രാഹുൽഗാന്ധി സ്ത്രീ സുരക്ഷയെക്കുറിച്ചു പറയുന്നു. ടീ ഷർട്ട് ഇട്ട് പാർലമെന്റിൽ വരുന്നതുവഴി ചെറുപ്പക്കാർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹത്തിനറിയാം..! ഇങ്ങനെയൊക്കെ പറയുന്നത് സ്മൃതി ഇറാനിയാണ്. ലക്ഷങ്ങൾ വിലയുള്ള നരേന്ദ്രമോദിയുടെ കോട്ടിനേക്കാൾ മഹിമ രാഹുലിന്റെ ടീ ഷർട്ടിനുണ്ടെന്ന് അറിയാതെയോ, പറയാതെയോ പറയുകയാണ് സ്മൃതി.
രാഹുൽ ഗാന്ധി ശൈലി മാറിയെന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ച് രാഹുലിന്റെ നിത്യശത്രുവായ സ്മൃതി ഇറാനിപോലും അദ്ദേഹത്തെക്കുറിച്ച് നല്ല കാര്യങ്ങൾ പറയാൻ തുടങ്ങിയിരിക്കുന്നു. രാഹുൽ വിജയം രുചിച്ചിരിക്കുന്നു. ജാതിയെക്കുറിച്ച് വേവലാതിപ്പെടുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്നു. ടീ ഷർട്ട് ഇട്ട് പാർലമെന്റിൽ വരുന്നതുവഴി ചെറുപ്പക്കാർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹത്തിനറിയാം..! ഇങ്ങനെയൊക്കെ പറയുന്നത് സ്മൃതി ഇറാനിയാണെന്നോർക്കണം.
ലക്ഷങ്ങൾ വിലയുള്ള നരേന്ദ്രമോദിയുടെ കോട്ടിനേക്കാൾ മഹിമ രാഹുലിന്റെ ടീ ഷർട്ടിനുണ്ടെന്ന് അറിയാതെയോ, പറയാതെയോ പറയുകയാണ് സ്മൃതി. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പരിവർത്തനത്തിന്റെയും ഉയിർത്തെഴുന്നേൽപ്പുകളുടെയും അധ്യായമാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം. ലോകചരിത്രത്തിൽ തന്നെ ഇത്രയേറെ അപഹസിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകാനിടയില്ല. അദ്ദേഹത്തെ 'പപ്പു'വായി ചിത്രീകരിക്കാനും ബാലബുദ്ധിയായി കാണാനും ശതകോടികളാണ് ബി.ജെ.പി ചെലവഴിച്ചത്. ലക്ഷക്കണക്കിന് വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ, ട്വീറ്റുകളിലൂടെ, ഫേസ്ബുക്ക് പേജുകളിലൂടെ, പോസ്റ്റുകളിലൂടെ, കമന്റുകളിലൂടെ അവരുടെ ഐടി സെൽ അത് ആവർത്തിച്ചുകൊണ്ടേയിരുന്നു.
ഈ വ്യാജ പ്രചാരണത്തിന്റെ പ്രളയത്തിൽ രാഹുലിന് വലിയൊരു വിഭാഗം ജനങ്ങളുടെ ഇടയിൽ പപ്പു എന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ബി.ജെ.പിയുടെ അധികാരത്തിനും വിഭവശേഷിക്കും കഴിഞ്ഞു. സാധാരണക്കാരനായ ഏതു മനുഷ്യനും തകർന്നു പോകാമായിരുന്ന അധിക്ഷേപ വർഷമാണ് ബി.ജെ.പി സംഘടിതമായി രാഹുൽ ഗാന്ധിക്ക് മേൽ നടത്തിയത്. പക്ഷേ, അദ്ദേഹം തകർന്നു പോയില്ല. സ്ഥിരതയോടെ, ക്ഷമയോടെ, വിദ്വേഷത്തിന്റെ കാലുഷ്യമേൽക്കാതെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുകൊണ്ടേയിരുന്നു.
നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും ചങ്ങാത്ത മുതലാളിത്തത്തെയും വിമർശിക്കുമ്പോഴും അത് നരേന്ദ്രമോദി എന്ന വ്യക്തിക്കെതിരെയുള്ള ആക്രമണമാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ട കോൺഗ്രസിന്റെ അന്ത്യമാണെന്ന് പലരും പ്രവചിച്ചപ്പോഴും രാഹുൽ നിരാശനായില്ല. രാഹുൽ ഗാന്ധി താൽക്കാലികമായെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന് പ്രശാന്ത് കിഷോറിനെപ്പോലെയുള്ള തെരഞ്ഞെടുപ്പ് പണ്ഡിതൻമാരുടെ പുച്ഛം നിറഞ്ഞ ഉപദേശങ്ങൾക്കും അദ്ദേഹത്തെ തളർത്താനായില്ല. കോൺഗ്രസ് നേരിടുന്ന എല്ലാ തിരിച്ചടികളുടെയും ഏക ഉത്തരവാദിയായി രാഹുൽ ഗാന്ധി എല്ലാവരാലും ചിത്രീകരിക്കപ്പെട്ടു.
സത്യത്തിൽ കോൺഗ്രസിന്റെ പതനത്തിന് രാഹുൽ ഗാന്ധി എങ്ങിനെയാണ് ഉത്തരവാദിയാകുന്നത്..? 2014ൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തുമ്പോൾ കോൺഗ്രസ് അതിന്റെ ഏറ്റവും ദുർബലാവസ്ഥയിലായിരുന്നില്ലേ..? അഴിമതി നിറഞ്ഞ പാർട്ടിയെന്ന പ്രതിച്ഛായയും തകർന്നു തരിപ്പണമായ സംഘടനാ സംവിധാനവുമാണ് രാഹുലിന് കൈമാറ്റം ചെയ്തു കിട്ടിയത്. രണ്ടാം യുപിഎ സർക്കാരിന്റെ പാപഭാരങ്ങൾ ചുമക്കാൻ അദ്ദേഹം നിർബന്ധിതനായിത്തീരുകയായിരുന്നു. അതോടൊപ്പം നരേന്ദ്രമോദിയെ 'വികാസ് പുരുഷ്' എന്ന നിലയിൽ ഉയർത്തിക്കാട്ടിയുള്ള ശതകോടികൾ വലിച്ചെറിഞ്ഞുള്ള പ്രചാരണക്കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാൻ ആർക്കും കഴിയുമായിരുന്നില്ല.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ ബി.ജെ.പി സമ്പത്തും അധികാരവും സംവിധാനങ്ങളും കൈപ്പിടിയിലുള്ള, തെല്ലും പ്രതിപക്ഷ ബഹുമാനമില്ലാത്ത, തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ എന്തു മാർഗ്ഗവും ഉപയോഗിക്കുന്ന ഒരു ഭീകരരൂപിയായി മോദിയും പാർട്ടിയും മാറുകയായിരുന്നില്ലേ..? ഏതെങ്കിലും കാരണവശാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ എന്ത് ഹീനപ്രവൃത്തികളും നടത്തി ആ സർക്കാരുകളെ അട്ടിമറിക്കുന്ന കലാപരിപാടി പൂർവ്വാധികം ഭംഗിയായി മോദിയും അമിത് ഷായും നടത്തിപ്പോന്നു. എല്ലാ അധാർമികതകളും 'ചാണക്യ തന്ത്രങ്ങളായി' വിശേഷിപ്പിക്കുന്ന, അടിമത്ത മനോഭാവം പുലർത്തിയ മുഖ്യധാരാ മാധ്യമങ്ങളും കൂടിയായപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിൽ പ്രതിപക്ഷത്തിന്റെ ഇടം ഏതാണ്ട് അപ്രത്യക്ഷമാകുന്ന അവസ്ഥയിലെത്തി. ഈ ഘട്ടത്തിലാണ് രാഹുൽ ഗാന്ധി ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത രണ്ട് യാത്രകൾ നടത്തിയത്. ആ യാത്രകളിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയത്തിലേക്കാണ് അദ്ദേഹം നടന്നു കയറിയത്.
2024ലെ തെരഞ്ഞെടുപ്പിൽ അന്യാദൃശമായ നേതൃപാടവമാണ് രാഹുൽ ഗാന്ധി പ്രകടിപ്പിച്ചത്. ഇന്ത്യാ മുന്നണിയെ സജീവമാക്കുന്നതിൽ അദ്ദേഹം കനപ്പെട്ട സംഭാവനകൾ നൽകി. ഘടകകക്ഷികളോട് സീറ്റ് വിതരണത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നതിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തി. അവയുടെ നേതാക്കളുമായി ജൈവികവും ഊഷ്മളവുമായ ബന്ധം സൃഷ്ടിക്കാനും ആ ഊർജ്ജം പ്രചാരണ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കാനും രാഹുലിന് കഴിഞ്ഞു. ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ നിറഞ്ഞ ഒരു മാനിഫെസ്റ്റോ പുറത്തിറക്കാനും അതിനെ മുൻനിർത്തി പ്രചാരണത്തിന് നേതൃത്വം നൽകാനും സാധിച്ചു. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി നരേന്ദ്രമോദി ഉയർത്തിയ വിഷയങ്ങളെ പിൻപറ്റി, അദ്ദേഹം ഉയർത്തിയ കെണികളിൽ വീഴാതെ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളിലേക്ക് പ്രചാരണ വിഷയങ്ങളെ പിടിച്ചു നിർത്താനും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് കഴിഞ്ഞു.
ഈ നേതൃപാടവത്തിന്റെ ഫലങ്ങളാണ് കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന് കാരണമായത്. പ്രതിപക്ഷ നേതൃത്വ സ്ഥാനം ഏറ്റെടുക്കുന്നതിലൂടെ രാഹുൽ ഗാന്ധി, നരേന്ദ്രമോദിയുടെ ബദലായി ആധികാരികതയോടെ, ഔദ്യോഗികമായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. നരേന്ദ്ര മോദിക്ക് പകരം വെയ്ക്കാൻ പ്രതിപക്ഷത്ത് ആളില്ല എന്ന പ്രചാരണത്തിന്റെ മുനയൊടിക്കാൻ ഈ നീക്കത്തിന് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ തന്നെ ജനപ്രീതിയിൽ രാഹുൽ ഗാന്ധി പല സംസ്ഥാനങ്ങളിലും നരേന്ദ്രമോദിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഏജൻസിയായ സി.എസ്.ഡി.എസ് തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ സർവേയിൽ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണയിൽ രാഹുൽ ഗാന്ധിയെ 36 ശതമാനം പേർ അനുകൂലിച്ചപ്പോൾ മോദിയെ 32 ശതമാനം പേർ മാത്രമേ അനുകൂലിച്ചുള്ളു എന്നോർക്കണം. എതിരാളികളില്ലാത്ത നേതാവ് എന്ന മോദിയുടെ പ്രഭാവത്തെ തകർക്കാൻ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധിയെ പ്രാപ്തനാക്കിയിരിക്കുന്നു. നീതിയുക്തമായി വിഭവങ്ങളും അധികാരവും വിതരണം ചെയ്യുന്നതിനായി ജാതി സെൻസസ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ ആർ.എസ്.എസിനു പോലും ആ വഴിക്കു വരേണ്ടിവന്നിരിക്കുന്നു.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഒരു ന്യായപത്രം ആയിരുന്നു (നീതി പ്രമാണം). അതിന്റെ ഹൃദയവും കേന്ദ്രവും സാമൂഹിക നീതിയായിരുന്നു. ഈ രാജ്യത്ത് നിലനിൽക്കുന്ന വിപുലമായ അസമത്വത്തിന്റെ പ്രശ്‌നങ്ങളെ അദ്ദേഹം നിരന്തരം അഭിസംബോധന ചെയ്തിരുന്നു. സമ്പന്നർ അതിസമ്പന്നർ ആകുന്നു എന്നും ദരിദ്രർ അതീവ ദരിദ്രരായിതീരുന്നുവെന്നും രാഹുൽ അക്കമിട്ടുപറയുന്നു. രാഷ്ട്രം എന്ന നിലയിൽ ഇന്ത്യക്ക് ആവശ്യമുള്ള നേതാവാണ് അദ്ദേഹം. ഇടതുപക്ഷ പാളയങ്ങളിൽ നിന്ന് ഉയരേണ്ടിയിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. എന്നാൽ, രാഹുൽ ഗാന്ധിയെ പോലെ കുടുംബാധികാര പാരമ്പര്യമുള്ള ഒരാൾ വിപ്ലവകരമായ രീതിയിൽ പ്രകോപനപരമായി പ്രസംഗം നടത്തുന്ന ഒരാളായിത്തീരുന്ന തരത്തിൽ അപായ സാധ്യതയുള്ള ഒരു പ്രവർത്തനത്തിന് ഇറങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല. ബി.ജെ.പി ഒട്ടുംതന്നെ പ്രതീക്ഷിച്ചിട്ടില്ലാത്ത രാഗായുടെ ഒരു അവതാരം ആണിത്. അവർ മുൻകാലങ്ങളിൽ പണം കൊടുത്ത് നടത്തിയ പ്രചാരണങ്ങളിലെ പപ്പു (വിഡ്ഢി) എന്ന വിശേഷണം അവർക്ക് നേരെ തിരിഞ്ഞ ബൂമറാങ്ങായിരിക്കുന്നു.
ജനങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് രാഹുലിന്റെ ഒരു കാര്യം മാത്രമാണ്. മോദിയെ പരിഭ്രമാവസ്ഥയിലേക്ക് തള്ളി വിടാൻ ആയി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. ഹിന്ദിയിലെ ഒരു വലിയ പ്രസംഗകൻ എന്ന പേരുള്ള മോദി, ഓരോ പ്രസംഗത്തിന് ശേഷവും പൊതുജനങ്ങളുടെ ദൃഷ്ടിയിൽ പരിതാപകരമായ രീതിയിൽ വായിട്ടലക്കുന്ന വെറുമൊരു വിഡ്ഢിയായി തരംതാണ് തകർന്നടിയുന്ന കാഴ്ചയും കാണാനാകുന്നു. മുസ്ലിം മതസ്ഥരെ നുഴഞ്ഞു കയറ്റക്കാർ എന്ന് വിളിക്കാനും 'കൂടുതൽ കുട്ടികളുള്ളവർ' എന്ന് മുദ്രകുത്താനും മോദി തുനിഞ്ഞു. കോൺഗ്രസ് പാർട്ടി അധികാരത്തിൽ എത്തിയാൽ അവർ സ്ത്രീകളുടെ കെട്ടുതാലി പിടിച്ചെടുക്കുമെന്നും അത് മുസ്ലിംകൾക്ക് കൊടുക്കും എന്നും മോദി പറഞ്ഞു.
നിങ്ങൾക്ക് രണ്ട് എരുമകൾ ഉണ്ടെങ്കിൽ, കോൺഗ്രസ് അതിലൊന്നിനെ പിടിച്ചെടുത്ത് മുസ്ലിംകൾക്ക് കൊടുക്കും എന്ന് വരെ മോദി പറയാൻ മടിച്ചില്ലെന്നോർക്കണം. കോൺഗ്രസ് നിങ്ങളുടെ വൈദ്യുതി വിച്ഛേദിക്കും; കോൺഗ്രസ് നിങ്ങളുടെ കുടിവെള്ളം അപഹരിക്കും; മോദി പറഞ്ഞുകൊണ്ടിരുന്നു. നിൽക്കക്കള്ളിയില്ലാതായ സന്ദർഭത്തിൽ അദാനിയും അംബാനിയും രാഹുൽഗാന്ധിക്ക് കെട്ടുകണക്കിന് കള്ളപ്പണം എത്തിച്ചുകൊടുത്തു എന്നുവരെ മോദി ഒരു പൊതു പ്രസംഗത്തിൽ പറയുകയുണ്ടായി. മോദിയുടെ ഏറ്റവും വലിയ പിന്തുണക്കാരെ കുറിച്ച് ഒരക്ഷരം പോലും അതുവരെ സംസാരിച്ചിരുന്നില്ല. നിക്കക്കളിയില്ലാതെ വന്ന ഘട്ടത്തിൽ മോദി അവരെക്കുറിച്ച് ദുഷിച്ച് സംസാരിക്കാനും തുടങ്ങിയിരുന്നു.
ഒടുവിൽ മോദി പറഞ്ഞത് തന്റെ ജന്മം ജീവശാസ്ത്രപരമായി അല്ല എന്നാണ്. മറിച്ച് ദൈവം അയച്ചതാണ് തന്നെയെന്ന് മോദിക്ക് പൂർണ ബോധ്യമുണ്ടെന്നും പറയുകയുണ്ടായി. ഇതെല്ലാം രാഹുൽ മോദിയെ തളയ്ക്കാനുള്ള ആയുധങ്ങളാക്കുകയായിരുന്നു. അത് ഏതായാലും മോശമായില്ല. പാർട്ടിക്കകത്തും പ്രതിപക്ഷത്തും തനിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത രാഹുൽ തിരിച്ചു പിടിച്ചു. ഇനി ധൈര്യമായി ഉദയപ്പൂർ പ്രഖ്യാപനത്തെ പ്രാപല്യത്തിലാക്കി മാറ്റാം. നിയമസഭാ തെരഞ്ഞെടുപ്പുകളെന്ന കാരണം പറഞ്ഞ് സംഘടനാകാര്യങ്ങൾക്ക് മുടക്കം വരുത്തേണ്ടതില്ല എന്നാണാ തീരുമാനം. എല്ലാം ഒറ്റയടിക്ക് മാറ്റാൻ ശ്രമിക്കാതെ പതിയെയുള്ള നീക്കമാണ് രാഹുലിന്റേത്. പയ്യെ തിന്നാലാണല്ലോ പനയും തിന്നാനാകുക..!
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1