബര്‍ഗ് ഉള്‍പ്പെടുന്ന പിനെല്ലസ് കൗണ്ടി അഞ്ച് ലക്ഷം പേരോടാണ് ഒഴിയാന്‍ ആവശ്യപ്പെട്ടത്. ലീ കൗണ്ടിയില്‍ 4.16 ലക്ഷം പേരോടും സുരക്ഷിതതാവളങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലെ 17% ഗ്യാസ് സ്റ്റേഷനുകളിലും ഇന്ധനമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അമേരിക്കയെ സാമ്പത്തികമായും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ ജിഡിപിയുടെ 2.8% മില്‍ട്ടണിന്റെ പാതയിലാണെന്നാണ് യുഎസ് സാമ്പത്തിക വിദഗ്ധനായ റയാന്‍ സ്വീറ്റ് വ്യക്തമാക്കുന്നത്. അതേസമയം നിലവിലേത് ജീവന്‍മരണ പോരാട്ടമാണെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്.
ജാഗ്രതയുടെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ ചുഴലിക്കാറ്റ് മെക്‌സിക്കോ ഉള്‍ക്കടലിനു കുറുകെ പെനിന്‍സുലയിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മില്‍ട്ടണിന്റെ കൊടുങ്കാറ്റ് ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് അങ്ങേയറ്റം ജീവന്‍ അപകടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് നാഷണല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
മേഖലയില്‍ ഉടനീളം കാറ്റും കനത്ത പേമാരിയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ ഫ്‌ളോറിഡ മുഴുവന്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി കരയിലേക്ക് കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുര്‍ബലമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പടിഞ്ഞാറന്‍-മധ്യ ഫ്‌ളോറിഡയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളില്‍ ഒന്നാകാന്‍ മില്‍ട്ടണിന് സാധ്യതയുണ്ടെന്നാണ് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റ് ജോണ്‍ കാംഗിയലോസിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഫ്‌ളോറിഡയിലെ 22 ദശലക്ഷത്തിലധികം നിവാസികളില്‍ 20 ദശലക്ഷത്തിലധികം പേരും ചുഴലിക്കാറ്റ് കൊടുങ്കാറ്റ് മുന്നറിയിപ്പിന് കീഴിലാണെന്നാണ് റിപ്പോര്‍ട്ട്. 2005 ലെ റീത്ത ചുഴലിക്കൊടുക്കാറ്റിന് ശേഷമുള്ള ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണെന്നാണ് പ്രവചിക്കപ്പെടുന്നത്.
ഫ്‌ളോറിഡയിലെ പ്രധാന എയര്‍പോര്‍ട്ടുകളായ ടാമ്പ, ക്ലിയര്‍വാര്‍ട്ടര്‍ വിമാനത്താവളങ്ങളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണും എത്തുന്നത്. ഹെലീന്‍ ചുഴലിക്കാറ്റില്‍ വിവിധ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി 160 ലധികം പേരാണ് മരണപ്പെട്ടത്. ഹെലീന ചുഴലിക്കൊടുക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് നോര്‍ത്ത് കരോലിന സംസ്ഥാനത്തായിരുന്നു. ഇവിടെ മാത്രം 73 പേര്‍ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1