അസമിൽ കോൺഗ്രസിനെ നയിക്കാൻ ഗൗരവ് ഗൊഗോയ് എത്തിയാൽ അവിടെ തീപാറുകതന്നെ ചെയ്യും..! കോൺഗ്രസിനെ ചതിച്ച് ബി.ജെ.പിയോടൊപ്പം പോയി മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ പ്രത്യക്ഷപോരാട്ടത്തിന് ഗൊഗോയ് നേതൃത്വം നൽകുകയും ചെയ്താൽ അസം രാഷ്ട്രീയം ഇളകിമറിയുമെന്ന് ഹൈക്കമാന്റ് കരുതുന്നു.
അസമിൽ ഗൗരവ് ഗൊഗോയ് എന്ന 43കാരനിലാണ് കോൺഗ്രസിന്റെ സർവ്വ പ്രതീക്ഷയും. അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനാണ് ഇദ്ദേഹം. ഉയർന്ന ശമ്പളമുള്ള എയർടെല്ലിലെ ജോലി ഉപേക്ഷിച്ചുകൊണ്ട് 2005ൽ ഡൽഹി ആസ്ഥാനമായുള്ള പ്രവാഹ് എന്ന എൻജിഒയിൽ ചേരുകയായിരുന്നു. പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞു. 2014 മുതൽ 2024 വരെ 16-ാം ലോക്‌സഭയിലും 17-ാം ലോക്‌സഭയിലും അദ്ദേഹം കാലിയബോർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു, അതിനുശേഷം മണ്ഡലം നിർത്തലാക്കപ്പെട്ടു.
2024 മുതൽ 18-ാം ലോക്‌സഭയിൽ ജോർഹട്ട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുമാണ് ജയിച്ചത്. 2020 മുതൽ 2024 വരെ, അധീർ രഞ്ജൻ ചൗധരിയുടെ കീഴിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഡെപ്യൂട്ടി നേതാവായി കസറിയവനുമാണ്. മൂന്നു തവണ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയുടെ കമാൻഡറുടെ വേഷമായിരുന്നു ഹിമന്ത ബിശ്വ ശർമ്മയയ്ക്ക് ഒരുകാലത്തുണ്ടായിരുന്നത്.
ഗൗരവ് ഗൊഗോയ് ഇങ്ങനെ വളർന്നു പന്തലിച്ചാൽ തന്റെ മുഖ്യമന്ത്രിമോഹം ഒരുകാലത്തും നടക്കില്ലെന്നുകണ്ട ഹിമന്ത ബിശ്വ ശർമ എന്ന കോൺഗ്രസ് നേതാവ് 2016ലെ തിരഞ്ഞെടുപ്പിനു മുൻപ് ഒരുകൂട്ടം കോൺഗ്രസ് എം.എൽ.എമാരുമായി കോൺഗ്രസിനെ ചതിച്ച് ബി.ജെ.പിയിൽ ചേരുകയായിരുന്നു. ആ തിരഞ്ഞെടുപ്പിൽ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ആദ്യ സർക്കാരായി അത്. ഏതാനും വർഷങ്ങൾക്കുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് മുക്തമാക്കാൻ നേതൃത്വം നൽകിയത് എൻ.ഡി.എയുടെ വടക്കു കിഴക്കൻ പതിപ്പായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (നേതാ) കൺവീനറായ ഹിമന്ത ബിശ്വ ശർമയാണ്.
2021 തിരഞ്ഞെടുപ്പിൽ സർബാനന്ദ സോനോവാൾ നിയമസഭയിലേക്കു ജയിച്ചെങ്കിലും മുഖ്യമന്ത്രിയായതു ഹിമന്ത ബിശ്വ ശർമയായിരുന്നു. ഗൊഗോയ് കുടുംബത്തിന്റെ മണ്ഡലമായ കാലിയബോറിൽനിന്നു രണ്ടു തവണയാണ് ഗൗരവ് ലോക്‌സഭയിലേക്കു ജയിച്ചത്. മുതിർന്ന നേതാക്കളെ മറികടന്ന്, രണ്ടുതവണ പ്രതിപക്ഷ ഉപനേതാവുമായി. മണിപ്പുർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ഗൗരവിന്റെ ഇടപെടലുകൾ ബി.ജെ.പിക്കു തലവേദനയുണ്ടാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലപുനർനിർണയത്തിൽ കാലിയബോർ ഇല്ലാതായി. ഇതു മനപ്പൂർവമാണെന്നു ഗൗരവ് ആരോപിച്ചു. മണ്ഡലത്തിലെ മുസ്ലിം വോട്ടുകളായിരുന്നു ഗൊഗോയ് കുടുംബത്തിന്റെ എക്കാലത്തേയും ബലം..!
അഹോം വിഭാഗത്തിനു സ്വാധീനമുള്ള ജോർഹട്ടിൽ ഗൗരവ് ഗൊഗോയ് മത്സരിച്ചു. എംപിയും അഹോം വംശജനുമായ തപൻ കുമാർ ഗൊ ഗോയിയെ മുന്നിൽനിർത്തി ഗൗരവിനെ തോൽപിക്കാൻ ഹിമന്ത ബിശ്വ ശർമ അരയും തലയും മുറുക്കി പൊരുതിനോക്കി. മന്ത്രിസഭയിലെ അംഗങ്ങൾ മുഴുവൻ ജോർഹട്ടിൽ ക്യാംപ് ചെയ്ത് ഗൗരവിനെതിരെ പ്രചാരണം നടത്തി. യഥാർഥത്തിൽ അതു ഹിമന്ത ഗൗരവ് പോരാട്ടമായിരുന്നു. എന്നാൽ അവിടെനിന്നും പുഷ്പം പോലെ ഗൗരവ് ഗൊഗോയ് വിജയശ്രീലാളിതനായി വിഹരിക്കാൻ തുടങ്ങി. അത് ഹിമന്തയ്ക്കു വലിയ തിരിച്ചടിയായിരുന്നു.
അടുത്തകാലത്ത് മുസ്ലിം വോട്ടർമാർക്കിടയിലുണ്ടായ മാറ്റവും ബി.ജെ.പിയെ വല്ലാതെ ഭയപ്പെടുത്തുന്നു. അസമിലെ മുസലിം ജനസംഖ്യ 40 ശതമാനത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറയുന്നു. കോൺഗ്രസിനു പരമ്പരാഗതമായി കിട്ടിയിരുന്ന മുസ്ലിം വോട്ടുകൾ ഏതാനും വർഷങ്ങളായി മൗലാനാ ബദറുദ്ദീൻ അജ്മൽ നേതൃത്വം നൽകിയ എ.ഐ.യു.ഡി.എഫിനാണ് ലഭിച്ചിരുന്നത്.
എന്നാൽ, മുസ്ലിം വോട്ടുകൾ വിഘടിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് വൻവ്യവസായിയായ അജ്മൽ നടത്തുന്നതെന്ന കോൺഗ്രസ് ആരോപണത്തിനു ഫലമുണ്ടായി. മുസ്ലിം വോട്ടർമാർ ഒന്നടങ്കം കോൺഗ്രസിലേക്കു മാറുന്ന സ്ഥിതിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. അജ്മൽ സ്ഥിരമായി ജയിച്ചിരുന്ന ദുബ്രി മണ്ഡലത്തിൽ കോൺഗ്രസിന്റെ റക്കീബുൽ ഹുസൈൻ ജയിച്ചത് പത്തുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലും. അത് ദേശീയ റെക്കോർഡാണ്.
ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയും വ്യവസായിയുമായ റീനിക്കി ബൂയാൻ ശർമയെ അനധികൃതമായി സർക്കാർ ഒട്ടേറെ സഹായങ്ങൾ നൽകുകയാണെന്നു ഗൗരവ് ശക്തമായ ആരോപണം ഉന്നയിച്ചു. അതിനു തടയിടാൻ ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷ് ഭാര്യ എലിസബത്തിന്റെ പാക് ബന്ധങ്ങളെക്കുറിച്ച് ഇല്ലാക്കഥകൾ മെനഞ്ഞ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പുതിയ വെളിപ്പെടുത്തലുകൾ നടത്തുകയും ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. അതിന് ചൂട്ടുപിടിക്കാൻ റിപ്പബ്ലിക് ചാനലിന്റെ എഡിറ്റർ-ഇൻ-ചീഫ് അർണാബ് ഗോസ്വാമിയുയും മുന്നിട്ടിറങ്ങിയിരുന്നു. അസം സർക്കാർ എലിസബത്തിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. തീർന്നില്ല, ഗൗരവ് ഗൊഗോയ് ഫൗണ്ടേഷന്റെ എൻജിഒ ജോർജ്ജ് സോറോസിൽ നിന്ന് ധനസഹായം സ്വീകരിച്ചുന്നെും പ്രചരിപ്പിക്കാനും മടിച്ചില്ല.
2014ൽ കോൺഗ്രസ് എംപി ഗൊഗോയിയുടെ ഫൗണ്ടേഷൻ ഒരു എൻജിഒ ആരംഭിച്ചതായും ജോർജ്ജ് സോറോസിൽ നിന്ന് പണം സ്വീകരിച്ചതായും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞുനടന്നു. 2015ൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) അനുമതിയോ അറിവോ ഇല്ലാതെയാണ് ഗൊഗോയ് പാകിസ്ഥാൻ എംബസി സന്ദർശിച്ചത്. സന്ദർശനത്തിനുശേഷം മന്ത്രാലയത്തെ അറിയിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
'പാകിസ്ഥാൻ എംബസി സന്ദർശനത്തിന് ശേഷം, മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണം തീരദേശ പാതയിലൂടെയാണെന്ന് അറിഞ്ഞുകൊണ്ട്, തീരദേശ പാതകളിൽ ഇന്ത്യ എത്ര റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നതുപോലുള്ള വളരെ സെൻസിറ്റീവ് ചോദ്യങ്ങൾ ഗൊഗോയ് ഇന്ത്യൻ പ്രതിരോധ മന്ത്രിയോട് ഉന്നയിച്ചു,' ഇങ്ങനെ തുടരെത്തുടരെ അസം മുഖ്യമന്ത്രി പല പല ആരോപമങ്ങൾ ിന്നയിച്ചെങ്കിലും അതൊന്നും വിലപ്പോകുന്നില്ല.
എന്തുതന്നെയായാലും അസമാൽ കോൺഗ്രസിനെ നയിക്കാൻ ഗൗരവ് ഗൊഗോയ് എത്തുകയും ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ പ്രത്യക്ഷപോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്താൽ അസം രാഷ്ട്രീയം ഇളകിമറിയുകതന്നെ ചെയ്യും.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1