2001 മെയ് മാസത്തിലാണ് കേരളത്തിൽ അസബ്ലി തിരഞ്ഞെടുപ്പ് നടത്തിയത്. ഇത് ഉമ്മൻചാണ്ടിയുടെ എട്ടാമത്തെ തിരഞ്ഞെടുപ്പ് മത്സരമാണ്. ഏറെക്കാലം സഹപ്രവർത്തകനായും സഹോദരനെപ്പോലെയും പെരുമാറിയിരുന്ന ചെറിയാൻ ഫിലിപ്പാണ് ഒരു പ്രത്യേക സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ എതിരാളിയായി പുതുപ്പള്ളിയിൽ മത്സരത്തിനിറങ്ങിയത്. 99 സീറ്റ്‌നേടാനായി കോൺഗ്രസ്സ് വൻ വിജയം നേടിയെങ്കിലും പാർട്ടിക്കുള്ളിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങൾ ഉരുണ്ടുകൂടി.
കോൺഗ്രസുകാരുടെ നിന്തരമായ ശ്രമത്തിന്റെ ഫലമായി സോണിയാ രാജി പിൻവലിച്ചു. തുടർന്ന് സോണിയാ പതിമൂന്നാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെ 2001 സെപ്തംബറിൽ, പൗരത്വ നിയമത്തിലെ സെക്ഷൻ 5(1) (സി) പ്രകാരം സോണിയ ഗാന്ധിക്ക് അനുവദിച്ച സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, സോണിയ ഒരു ഇന്ത്യൻ പൗരയാണെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തു.
കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കവേ നായനാർ സർക്കാർ ആരോപണങ്ങളിൽപ്പെട്ട് ഉഴലുകയായി. വ്യാജ മദ്യ ദുരന്തവും പ്ലസ് ടു പ്രവേശനവും ഒക്കെ പ്രതിച്ഛായയ്ക്ക് ഏറെ കളങ്കം ഏൽപ്പിച്ചു. ഇങ്ങനെയിരിക്കുകയാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. 2001 ലെ മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ്.
ഇത് ഉമ്മൻചാണ്ടിയുടെ എട്ടാമത്തെ തിരഞ്ഞെടുപ്പ്
മത്സരമാണ്. ഏറെക്കാലം സഹപ്രവർത്തകനായും സഹോദരനെപ്പോലെയും പെരുമാറിയിരുന്ന
ചെറിയാൻ ഫിലിപ്പാണ് ഇക്കുറി ഉമ്മൻചാണ്ടിയുടെ എതിരാളിയായി പുതുപ്പള്ളിയിൽ
മത്സരത്തിനിറങ്ങിയത്.
ഈ വിവരം അറിഞ്ഞ നിമിഷം 1991 ലെ സംഘടന
തെരഞ്ഞെടുപ്പാണ് ഉമ്മൻചാണ്ടിയുടെ മനസ്സിലേക്ക് ഓടിയെത്തിയത്. കെ.പി.സി.സി
അധ്യക്ഷപദവിയിലേക്കുള്ള മത്സരത്തിൽ ആന്റണി തോറ്റു. ഉടൻതന്നെ ചെറിയാൻ
ഫിലിപ്പ് പത്ര പ്രവർത്തകരിൽ ചിലരെ വിളിച്ച് ഫോട്ടോഗ്രാഫറുമായി ഉടനെ വരാൻ
പറഞ്ഞു.
പത്രക്കാർ വന്നപ്പോൾ കണ്ടത് കെ.പി.സി.സി ഓഫീസിൽ നിന്ന് ഒരു ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ആന്റണിയെയാണ്. അത് തടയാൻ വയലാർ രവി സ്‌നേഹപൂർവ്വം പിന്നാലെ ഓടിയെത്തി. ഫലമുണ്ടായില്ല. ആ മടക്കം ആഘോഷമാക്കി മാറ്റാൻ ചുക്കാൻ പിടിച്ചത് ചെറിയാൻ ഫിലിപ്പ് ആയിരുന്നു.
ഇങ്ങനെ പാർട്ടിക്കുവേണ്ടി, സ്വന്തം നേതാക്കൾക്ക് വേണ്ടി ബുദ്ധിപരമായി കരുക്കൾ നീക്കാൻ മിടുക്കുള്ള സഹൃദയൻ. ഉമ്മൻചാണ്ടിക്ക് എതിരാളിയായി വന്ന ചെറിയാൻ ഫിലിപ്പിനോട് യാതൊരു വിഷമവും തോന്നിയില്ല. മറിച്ച് കുറ്റബോധമാണ് ഉണ്ടായതെന്ന് പിന്നീട് പലരോടും ഉമ്മൻചാണ്ടി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. 1991ൽ കോട്ടയം സീറ്റ് നൽകിയിരുന്നു ചെറിയാൻ ഫിലിപ്പിന് പക്ഷേ, സി.പി.എമ്മിന്റെ കരുത്തനായ ടി.കെ. രാമകൃഷ്ണനായിരുന്നു എതിരാളി. അദ്ദേഹത്തിന്റെ മുന്നിൽ ചെറിയാന് അടിയറവ് പറയേണ്ടിവന്നു.
2682 വോട്ടുകൾക്കാണ് രാമകൃഷ്ണൻ അന്നവിടെ ജയിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ചെറിയാന് സീറ്റ് നൽകാനും കഴിഞ്ഞില്ല. 2001ൽ ചെറിയാൻ ഫിലിപ്പ് ആഗ്രഹിച്ചത് തിരുവനന്തപുരം വെസ്റ്റ് ആയിരുന്നു. ആ വഴിക്ക് ചർച്ചകളൊക്കെ നടന്നതുമാണ്. എന്നാൽ, എം.വി. രാഘവന് വിജയസാധ്യതയുള്ള മറ്റു സീറ്റിനായുള്ള അന്വേഷണം തിരുവനന്തപുരം വെസ്റ്റിൽ ആണ് ചെന്നെത്തിയത്. തിരുവനന്തപുരം ഈസ്റ്റിലോ, നോർത്തിലോ ചെറിയാന് മത്സരിക്കാമായിരുന്നു. വിജയസാധ്യയെപ്പറ്റി സംശയമുണ്ടായ ചെറിയാൻ അതിനു തയ്യാറായില്ല. പിന്നെ മറ്റൊന്നും ആലോചിക്കാതെ ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചു 'ഉമ്മൻചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയിൽ താൻ എതിർ സ്ഥാനാർത്ഥി ആയിരിക്കും എന്ന് '.
ഈ അവസരം മുതലാക്കി സി.പി.എം അദ്ദേഹത്തെ പുതുപ്പള്ളിയിൽ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കി. ഇത് കേരളജനത വളരെ കൗതുകത്തോടെയാണ് കണ്ടത്. കേരളത്തിലെ ആന്റണി ഗ്രൂപ്പിന്റെ നേതാവ് സത്യത്തിൽ ഉമ്മൻചാണ്ടി ആയിരുന്നു. ഗ്രൂപ്പ് ആന്റണിയെ കേന്ദ്രീകരിച്ച് ആണെങ്കിലും ഗ്രൂപ്പിന്റെ നടത്തിപ്പ് ചുമതല മുഴുവൻ ചെറിയാൻ ഫിലിപ്പിനായിരുന്നു. ഗ്രൂപ്പ് യോഗം വിളിക്കലും സ്ഥാനാർത്ഥികളെ നിർണയിക്കലും ഒക്കെ ചെറിയാൻ ഫിലിപ്പിന്റെ ചുമതലയിലാണ് നടന്നിരുന്നത്. എന്നാൽ സ്വന്തമായി ഒരു സീറ്റ് കണ്ടുപിടിക്കാനും അവിടെ മത്സരിച്ചു ജയിക്കാനും ചെറിയാന് കഴിഞ്ഞില്ല.
ഒടുവിൽ ഗ്രൂപ്പിന്റെ ആളായ ഉമ്മൻചാണ്ടിയുമായി ചെറിയാൻ ഫിലിപ്പ് അകലുന്നു. ഒരു നിർണായക ഗ്രൂപ്പ് യോഗം നടന്നത് ചെറിയാൻ ഫിലിപ്പ് അറിഞ്ഞു പോലുമില്ല. അത് അദ്ദേഹത്തെ കൂടുതൽ ക്ഷുഭിതനാക്കി. തുടർന്ന് കെ. കരുണാകരനുമായി വളരെ അടുപ്പത്തിലായി. തിരുവനന്തപുരത്ത് പാരീസ് ലൈനിലെ ഒരു ബംഗ്ലാവിൽ അധികാരം നഷ്ടപ്പെട്ട കരുണാകരൻ താമസിക്കുന്ന കാലം. അന്നത്തെ ഏറ്റവും അടുത്ത സഹായി ആന്റണി ഗ്രൂപ്പിൽ നിന്നുമെത്തിയ ചെറിയാൻ ഫിലിപ്പ് ആയിരുന്നു. കരുണാകരന്റെ മകൾ പത്മജയുമായും അടുപ്പത്തിലായി.
ഏഴുപതുകളിൽ എം.എൽ.എ ഹോസ്റ്റലിലെ
ഉമ്മൻ ചാണ്ടിയുടെ മുറിയിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റ താമസം. പീഡനങ്ങളുടെ
കാലത്ത് കക്ഷിയെ ഏറെ സഹായിച്ചത് ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹം എന്റെ
രക്ഷകർത്താവാണ്. എന്നൊക്കെയാണ് അന്നദ്ദേഹം പറഞ്ഞിരുന്നത്.
എല്ലാവർക്കും
അതൊരു അത്ഭുതമായി. ഉമ്മൻ ചാണ്ടിയും ചെറിയാനും തമ്മിലുള്ള ബന്ധം അവസാനിച്ചു
എന്ന് പലരും ധരിച്ചു. ചിലർ സഹതാപത്തോടെ സംസാരിച്ചു. തനിക്ക് അപ്പോഴൊന്നും
ചെറിയാനോട് വിദ്വേഷം തോന്നിയില്ല എന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. എന്റെ
ഭാഗത്ത് നിന്ന് തെറ്റുവന്നു എന്ന മനോഭാവമാണ് അന്ന് എനിക്കുണ്ടായത്.
ചെറിയാനെ പോലെ സജീവ നേതൃത്വത്തിലുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാൻ
സാധിക്കുന്ന സീറ്റ് നൽകേണ്ടതായിരുന്നു. അതിന് സാധിക്കാതെ വന്നതിൽ തെറ്റ്
സംഭവിച്ചു. തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാനുൾക്കൊള്ളുന്ന സംവിധാനത്തിന്റെ
ഭാഗത്താണ്. അതുകൊണ്ടുതന്നെ എനിക്ക് അന്നും ഇന്നും വിദ്വേഷമില്ലെന്നുമാണ്
ഉമ്മൻ ചാണ്ടി പറയുന്നത്.
വീണ്ടും 2001ലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് തന്നെ വരാം. ചാലക്കുടിയിൽ പത്മജ വേണഗോപാലിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചത് വലിയ പ്രശ്‌നമായി. ഡൽഹിയിൽ അന്തിമ ലിസ്റ്റ് അംഗീകരിച്ചു മടങ്ങി വന്ന ശേഷവും തർക്കങ്ങൾ തുടർന്നു. വീണ്ടും പലവട്ടം പലയിടത്തായി ചർച്ചകൾ. ഒടുവിൽ ആന്റണി കോൺഗ്രസിന് അനുവദിച്ച പേരാവൂർ, വടക്കേക്കര, ആറന്മുള മണ്ഡലങ്ങൾ കരുണാകര പക്ഷത്തിന് കൈമാറി. അവരുടെ റാന്നി പകരം ആന്റണി ഗ്രൂപ്പിന് കൊടുത്തു. പേരാവൂരിൽ കെ.പി. നൂറുദ്ദീനേയും വടക്കേക്കരയിൽ കെ.പി. ധനപാലനയും ആറന്മുളയിൽ കെ. ശിവദാസൻ നായരെയും സ്ഥാനാർത്ഥികൾ ആക്കാൻ തീരുമാനിച്ചു. അവർ അവിടെ പ്രചാരണം തുടങ്ങുകയും ചെയ്തു. എ.ഡി. മുസ്തഫ, എം.എ. ചന്ദ്രശേഖരൻ, മാലോത്ത് സർളാദേവി എന്നിവരെ ഐ ഗ്രൂപ്പ് സ്ഥാനാർത്ഥികളാക്കി നിർത്തുകയും ചെയ്തു. എന്നാൽ പകരം കിട്ടിയ റാന്നി സീറ്റ് ആന്റണി ഗ്രൂപ്പ് എടുത്തതുമില്ല.
ഈ വക സംഗതികൾ ഒന്നും തിരഞ്ഞെടുപ്പ് വിജയത്തിന് തടസ്സങ്ങൾ ആയിരുന്നില്ല. യു.ഡി.എഫ് വൻ വിജയം കൊയ്തു. അഞ്ചുവർഷത്തെ ജനവിരുദ്ധ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് പ്രതീക്ഷയ്ക്കും അപ്പുറത്തെ ഈ വിജയം എന്ന് എ.കെ. ആന്റണി ഇതിനെ വിലയിരുത്തി. പല ശാക്തിക ചേരികളും ഇടതുമുന്നണിക്കെതിരെ ഒന്നിച്ചു അണിനിരന്നു. അത് മറികടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്ന് പിണറായി വിജയനും പറഞ്ഞു.
ഉമ്മൻചാണ്ടി 12,575 വോട്ടിന് വിജയിച്ചു. 99 മണ്ഡലങ്ങൾ യു.ഡി.എഫ് കൈപ്പിടിയിലൊതുക്കി. കോൺഗ്രസിന് മാത്രമായി 63 സീറ്റ് ഉണ്ടായിരുന്നു. കെ. രാധാകൃഷ്ണൻ ഒഴികെ മത്സര രംഗത്ത് ഉണ്ടായിരുന്ന ഇടതുപക്ഷത്തെ മന്ത്രിമാരൊക്കെയും പരാജയപ്പെട്ടു. എ.കെ. ആന്റണി മൂന്നാം തവണ മുഖ്യമന്ത്രിയായി. 2001 മെയ് 17 ആയിരുന്നു സത്യപ്രതിജ്ഞ.
തിരുവനന്തപുരം
മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യു.ഡി.എഫ് വലിയ മുന്നേറ്റം ആണ്
ഉണ്ടാക്കിയത്. 1996ൽ 41 സീറ്റ് ഉണ്ടായിരുന്ന സി.പി.എമ്മിന് ഇത്തവണ
കിട്ടിയത് 23 സീറ്റ് മാത്രം.
കോൺഗ്രസിന് ആകട്ടെ കഴിഞ്ഞതവണ കിട്ടിയ 36
സീറ്റിന് പകരം 62 സീറ്റ് ലഭിച്ചു. സി.പി.ഐയുടെ കുത്തക സീറ്റുകൾ ഒക്കെയും
കൈവിട്ടുപോയി. കൊടുങ്ങല്ലൂർ, പട്ടാമ്പി, നാട്ടിക, കരുനാഗപ്പള്ളി എന്നിങ്ങനെ
പ്രമുഖ സീറ്റുകളിൽ ഒക്കെയും സി.പി.ഐക്ക് നഷ്ടമായി. സി.പി.ഐ
മന്ത്രിമാരായിരുന്ന കെ. ഇസ്മായിൽ, കൃഷ്ണൻ കണിയാംപറമ്പിൽ എന്നിവരും
പരാജയപ്പെട്ടു.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും വിദ്യാഭ്യാസ
മന്ത്രിയുമായിരുന്ന പി.ജെ. ജോസഫും പരാജയപ്പെട്ടു. തൊടുപുഴയിൽ ജോസഫിനെ
പരാജയപ്പെടുത്തിയത് പി.ടി. തോമസ് ആയിരുന്നു.
പുതിയ മന്ത്രിസഭ
അധികാരമേറ്റ് കഴിഞ്ഞാൽ ഉടൻതന്നെ ഗവർണർ നൽകുന്ന ചായ സൽക്കാരത്തിൽ
പങ്കെടുക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രാജ്യഭവനിലേക്ക് പോകുന്ന
ഒരു പതിവുണ്ട്. ഇത്തവണ അത് നീട്ടിവെച്ച് ആന്റണിയും മറ്റും കോൺഗ്രസ്
ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് പോയി. അന്ന് അവിടെ കേന്ദ്ര നിരീക്ഷകനായി
എത്തിയിരുന്നത് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഗുലാം നമ്പി ആസാദ് ആയിരുന്നു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1