മൂന്നാമൂഴത്തിനുള്ള മുഖസ്തുതി ഉയരുമ്പോൾ ജനാധിപത്യത്തിന്റെ കളങ്കാവലിനൊരുങ്ങി ജനം

JANUARY 7, 2026, 1:02 PM

യു.ഡി.എഫ് പിണറായിയോട് പറയുന്നു: കടക്ക് പുറത്ത്. ഒപ്പം ഞങ്ങൾ 100 സീറ്റ് പിടിക്കുമെന്ന വെല്ലുവിളിയുമുണ്ട്. സി.പി.എം. ആകട്ടെ ക്യാപ്ടനെ വിട്ടുള്ള ഒരു കളിക്കുമില്ല. പിണറായി 3.0 എന്നതാണ് ഇടതുമുന്നണിയുടെ മുദ്രാവാക്യമെന്ന് ബാലൻ വക്കീൽ പ്രഖ്യാപിച്ചു കഴിഞ്ഞു. എൻ.ഡി.എ.യുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചേക്കും.

''ഞങ്ങൾ നേമം പിടിക്കും. അതുകൊണ്ട് ഞാൻ തന്നെ സ്ഥാനാർത്ഥി'' എന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം വന്നു കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി. നേമത്തൊന്നും ജയിക്കാൻ  പോകുന്നില്ലെന്ന് മന്ത്രി ശിവൻകുട്ടി പറയുന്നുണ്ടെങ്കിലും ആ പറച്ചിലിന് പഴയ ഉറപ്പില്ല. അതുകൊണ്ട്, അവിടെ താൻ മൽസരിക്കുന്നില്ലെന്ന് പറഞ്ഞിട്ടുമുണ്ട് വിദ്യാഭ്യാസ മന്ത്രി.

പിണറായി തന്നെ അവസാന വാക്ക്

vachakam
vachakam
vachakam

സി.പി.എംൽ എന്തു കാര്യവും പിണറായി നിശ്ചയിക്കുമെന്നതാണ് ഇപ്പോഴത്തെയും സ്ഥിതി. മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ക്ഷീണമേറ്റുവെങ്കിലും അതൊന്നും ഇരട്ടച്ചങ്കന് ബാധിച്ചിട്ടില്ല. കോൺഗ്രസിനെ കേരളത്തിൽ അധികാരത്തിൽ നിന്നകറ്റിനിർത്താൻ പിണറായി ഏത് തന്ത്രവും പയറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകർ  പറയുന്നു. വർഗീയത തുപ്പുന്ന നാക്കുകൾ പോലും ഇതിനായി വിലയ്‌ക്കെടുത്തു കഴിഞ്ഞിട്ടുണ്ട്.

മുസ്ലീം വോട്ടുകളും ക്രിസ്തീയ വോട്ടുകളും ഇത്തവണ ലഭിക്കില്ലെന്ന് പിണറായിക്കറിയാം. അതുകൊണ്ടു തന്നെ എസ്.എൻ.ഡി.പി., എൻ.എസ്.എസ്. തുടങ്ങിയ ഹൈന്ദവ സംഘടനകളെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ പിണറായി നേരത്തെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഏതായാലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് ഇപ്പോൾ അദ്ദേഹത്തിന്റെ മരുമകൻ മൗനിയാണ്. എന്തെങ്കിലും പറഞ്ഞാൽ, തന്റെ വാക്കുകൾ തന്നെ തിരിച്ചടിച്ചേക്കാമെന്ന് മന്ത്രി റിയാസിനെ ആരോ ഉപദേശിച്ചിട്ടുണ്ടാവാം. 

പാർട്ടി സെക്രട്ടറിമാരായി കേരളത്തിലും ദേശീയതലത്തിലുമുള്ള രണ്ട് നേതാക്കളും പിണറായിക്കെതിരെ ശബ്ദമുയർത്തുന്നതേയില്ല. മാത്രമല്ല, കോൺഗ്രസ് നയിക്കുന്ന ഇന്ത്യാസഖ്യത്തിൽ നിന്ന്  തന്നെ പിൻവാങ്ങിയാൽ ബി.ജെ.പി.യുടെ സിമ്പതി കിട്ടുമെന്ന ചിന്തയും സി.പി.എം.ലെ ചില നേതാക്കൾക്കുണ്ട്.

vachakam
vachakam
vachakam

നിലവിലെ മന്ത്രിമാരിൽ ആരെല്ലാം മൽസരിക്കണമെന്ന ചർച്ച സി.പി.എം.ൽ നടക്കുന്നില്ല. പകരം പിണറായിയുടെ സ്ഥാനാർത്ഥിപ്പട്ടിക കണ്ണുമടച്ച് അംഗീകരിച്ചാൽ പോരേ എന്ന് ചില  നേതാക്കളെങ്കിലും 'രഹസ്യമായി' പറഞ്ഞു തുടങ്ങിയിട്ടുണ്ട്. മന്ത്രിമാരായ വീണാ ജോർജും സജി  ചെറിയാനും എം.ബി.രാജേഷും, മുഹമ്മദ് റിയാസും വീണ്ടും മൽസരിക്കണമെന്ന അഭിപ്രായം  പിണറായിയുടേതായി പൊന്തി വന്നിട്ടുണ്ട്. പാർട്ടിയിലെ നിഷ്പക്ഷമതികൾ മന്ത്രിമാർ   മൽസരിക്കുന്നതിനോട് പൊതുവേ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. പി.പി. ദിവ്യ ഒഴിച്ചുള്ള വനിതാ  നേതാക്കളെല്ലാം സി.പി.എം.ന്റെ സ്ഥാനാർത്ഥി പട്ടികയിൽ കടന്നുവരാം.

പി.ശശിയെ തലശ്ശേരിയിൽ മൽസരിപ്പിക്കാൻ പാർട്ടി ഒരുങ്ങുന്നുണ്ടത്രെ. ഈ വാർത്തകൾ നമുക്ക് ചില സൂചനകൾ നൽകുന്നുണ്ട്. ഈ 'കാരണവർ' അല്ലെങ്കിൽ 'കാരണഭൂതൻ' പാർട്ടിയേയും കൊണ്ടേ പോകൂ. ഇലക്ഷൻ അടുത്തിട്ടും നാട്ടിലെ കാര്യങ്ങൾ പറയാനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ വെനിസ്വേലയിലെ കാര്യം പറഞ്ഞ് അമേരിക്കൻ പ്രസിഡന്റായ ട്രംപിനെ പേടിപ്പിക്കാൻ ഇവിടെ ഓലപ്പടക്കം പൊട്ടിച്ച് തെരുവിലിറങ്ങുന്ന സി.പി.എംനെ ഇപ്പോഴും നെഞ്ചിലേറ്റുന്ന പാവം സഖാക്കളെ നമുക്ക് ചേർത്തുപിടിക്കാം.

ഇവിടെയും ഒരു സംസ്ഥാനം ഭരിച്ചു മുടിപ്പിച്ച ഒരു മൊതലുണ്ട്, അതിനേം കൂടി പട്ടാളത്തെ ഇറക്കി റാഞ്ചിക്കൊണ്ടു പോകാൻ അതേ സഖാക്കൾ തീർച്ചയായും 'ട്രംപ് പുണ്യവാള'നോട് മെഴുകുതിരി കത്തിച്ചും അല്ലാതെയും പ്രാർത്ഥിക്കുന്നുണ്ടാകാം.

vachakam
vachakam
vachakam

നേര് നേരത്തെ അറിയേണ്ട, പതിയെ മതി

പാർട്ടിപത്രത്തിന്റെ ടാഗ് ലൈൻ തന്നെ നേര് നേരത്തെ അറിയാൻ എന്നാണ്. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ 'പുനർജനി അഴിമതി' സി.ബി.ഐ.യെ കൊണ്ട് അന്വേഷിക്കാൻ ഈ തെരഞ്ഞെടുപ്പു കാലത്ത് പിണറായിക്ക് തോന്നിപ്പിച്ച ബുദ്ധികേന്ദ്രം ഏതായാലും ഒരു സല്യൂട്ട് അർഹിക്കുന്നുണ്ട്.
ശബരിമലയിലെ സ്വർണ്ണ മോഷണം സംബന്ധിച്ച് കേരളാ ഹൈക്കോടതിയും സുപ്രീംകോടതിയുമെല്ലാം പരോക്ഷമായി സർക്കാരിനെ ദിവസേന എടുത്തിട്ടലക്കുന്നുണ്ട്. പാർട്ടി സഖാക്കൾ തേടിച്ചെല്ലുമ്പോൾ, അവരോട്, ആ ഹർജിയുമായി എത്തുന്ന നിയമം അനുശാസിക്കുന്ന പരിധിയിൽ നിന്നുകൊണ്ട് 'പുളിച്ച ഡാഷ് വർത്തമാനം' പറഞ്ഞിട്ടും, ആസനത്തിൽ ഒരു ആലല്ല, ആയിരം ആലുകൾ ഒരുമിച്ച് മുളച്ച് ഇലവീശി നിൽക്കുന്നതിന്റെ തണലത്തിരുന്ന് ന്യായീകരണത്തിനൊരുങ്ങുന്നവരെ ജനത്തിന് എന്തു ചെയ്യാൻ കഴിയും?

സി.പി.എം.ന്റെ അഴിമതി പുരളാത്ത ഒരു പാവം പിന്നാക്കക്കാരൻ നേതാവായ വിജയകുമാർ എസ്.ഐ.ടി.യോട് പറഞ്ഞത് കേട്ടില്ലേ സഖാവ് പറഞ്ഞു ഞാൻ ഒപ്പിട്ടു എന്ന ഡയലോഗിലുണ്ട് ശബരിമല സ്വർണ്ണമോഷണത്തിൽ ഉൾപ്പെട്ട പ്രതികളിലേക്കുള്ള ഉയരപ്പാതയെന്ന് ആർക്കാണറിയാത്തത്? ഇതുവരെയും 'പ്രഥമദൃഷ്ട്യാ' കുറ്റക്കാരായതുകൊണ്ട് എൻ.വാസുവിനും പത്മകുമാറിനും പല തവണ ജാമ്യം നൽകില്ലെന്ന് കോടതി പരോക്ഷമായി പറഞ്ഞുകഴിഞ്ഞു. എന്നിട്ടും, പാർട്ടി ഇപ്പോഴും അവരെ 'പ്രൊട്ടക്ട്' ചെയ്യുകയാണെന്ന തോന്നൽ പൊതുസമൂഹത്തിൽ പടർന്നുകഴിഞ്ഞിട്ടുണ്ട്.

ഈ യാഥാർത്ഥ്യം സി.പി.എം.നെ സ്‌നേഹിക്കുന്നവരെങ്കിലും തിരിച്ചറിയണം. പാർട്ടിയിലുള്ള എല്ലാവരും 'കായകുളം കൊച്ചുണ്ണി' യുടെ കുടുംബക്കാരല്ല. പാർട്ടിയിലേക്ക് വന്ന 'പുത്തൻ വേഷങ്ങൾ' ചെങ്കൊടിയിൽ പുരട്ടിയ മാലിന്യമത്രയും കഴുകിക്കളയാൻ ഇനിയും സമയമുണ്ട്.  അധ്വാനിക്കുന്നവന്റെയും ദുരിതമനുഭവിക്കുന്നവന്റെയും ഒപ്പമുണ്ടാകുമെന്ന് കരുതിയ പാർട്ടിയുടെ പതനം പൂർണ്ണമാകാതിരിക്കാനും, വിപ്ലവത്തിന്റെയും അവകാശ പോരാട്ടങ്ങളുടെയും ത്രസിപ്പിക്കുന്ന ഇടതുപാർട്ടികളുടെയും കൂമ്പടഞ്ഞു പോകാതിരിക്കാനുള്ള പുതിയ പടയണികൾ ജനപക്ഷത്തുള്ളവരിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ട്.

ജനാധിപത്യം അത്രയേറെ അപകടാവസ്ഥയിലായിക്കഴിഞ്ഞു. കുത്തകകളുടെ കുത്തിക്കവർച്ചകളുടെ തീവെട്ടികളുമേന്തിയുള്ള പുതിയ യാത്രകൾക്കു മുന്നിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം പകച്ചുനിൽക്കരുത്. ഇതിനേക്കാൾ ഭീകരമായ ഭരണകൂട അടിച്ചമർത്തലുകളെ നേരിട്ട ഭാരതീയരുടെ കൂടിവരവിനു മുമ്പിൽ, ജനപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചേ പറ്റൂ.

കാവൽ പുണ്യവാനും മകരവിളക്കും

ശബരിമല മകരവിളക്കും, ഭാരതത്തിന്റെ കാവൽ പുണ്യവാനായി കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുള്ള വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാളും ജനുവരി 14നാണ്. കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹിക സാഹചര്യത്തിൽ കത്തോലിക്കാ സഭ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. പുറമെ ചിരിച്ചു കാണിച്ചുകൊണ്ട് സഭയുടെ മാനവീയ ശുശ്രൂഷകളെ തകർക്കാനും തളർത്താനും ചില രാഷ്ട്രീയ കൂട്ടുകെട്ടുകൾ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ശബരിമല തീർത്ഥാടനമെന്നത് ഹൈന്ദവർക്ക് പരിപാവനമാണ്. എന്നാൽ, അവിടെ അരങ്ങേറിയ പല സംഭവങ്ങളും തികച്ചും യാദൃശ്ചികമെന്ന് പറയാനാവില്ല. കേരളത്തിലെ സമുദായമതസൗഹാർദ്ദാന്തരീക്ഷം തകർക്കപ്പെടാനുള്ള ശ്രമങ്ങൾ എക്കാലത്തും മലയാളികൾ പരാജയപ്പെടുത്തിയ ചരിത്രമാണുള്ളത്.

രാഷ്ട്രീയ ചക്രവാതച്ചുഴികൾ വരും, പോകും. പക്ഷെ ജാതിയും മതവുമൊന്നും കണക്കിലെടുക്കാതെയും പരിഗണിക്കാതെയും ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യങ്ങൾക്ക് വേലികെട്ടാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടണം. ശബരിമല കേസ് തന്നെ നോക്കൂ: പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ചോദ്യം ചെയ്യാൻ വിളിപ്പിക്കപ്പെടേണ്ടവരെ മാറ്റി നിർത്തിയതിലും പിന്നീട് അവരെ 'ഒളിവിൽ' ചോദ്യം ചെയ്തതിലും നിഴലിക്കുന്നത് ശരിയായ ഭരണനടപടികളാണോ? ഇപ്പോൾ, ഹൈക്കോടതി ആറാഴ്ച സമയം കൂടി ശബരിമല കേസ് അന്വേഷണത്തിന് നൽക്കിക്കഴിഞ്ഞു. എസ്.ഐ.ടി.യിൽ പോലീസിലെ രണ്ട് ഭരണപക്ഷ യൂണിയനുകളിൽപെട്ടവരെ ഉൾപ്പെടുത്താനുള്ള ശ്രമം മാധ്യമങ്ങൾ പൊളിച്ചിട്ടുണ്ട്.

ഇപ്പോൾ മാധ്യമവിചാരണ മൂലം കേസ് 'വേണ്ടവിധം' അന്വേഷിക്കാനാവുന്നില്ലെന്ന എസ്.ഐ.ടി.യുടെ കോടതിക്കു മുമ്പിലുള്ള പരാതി 'വേണ്ട സമയത്ത് മാധ്യമങ്ങളെ ശാസിക്കാം' എന്ന സൂചന നൽകി സമാധാനിപ്പിച്ചിരിക്കുകയാണ്.  ഏതെങ്കിലും പാവം കള്ളൻ സ്വർണ്ണം മോഷ്ടിച്ചാൽ, 'മോഷണം' ശബരിമലയിൽ നിന്ന്  ഉത്തരവാദപ്പെട്ടവർ പൊന്നടിച്ചു മാറ്റിയാൽ 'അഴിമതി' യെന്നു പറയുന്നത് ശരിയല്ലെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും, ഈ കേസ് എങ്ങനെ കൊല്ലത്തെ വിജിലൻസ്‌കോടതിയിലേക്ക് റഫർ ചെയ്തതെന്തേ?     

ഇന്ത്യയിലെ വിജിലൻസ് കോടതികളിലെ കേസ് നടത്തിപ്പിന്റെ ചരിത്രം കൂടി ഇവിടെ ഓർമ്മിക്കണം. 2025 സെപ്തംബർ ഒന്നിനു മാധ്യമങ്ങളിൽ വന്ന 2024 കണക്കനുസരിച്ച് ഇന്ത്യയിലെ വിവിധ കോടതികളിലായി 70 -72 അഴിമതിക്കേസുകൾ വിചാരണയിലുണ്ട്. 20 വർഷം പഴക്കമുള്ള 379 കേസുകളും 10 വർഷം പഴക്കമുള്ള 2600 കേസുകളും ഇതിൽ പെടും. ഈ കേസുകളുടെ വിചാരണ വൈകിപ്പിക്കാനായി സി.ബി.ഐ.യും ബന്ധപ്പെട്ട കക്ഷികളും നൽകിയ അപ്പീലുകളുടെ എണ്ണം 13100 ആണ്  ! 20 വർഷം പഴക്കമുള്ള 606 അപ്പിലുകളിൽ ഇനിയും തീർപ്പുണ്ടായിട്ടില്ല.

642 കേസുകളിൽ 392 കേസുകളിൽ വിധിയുണ്ടായി. 156 കേസുകളിൽ പ്രതികളെ വിട്ടയച്ചു. 77 എണ്ണം വിവിധ കാരണങ്ങളാൽ ഒഴിവാക്കി. 859 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട 502 അഴിമതിക്കേസുകൾ സി.ബി.ഐ. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, അതൊന്നും അന്വേഷിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ ഇതുവരെയും കേന്ദ്രം നിയമിച്ചിട്ടുമില്ല!

2017ൽ കേരളാ ഹൈക്കോടതി വിജിലൻസ് ഡിപ്പാർട്ടുമെന്റിൽ സർക്കാർ തലയിടരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതെല്ലാം അവഗണിച്ച് വിജിലൻസിന്റെ പല്ലും നഖവുമെല്ലാം തല്ലിക്കൊഴിച്ച ഭരണകൂടമാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. അതുകൊണ്ട് അഴിമതിയ്‌ക്കെതിരെയുള്ള 'മലകയറ്റം' കഠിനമെന്റയ്യപ്പാ, എന്നല്ലാതെ എന്തു പറയും നാം?

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam