കേരളത്തിന്റെ കിനാവിൽ 'സർഗ്ഗാത്മക പ്രതിപക്ഷം'

MAY 6, 2026, 12:12 PM

അസാധാരണവും അഭൂതപൂർവവുമായ രാഷ്ട്രീയമാറ്റത്തിന്റെ വജ്രത്തിളക്കം പ്രകടമാക്കുന്നതായി പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിസ്മയ വിജയം. പത്തു വർഷത്തെ ഭരണോന്മാദത്തിൽ നിന്ന് ഇടതു മുന്നണിക്കു നിർബന്ധിത വിടുതലേകിയിരിക്കുന്നു സമ്മതിദായകർ. ജനാധിപത്യ ക്രമത്തിൽ തിരഞ്ഞെടുപ്പ് പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിപ്പോകുന്നത് അത്രയൊന്നും അപൂർവമല്ല.

പക്ഷേ, വെറുമൊരു ഭരണമാറ്റത്തിനപ്പുറം, ഭരണകൂടത്തോടുള്ള കടുത്ത രോഷവും തിരുത്തൽ ശക്തിയായി മാറിയ അണികളുടെ നിലപാടും വ്യക്തം. ഭൂരിപക്ഷം മന്ത്രിമാരും പരാജയപ്പെട്ടുവെന്നത് ഭരണവിരുദ്ധ വികാരം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്നതിന്റെ തെളിവാണ്.

രണ്ടാം പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചോ ജനക്ഷേമ പരിപാടികളെക്കുറിച്ചോ ഭൂരിപക്ഷം പേർക്കും വലിയ ആക്ഷേപമുണ്ടായിരുന്നതിന്റെ സൂചനകളില്ലായിരുന്നു. അതേസമയം, ജനങ്ങൾക്ക് സഹി കെട്ടാൽ അത്തരമൊരു സർക്കാരിനെതിരെ എങ്ങനെയാവും പ്രതികരണമെന്നത് പഠിക്കാൻ ഇതിലും മികച്ചൊരു ഉദാഹരണം ഇനിയുണ്ടാകണമെന്നില്ല. വന്നുചേരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള സൂചനകൾ സ്തുതിപാഠകവൃന്ദം മുഖ്യമന്ത്രിയിൽ നിന്ന് മന:പൂർവം മറച്ചുപിടിച്ചെന്നതു വ്യക്തം. ഭരണ പക്ഷവും നേതാക്കളും അവരെ ഭരണത്തിലേറ്റുകയും ഭരണത്തുടർച്ച നൽകുകയും ചെയ്തവരോട് പുലർത്തിയ ധാർഷ്ട്യത്തിനും ധിക്കാരത്തിനും യഥാർത്ഥ അധികാരികളായ ജനം നൽകിയത് ഏറ്റവും മൂർച്ചയേറിയ മറുപടി തന്നെ.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് കാലയളവിൽ കേരളം കണ്ട ഏറ്റവും നിർഭാഗ്യകരമായ പ്രവണത ഗുരുവായൂരിലെ ജനപ്രതിനിധികളെപ്പോലും ലക്ഷ്യമിട്ടുണ്ടായ തീർത്തും അനാവശ്യമായ വർഗീയ പ്രചാരണങ്ങളാണ്. വിശ്വാസത്തെയും രാഷ്ട്രീയത്തെയും വേർതിരിച്ചു കാണുന്ന കേരളീയ പൊതുബോധത്തെ വെല്ലുവിളിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിച്ചത്. എന്നാൽ, ഇത്തരം വർഗീയ ധ്രുവീകരണ ശ്രമങ്ങളെയും വിദ്വേഷ രാഷ്ട്രീയത്തെയും കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ പൂർണമായും തള്ളിക്കളഞ്ഞു.

കേരളത്തിലെ ജനഹിതം നിശ്ചയിക്കുന്നത് വർഗീയ കാർഡുകളല്ലെന്നും, വികസനവും ജനാധിപത്യ മൂല്യങ്ങളുമാണെന്നും തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. ആരാധനാലയങ്ങളെയും വിശ്വാസങ്ങളെയും രാഷ്ട്രീയ മുതലെടുപ്പിനായി വലിച്ചിഴയ്ക്കുന്നവർക്ക് വോട്ടർമാർ നൽകിയ ഈ താക്കീത് വരുംകാല രാഷ്ട്രീയത്തിനും ഒരു മാതൃകയാണ്. ജാതിമത ചിന്തകൾക്കപ്പുറം മാനവികതയ്ക്കും സൗഹാർദത്തിനും മുൻഗണന നൽകുന്ന മതേതര കേരളത്തിന്റെ കരുത്താണ് ഈ വിധിയിലൂടെ വെളിപ്പെടുന്നത്.

'ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രനയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച' പിണറായി സർക്കാർ പരാജയം അർഹിച്ചിരുന്നില്ലെന്ന സി.പി.എം പത്രത്തിന്റെ നിരീക്ഷണം ഇതിനിടെ തികഞ്ഞ തമാശയായി. ഭീകര തോൽവിയുടെ കാരണം പ്രഥമ ദൃഷ്ട്യാ തെല്ലും പിടി കിട്ടുന്നില്ല പാർട്ടിക്ക്. കാരണങ്ങൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കഴിയണമെന്ന മാമൂൽ വചനത്തിലൊതുങ്ങുന്നു പ്രതികരണം.

vachakam
vachakam
vachakam

സി.പി.എം സിറ്റിംഗ് എം.എൽ.എ പി.പി. ചിത്തരഞ്ജൻ 21,015 വോട്ടുകൾക്ക് എ.ഡി. തോമസ് എന്ന യുവാവിനോട് ആലപ്പുഴയിൽ പരാജയപ്പെട്ടതെന്തുകൊണ്ട് എന്ന ചോദ്യത്തിൽ നിന്നാരംഭിക്കേണ്ടതാണ് പാർട്ടിയുടെ ഫല വിശകലനം. 2024ൽ മുഖ്യമന്ത്രി നടത്തിയ നവകേരള സദസ്സിനിടെ, മന്ത്രിസഭ സഞ്ചരിച്ചിരുന്ന ബസിന് നേരെ കരിങ്കൊടി വീശിയ ആളാണ് തോമസ്. മുഖ്യമന്ത്രിയുടെ ഗൺമാൻ തോമസിന്റെ തലയടിച്ചുപൊട്ടിച്ചു. രക്തത്തിൽ കുളിച്ച തോമസിന്റെ മുഖം മാധ്യമങ്ങളിൽ നിറഞ്ഞു. പ്രതിഷേധങ്ങളോടുള്ള സംസ്ഥാന ഭരണകൂടത്തിന്റെ അസഹിഷ്ണുതയുടെ ഉദാഹരണമായി കോൺഗ്രസ് ഈ സംഭവത്തെ ഉയർത്തിക്കാട്ടി.

തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളേണ്ട ഇടതുപക്ഷം ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ തയ്യാറാകുമോയെന്നതാണ് ഒരു അനുബന്ധ ചോദ്യം. സർക്കാരിന്റെ എല്ലാ നീക്കങ്ങളെയും കണ്ണടച്ച് എതിർക്കുന്ന രീതി കേരളത്തിന് ഗുണകരമാകില്ല. അധികാരമില്ലാത്തപ്പോൾ മാത്രം തെരുവിലിറങ്ങുന്ന വിദ്യാർത്ഥിയുവജന സംഘടനകളെ ഉപയോഗിച്ച് പൊതുമുതൽ നശിപ്പിക്കുന്ന സമരമുറകൾക്ക് പകരം, സംസ്ഥാനത്തിന്റെ പൊതുതാൽപര്യം മുൻനിർത്തിയുള്ള വിമർശനങ്ങളാണ് ഉണ്ടാകേണ്ടത്. ജനഹിതം ഉൾക്കൊണ്ട്, ഭരണപ്രതിപക്ഷ ഭേദമന്യേ കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള രാഷ്ട്രീയ പക്വതയാണ് ഇനി കേരളം പ്രതീക്ഷിക്കുന്നത്.

അഞ്ചു വർഷം മുമ്പ് പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ ചുമതലയേറ്റത് വലിയ മാറ്റങ്ങളോടെയായിരുന്നു. കോൺഗ്രസിൽ തന്നെ ഒരു തലമുറ മാറ്റം ആയാണ് സതീശന്റെ വരവിനെ വിശേഷിപ്പിച്ചത്. സമീപകാല ചരിത്രത്തിൽ ഒരു ഇടതു സർക്കാരിന് തുടർ ഭരണം കിട്ടി എന്നത് കോൺഗ്രസിനെ വലിയ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇതിനിടെ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളെ മാറ്റി അടുത്ത തലമുറയിലൂടെ നേതാവായ സതീശനെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, സർക്കാരിന് മുന്നിൽ ക്രിയാത്മക പ്രതിപക്ഷമായി നിലകൊള്ളുമെന്ന നിലപാട് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിലും തുടർന്നു നടന്ന ഇടപെടലുകളിൽ പലപ്പോഴും സതീശൻ വ്യത്യസ്ത വഴി കണ്ടെത്തി. പല വിഷയങ്ങളിലും സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിച്ചു. കോവിഡ് കാലത്ത് ആ വിഷയങ്ങളിൽ സർക്കാരിനെതിരെ അനാവശ്യ ആക്രമണം നടത്തില്ല എന്നും അദ്ദേഹം നിലപാട് എടുത്തിരുന്നു. ഇതിനെയെല്ലാം 'ക്രിയാത്മകം' എന്നാണ് സതീശൻ ആദ്യം വിശേഷിപ്പിച്ചത്. എന്നാൽ താൻ ഈ വാക്ക് മാറ്റുന്നതായി സതീശൻ പിന്നീട് പറഞ്ഞു. ആ ക്ലീഷേ വാക്കിനു പകരം 'സർഗ്ഗാത്മക പ്രതിപക്ഷം' എന്ന വാക്കവതരിപ്പിച്ചു സതീശൻ. അതിനനുസൃതമായ പ്രവർത്തന മാറ്റങ്ങൾ വരുത്തിയത് ജനം തിരിച്ചറിഞ്ഞു എന്ന അവകാശവാദം തള്ളിക്കളയാനാകില്ല.

ജനനന്മ മുഖ്യം

അരുന്ധതി റോയ് പറയുന്നത് കേൾക്കുമോ കേരളത്തിലെ ഇടതുപക്ഷമെന്ന ചോദ്യം പ്രസക്തം. ആ വാക്കുകൾ ഇങ്ങനെ:'നമുക്ക് പുതിയൊരു തരം രാഷ്ട്രീയം ആവശ്യമാണ്. ഭരണത്തിന്റെ രാഷ്ട്രീയമല്ല, മറിച്ച് പ്രതിരോധത്തിന്റെ രാഷ്ട്രീയമാകണം അത്. പ്രതിപക്ഷ രാഷ്ട്രീയം. ചില നാശങ്ങൾ തടയുന്നതിനായി കൈകോർക്കുന്ന രാഷ്ട്രീയം.'അരുന്ധതിയുടെ നിർവചനത്തിലേതല്ലെങ്കിലും പ്രതിപക്ഷ ക്രിയാത്മകതയും സർഗ്ഗാത്മകതയും കാൽപ്പനികമാകണമെന്നില്ലെന്നു തെളിയിക്കുന്ന രണ്ടുദാഹരണങ്ങൾ നരസിംഹ റാവുവും അടൽബിഹാരി വാജ്‌പേയും രാജ്യത്തിനു മുന്നിൽ പ്രദർശിപ്പിച്ചത് പഴങ്കഥയായി മാറിയിരിക്കുന്നു. 

1991ൽ നരസിംഹ റാവു സർക്കാർ അധികാരമേറ്റ സമയം സർക്കാർ നിരക്കിൽ 15  -16 രൂപയും, അനൗദ്യോഗികമായി 25 - 32 രൂപയുമായിരുന്നു ഒരു ഡോളറിന്റെ വില. കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് രൂപയുടെ മൂല്യം യഥാർത്ഥ സ്ഥിതിയിലേക്ക് കുറച്ചുകൊണ്ടു വരേണ്ടത് അത്യാവശ്യമായിരുന്നു. ഇതിനായി മൂല്യശോഷണം നടപ്പാക്കുന്നതിന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുമായി ചർച്ച ചെയ്തപ്പോൾ, ഇക്കാര്യം വളരെ അത്യാവശ്യമാണെങ്കിലും കോൺഗ്രസ് പാർട്ടിയിൽ അത് ചർച്ച ചെയ്യേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

കാരണം, സോഷ്യലിസ്റ്റ് വക്താക്കളായ കോൺഗ്രസ്സിലെ ബഹുഭൂരിപക്ഷം നേതാക്കളും അതിനെ എതിർക്കും എന്നവർക്കറിയാമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രിയോട് ചോദിച്ച മൻമോഹൻ സിംഗിനോട് റാവു പറഞ്ഞത്, ഇതിപ്പോൾ ആരെയും അറിയിക്കേണ്ട, തീരുമാനം ഞാൻ പിന്നീടു പറയാം എന്നായിരുന്നു. അരമണിക്കൂറിനകം റാവുവിന്റെ കുറിപ്പ് ധനകാര്യമന്ത്രിക്കു ലഭിച്ചു. രൂപയുടെ മൂല്യശോഷണം നടപ്പാക്കാനുള്ള അനുവാദമായിരുന്നു അതിൽ. ഇത് എങ്ങനെയാണ് സാധിച്ചത് എന്ന് മൻമോഹൻ ചോദിച്ചപ്പോൾ, റാവു പറഞ്ഞത്, അന്നത്തെ പ്രതിപക്ഷ നേതാവായ വാജ്‌പേയുമായി ഇക്കാര്യം സംസാരിച്ചുവെന്നും, രാജ്യനന്മയ്ക്കായുള്ള ഒരു കാര്യവും വാജ്‌പേയ് എതിർക്കില്ലെന്ന് ഉറപ്പു വന്നതിനാൽ, കോൺഗ്രസ് നേതാക്കളാരുമായും സംസാരിച്ചില്ല എന്നുമാണ്.

ബ്രിട്ടീഷ് ബാങ്കിൽ 47 ടൺ സ്വർണം പണയം വെച്ച് വിദേശനാണ്യം വാങ്ങിയിരുന്ന രാജ്യം പുതുതായി നടപ്പാക്കിയ ധനകാര്യ ഉദാരവൽക്കരണ നടപടികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു രൂപയുടെ മൂല്യം കുറയ്ക്കൽ. ഇതുവഴി കയറ്റുമതി വർദ്ധിപ്പിച്ച് വിദേശനാണ്യശേഖരം വർദ്ധിപ്പിച്ചു. പ്രതിപക്ഷം എന്ന നിലയിൽ സർക്കാരിനെ ബുദ്ധിമുട്ടിലാക്കാമായിരുന്ന ഈ നടപടിയെ എതിർക്കുന്ന നീക്കമല്ല അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽബിഹാരി വാജ്‌പേയ് സ്വീകരിച്ചത്.

ജനീവയിൽ 1994ൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാശ്മീരിനെ സംബന്ധിച്ച സമ്മേളനത്തിൽ ഇന്ത്യാ സംഘത്തിന്റെ ലീഡറായി പങ്കെടുക്കുന്നതിന് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു നിയോഗിച്ചത് വാജ്‌പേയെ ആയിരുന്നു. പാകിസ്ഥാൻ ഉണ്ടാകുന്നതിനും എത്രയോ മുമ്പ് കാശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന് സമർത്ഥിക്കാൻ ഒരു ചെറിയ കഥകൊണ്ട് വാജ്‌പേയിക്ക് സാധിച്ചു. സർക്കാരിനെ താഴെ ഇറക്കുന്നതിനോ, രാഷ്ട്ര സുരക്ഷയെ തുരങ്കം വെയ്ക്കുന്നതിനോ ഉള്ള ഒരു നടപടിക്കും അന്നത്തെ പ്രതിപക്ഷം ഒരിക്കലും മുതിർന്നില്ല. പ്രഥമ പരിഗണന എപ്പോഴും രാഷ്ട്രത്തിനായിരുന്നു.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam