രാജീവ് ഗാന്ധിയുടെ ദാരുണ മരണം നടന്ന സമയത്ത് 19 വയസ്സുള്ള പ്രിയങ്കാ ഗാന്ധി ഏവരിലും ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിച്ചു. രാഹുൽഗാന്ധിയെ കൂട്ടിക്കൊണ്ടു വരാൻ അമിതാഭ് ബച്ചനൊപ്പം വിമാനത്താവളത്തിൽ പോയപ്പോഴും സംസ്‌കാരത്തിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചപ്പോഴും ഒക്കെ തികഞ്ഞ സംയമനമാണ് പ്രിയങ്ക പ്രദർശിപ്പിച്ചത്. ഹാർവാർഡിൽ ഇന്റർനാഷണൽ പൊളിറ്റിക്‌സ് പഠിക്കുന്ന രാഹുൽഗാന്ധി വിവരമറിഞ്ഞ ഉടനെ ഡൽഹിയിലേക്ക് പറക്കുകയായിരുന്നു. പിതാവിന്റെ മൃതദേഹത്തിനരികിൽ ഏറ്റവും കൂടുതൽ നേരം ഇരുന്നത് രാഹുലാണ്.
രാജീവ് ഗാന്ധിയുടെ മരണം ഉൾക്കൊള്ളാൻ ഉമ്മൻചാണ്ടിക്കോ മറ്റു കോൺഗ്രസ് നേതാക്കൾക്കോ അപ്പോഴും കഴിഞ്ഞിരുന്നില്ല. ഉമ്മൻചാണ്ടി വിദൂരതയിലേക്ക് നോക്കി നെടുവീർപ്പിട്ടുകൊണ്ട് എന്തൊക്കെയോ ആലോചിച്ചു. താനും രാജീവ് ഗാന്ധിയും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ എത്തിയത് വളരെ വൈകിയാണ് 1980കളിലാണ് നാൽപ്പതാമത്തെ വയസ്സിൽ തികച്ചും യാദൃശ്ചികമായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. കേവലം 46-ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ചു. വെറും 11 വർഷത്തെ പരിചയം മാത്രമാണ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഭരണത്തിൽ ആകട്ടെ അഞ്ചുവർഷവും..
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ റോൾ മോഡൽ ഇപ്പോൾ രാജീവ്ഗാന്ധി തന്നെയാണെന്ന് അദ്ദേഹം ഓർത്തു. കേവലം അഞ്ചുവർഷത്തെ ഭരണ കാലയളവിനുള്ളിൽ തന്നെ ഏതാണ്ട് 50 വർഷത്തെ പുരോഗതിയാണ് രാജീവ് ഗാന്ധി ഉണ്ടാക്കിയെടുത്തത്. കാലാനുസൃതമായ മാറ്റങ്ങൾക്ക് ഒപ്പം മറ്റു രാജ്യങ്ങളോട് കൂടുതൽ അടുപ്പം ഉണ്ടാക്കി. ഇന്ത്യയെ പുരോഗതിയുടെ പുതിയൊരു തലത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇന്ദിരാഗാന്ധിയിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു രാജീവ് ഗാന്ധി. അതിശക്തയായ ഭരണാധികാരി എന്ന് ഏവരും സമ്മതിക്കുന്ന ഇന്ദിരാഗാന്ധി. അവരുടെ തീരുമാനങ്ങൾ എല്ലാം ചടുലമാണ്. അത് പിഴക്കാറുമില്ല. എന്നാൽ രാജീവ് ഗാന്ധി ആകട്ടെ തീരുമാനങ്ങളുടെ നടപ്പിലാക്കിലാണ് മികവ് കാണിക്കുക. അറച്ചു നിൽക്കാറില്ല. ഏതു പ്രതിസന്ധികളെയും നേരിടാൻ തയ്യാറായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രേരീതമായ അനാവശ്യ ഒത്തുതീർപ്പുകൾക്ക് ഒരിക്കലും രാജീവ് ഗാന്ധി വഴങ്ങിയിട്ടില്ല. ഒരു ആശയം സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തു കഴിഞ്ഞാൽ അത് നടപ്പിലാക്കാൻ ഒട്ടും വൈകാറുമില്ല.
ഫലം ഉറപ്പാക്കുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി എടുത്തു പറയേണ്ടതാണ്. ടെലി കമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത് രാജീവ് ഗാന്ധിയോട് ആണ്.
അതിനായി
സാം പിട്രോഡയോട് പലവട്ടം സംസാരിച്ചു. അദ്ദേഹത്തെ ഒരു രൂപ ശമ്പളത്തിലാണ്
ടെലികോം ഡിപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുവരുന്നത്. അന്ന് മുതിർന്ന
രാഷ്ട്രീയക്കാരിൽ പലരും രൂക്ഷമായി രാജീവ് ഗാന്ധിയെ വിമർശിച്ചിരുന്നതും
ഉമ്മൻചാണ്ടി ഓർത്തു. ടെലഫോൺ സ്ഥാപിച്ചതുകൊണ്ട് നാട്ടിലെ പട്ടിണി മാറുമോ?
കോട്ടയത്തുനിന്ന്
പുതുപ്പള്ളിയിലേക്ക് ഒന്ന് ഫോൺ ചെയ്യണമെങ്കിൽ പോലും ട്രങ്ക് കോൾ ബുക്ക്
ചെയ്യണമായിരുന്നു. മാത്രമല്ല ചുരുങ്ങിയത് രണ്ടര മണിക്കൂർ എങ്കിലും കാത്തു
നിൽക്കേണ്ട അവസ്ഥയുമായിരുന്നു. ഡൽഹിയിലേക്ക് ഒരു കോൾ കിട്ടാൻ 24 മണിക്കൂർ
വേണമായിരുന്നു. ഇപ്പോൾ ആ മേഖലയിൽ ഉണ്ടായ പുരോഗതി പറഞ്ഞറിയിക്കാൻ
കഴിയുന്നതല്ലല്ലോ. വാർത്താവിനിമയരംഗത്ത് വികസനം അടിസ്ഥാന വളർച്ചയുടെ
അടിത്തറ ആകുമെന്ന് സാം പിട്രോടയും രാജീവ് ഗാന്ധിയും കണക്കുകൂട്ടിയത്
എത്രയോ ശരിയായിരുന്നു.
ഇന്ദിരാഗാന്ധി ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ഈ രംഗത്തും രാജീവ് ഗാന്ധി കൂടുതൽ വേഗതയിൽ രാജ്യത്തെ നയിച്ചു. ചന്ദ്രയാൻ വരെ എത്തിയ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണം ലോക സമക്ഷം തല ഉയർത്തി നിൽക്കുന്നത് അദ്ദേഹം ഇട്ട ശിലയിൽ അല്ലേ..?
പതിനെട്ടാം വയസ്സിലെ വോട്ടവകാശം ഇന്ത്യൻ യുവതയ്ക്ക് രാജീവ് ഗാന്ധി ആണ് നൽകിയത്. ഗ്രാമപഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്ത് വരെയും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഭരണത്തിൽ 50% സ്ത്രീകൾക്കു നൽകിയത് രാജീവ് ഗാന്ധി ആയിരുന്നു. പല പ്രബലരായ രാഷ്ട്രീയക്കാരും അതിനെ എതിർത്തുവെങ്കിലും രാജീവ് ഗാന്ധി നിശ്ചയദാർഢ്യത്തോടെ അത് നടപ്പിൽ വരുത്തി. സ്ത്രീ ശാക്തീകരണ രംഗത്തെ ഏറ്റവും വലിയ സംഭവം അതായിരുന്നില്ലേ..? അദ്ദേഹം നടപ്പിൽ വരുത്തിയ പഞ്ചായത്തീരാജ് നഗരപാലികാ ബിൽ അധികാര വികേന്ദ്രീകരണത്തിന്റെയും തദ്ദേശസ്വയംഭരണത്തിന്റെയും അലകും പിടിയും മാറ്റിമറിച്ചു.
പുതിയൊരു ദിശാബോധം സൃഷ്ടിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ നിയമം പാസാക്കിയതെങ്കിലും അത് നടപ്പിൽ വരുത്തിയത് എ.കെ. ആന്റണി ആയിരുന്നു. തീർന്നില്ല ദാരിദ്ര്യ നിർമാർജനത്തിനുള്ള സമഗ്രമായ ഒരു പദ്ധതി ആസൂത്രണം ചെയ്തത് രാജീവ് ഗാന്ധിയാണ്. അതിനെ എതിർത്തവർ താൽക്കാലികമായി ലാഭമുണ്ടാക്കിയിട്ടുണ്ടാകാം. അവിടെഒന്നും പതറാതെ രാജീവ് ഗാന്ധി പൊരുതുകയായിരുന്നു!.
വി.പി. സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിപ്പിടിച്ചത് സാമൂഹികനീതി ഉറപ്പാക്കാനുള്ള വ്യഗ്രത കൊണ്ടൊന്നുമായിരുന്നില്ല. സിംഗിന്റെ ജാതി രാഷ്ട്രീയം, അധികാരത്തിൽ കടിച്ചുതങ്ങാനുള്ള തന്ത്രം മാത്രമായിരുന്നു. പ്രധാനമന്ത്രി പാദത്തിലേക്കുള്ള വഴി സുഗമമാക്കാൻ ബി.ജെ.പിയെ കൂട്ടുപിടിക്കുകയും അവരെ മുഖം മിനുക്കി അവതരിപ്പിക്കുകയും ചെയ്തപ്പോൾ തുറന്നത് തീവ്ര ഹൈന്ദവ രാഷ്ട്രീയത്തിലേക്കുള്ള പാതയായിരുന്നു.
1991 ൽ രാജീവ് ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയിരുന്നെങ്കിൽ മതത്തിന്റെ പേരിൽ ഉള്ള ഇന്നത്തെ വെറുപ്പിന്റെയും അകറ്റിനിർത്തലിന്റെയും ഉന്മൂലനത്തിന്റെയും രാഷ്ട്രീയം ഉണ്ടാകുമായിരുന്നില്ല.
ജനസേവനത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന ഭരണക്രമം വരുമായിരുന്നു. തികച്ചും ശാസ്ത്ര വീക്ഷണമുള്ള ഇന്ത്യ നിലനിൽക്കുമായിരുന്നു. എന്നാൽ എല്ലാം തകിടം മറിഞ്ഞു പോയല്ലോ എന്ന് ഉമ്മൻചാണ്ടി ഓർത്തുപോയി...!
ഈ സമയം ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും രാജീവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മൃതദേഹത്തിൽ പനിനീർ പൂവിന്റെ ഇതളുകൾ വർഷിച്ചു. തൂവെള്ള സാരി ധരിച്ച് സോണിയ ഗാന്ധി മൃതദേഹത്തിന്റെ അരികിൽ ഒരു പ്രതിമ കണക്ക് ഇരുന്നു. ഒരു മണിയോടെ മൃതദേഹം പൊതുദർശനത്തിനായി തീൻ മൂർത്തി ഭവനിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുൻപ് അല്പസമയം തനിക്ക് തനിച്ചു വേണമെന്ന് സോണിയ അഭ്യർത്ഥിച്ചു.
അതനുസരിച്ച് ധവാൻ മുറിയിൽ ഉണ്ടായിരുന്നവരോട് പുറത്തു പോകാൻ വിനയപൂർവ്വം ആവശ്യപ്പെടുകയും വാതിലിന്റെ കർട്ടൻതാഴ്ത്തി അഞ്ചുമിനിറ്റ് നേരം സോണിയായും പ്രിയങ്കയും തനിച്ചായി. തുടർന്ന് രാജീവ് ഗാന്ധി എന്നന്നേക്കുമായി ആ വീടിനോട് വിട പറഞ്ഞു. ശവമഞ്ചം ചുമക്കുന്നവരുടെ തൊട്ടുപിന്നിൽ നീങ്ങിയ സോണിയ ഗാന്ധിയുടെ അടുത്തേക്ക് ഒരു സ്ത്രീ ഓടിവന്ന് ഷൂസ് ധരിച്ചിട്ടില്ല എന്ന കാര്യം ഓർമിപ്പിച്ചു. ഷൂസിനുവേണ്ടി ചുറ്റും നോക്കിയെങ്കിലും കാണാതായപ്പോൾ സാരമില്ല എന്ന് പറഞ്ഞ് സോണിയ വീട്ടിന് പുറത്തേക്ക് നടന്നു. അവിടെ ഒരു പരിചാരകൻ അവരുടെ ഷൂസുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. തിടുക്കത്തിൽ ഷൂസ് ധരിച്ചതിനുശേഷം പ്രിയങ്കയുടെ കൈപിടിച്ച് സോണിയ ആംബുലൻസ് കിടക്കുന്നിടത്തേക്ക് നീങ്ങി.
തലേദിവസം രാത്രി മദ്രാസിലേക്ക് തിരിക്കുമ്പോൾ ഒരേ ഒരു അവസരത്തിൽ മാത്രമാണ് സോണിയ തന്നെക്കുറിച്ച് ചിന്തിച്ചത്. തന്റെ ഹൈഹീൽഡ് ഷൂസ് അന്വേഷിക്കേണ്ടി വന്നപ്പോൾ മാത്രം. പാദങ്ങളുടെ വളവു കാരണം സോണിയ ഹൈഹീൽഡ് ഷൂസ് മാത്രമേ ധരിക്കാറുള്ളൂ. എന്നാൽ ഇപ്പോൾ ചെരുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും ഒരു പ്രശ്‌നമേയല്ല എന്നതുപോലെ....!
തന്റെ കുട്ടിക്കാലത്ത് നല്ലൊരു പങ്ക് ചെലവഴിച്ച തീമൂർത്തി ഭവനിൽ അദ്ദേഹത്തിന്റെ മൃതദേഹത്തിന് അരികെ ഏറെ സംയമനത്തോടെ സോണിയ ഗാന്ധിയിരുന്നു. കൂടുതൽ ഐസ് വയ്ക്കുന്നതിനു വേണ്ടി ശവക്കച്ച മാറ്റുമ്പോഴൊക്കെ സോണിയ വേദന കൊണ്ട് പുളഞ്ഞു. അവരുടെ നീട്ടിയ കൈകളും വേദന ഖനിഭവിച്ച മുഖവും ഇങ്ങനെ കേണു : ഹോ... ശ്രദ്ധിച്ചു ചെയ്യൂ, അദ്ദേഹത്തെ വേദനിപ്പിക്കരുത്...!
ഒരിക്കൽ പോലും വിശ്രമിക്കാനായി അവർ വീട്ടിലേക്ക് പോയതേയില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും ആരെങ്കിലും നൽകുന്ന ലെമൺറ്റി മാത്രം കുടിച്ചു. ശവസംസ്‌കാരം കഴിയുന്നതുവരെ അടുപ്പിൽ തീ പുകഞ്ഞില്ല. എങ്കിലും വീട് അലങ്കോലപ്പെടാതിരിക്കാൻ പ്രിയങ്ക ഏറെ ശ്രദ്ധിച്ചു. വീടിന്റെ ഉത്തരവാദിത്വം മുഴുവൻ പ്രിയങ്കയാണ് ഏറ്റെടുത്തത്. പലപ്പോഴും 19 കാരിയായ ഈ പെൺകുട്ടി ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിച്ചു.
രാഹുലിനെ കൂട്ടിക്കൊണ്ടു വരാൻ അമിതാഭ് ബച്ചനൊപ്പം വിമാനത്താവളത്തിൽ പോയപ്പോഴും സംസ്‌കാരത്തിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചപ്പോഴും ഒക്കെ തികഞ്ഞ സംയമനമാണ് പ്രിയങ്ക പ്രദർശിപ്പിച്ചത്. ഹാർവാർഡിൽ ഇന്റർനാഷണൽ പൊളിറ്റിക്‌സ് പഠിക്കുന്ന രാഹുൽഗാന്ധി വിവരമറിഞ്ഞ ഉടനെ ഡൽഹിയിലേക്ക് പറക്കുകയായിരുന്നു. പിതാവിന്റെ മൃതദേഹത്തിനരികിൽ ഏറ്റവും കൂടുതൽ നേരം ഇരുന്നത് രാഹുലാണ്.
വെളിയിൽ ദുഃഖം പങ്കിടാൻ എത്തിയവരുടെ നിര നീണ്ടു നീണ്ടു വന്നു. മുമ്പിലുള്ളവർ നെഞ്ചത്തടിച്ചു കരയുമ്പോൾ വളരെ പിന്നിലുള്ളവർ ക്ഷമപൂർവം എല്ലാവർക്കും കാത്തുനിന്നു. എല്ലാവർക്കും ഒന്നേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ട് രാജീവിനിതു സംഭവിച്ചു..! ഇങ്ങനെ ഒരു മരണം അദ്ദേഹം ആഗ്രഹിക്കുന്നതല്ല. ഉയർന്നുപൊന്തിയ വിലാപങ്ങൾക്കും രാഹുൽ, പ്രിയങ്ക, നിങ്ങൾ വിഷമിക്കരുത് നിങ്ങളോടൊപ്പം രാഷ്ട്രം മുഴുവനും ഉണ്ട്. തുടങ്ങിയ മുദ്രാവാക്യങ്ങൾക്ക് ശക്തി വച്ചുകൊണ്ടിരുന്നു.
തീൻ മൂർത്തി ഭവനിൽ നിന്നും ശക്തിസ്ഥാനിലേക്കുള്ള അവസാന യാത്ര ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലങ്ങും വിലങ്ങും പോസ്റ്റുകൾ ഒട്ടിച്ച തലസ്ഥാനനഗരിയുടെ ഹൃദയത്തിലൂടെ വിലാപയാത്ര മുന്നേറിയപ്പോൾ, രാജീവ് ഗാന്ധിയുടെ പുഞ്ചിരിക്കുന്ന പോസ്റ്ററുകൾ അവരെ എതിരേറ്റു. ഭർത്താവിന് തന്റെ അവസാന സമ്മാനമായ ഒരു തുളസിമാല അദ്ദേഹത്തിന്റെ ചിതയിൽ വച്ചതിനുശേഷം സോണിയ ഗാന്ധി കുട്ടികളോടൊപ്പം തള്ളിക്കയറിയ ജനക്കൂട്ടത്തിനിടയിൽ പെടാതെ സാവധാനം സമാധിസ്ഥലം വിട്ടു... സ്വന്തം അമ്മയ്ക്ക് അരികെ എന്നന്നേക്കുമായി വിശ്രമിക്കാൻ രാജീവ് ഗാന്ധിയെ അനുവദിച്ചുകൊണ്ട്.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1