മാനവീയമൂല്യങ്ങളുടെ മഹത്വം യുക്തിസഹമായി ഉയർത്തിക്കാണിക്കുന്ന 12 ലേഖനങ്ങളുടെ സമാഹാരമാണ് 'ഹൃദയപക്ഷ ചിന്തകൾ'. ഗ്രന്ഥകർത്താവായ അമ്പഴയ്ക്കാട്ട് ശങ്കരൻ, ഇതിനോടകം 'വഴിയമ്പലം'(നോവൽ), 'കൊടുക്കാക്കടം' (ചെറുകഥാസമാഹാരം) എന്ന കൃതികളിലൂടെ സാഹിത്യരംഗത്ത് സുപരിചിതനാണ്. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ വിഷയങ്ങളിലുണ്ടായ സംഭവവികാസങ്ങൾ ശ്രദ്ധയോടെ അപഗ്രഥിച്ചെഴുതിയ ലേഖനങ്ങളാണ് ഹൃദയപക്ഷ ചിന്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ശങ്കരൻ ഈ ലേഖനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ, വർഷങ്ങൾക്കുശേഷവും (ഇന്നും) പ്രസക്തിയുള്ളവയാണ്, ചർച്ച ചെയ്യപ്പെടേണ്ടവയാണ്.
മനുഷ്യ ജീവിതത്തെ സാരമായി സ്വാധീനിക്കുന്ന വിവിധവിഷയങ്ങളിൽ ശങ്കരന്റെ തൂലിക സജീവമായിട്ടുണ്ട്. ഏതൊരു നാട്ടിലുമുള്ള മനോഹരമായ കാഴ്ചകൾക്കപ്പുറം, ദൃഷ്ടിയിൽപ്പെടാതെ അവഗണിക്കപ്പെട്ടുകിടക്കുന്ന അശരണരിൽ ലേഖകന്റെ കണ്ണ് ചെന്നു തറക്കുന്നു. അവരുടെ കണ്ണീരിൽ മുക്കിയ തൂലിക ചലിപ്പിക്കുമ്പോൾ വാക്കുകളുടെ നിറം ചുമപ്പാകുന്നു, ഹൃദയത്തിന്റെ തനിനിറം!
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഇന്ത്യയിലെ മോദിയും റഷ്യ ഭരിക്കുന്ന പുട്ടിനും ലേഖനങ്ങളിൽ മുഖംകാണിക്കുന്നുണ്ട്. അവരുടെ ക്രൂരമായ ഭരണനയങ്ങൾ ചവിട്ടിയരക്കുന്ന നിരപരാധികൾ ലേഖകന്റെ വാക്കുകൾക്ക് മൂർച്ച കൂട്ടുന്നു. ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞ കുത്തകമുതലാളിത്തവും അവരുടെ സ്തുതിപാഠകരായ കോർപറേറ്റ് മാദ്ധ്യമങ്ങളും തന്ത്രപൂർവം രൂപപ്പെടുത്തിയിരിക്കുന്ന ജനവിരുദ്ധമായ പൊതുബോധത്തിനെതിരെ തൂലിക ചലിക്കുമ്പോൾ വാക്കുകൾക്ക് മൂർച്ച കൂടും, ചിലർക്കതിൽ മുറിവേൽക്കും, അത് സ്വാഭാവികമാണ്.
സ്ത്രീകൾക്കും കീഴാളർക്കുമെതിരെയുള്ള അന്യായമായ അവഗണനക്കെതിരെ ധീരമായി പൊരുതിയ മനുഷ്യസ്‌നേഹികളുടെ ത്യാഗം ലേഖകൻ ആദരവോടെ രേഖപ്പെടുത്തുന്നു. ഈ ദുരവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതൊരു യുദ്ധവും ചെന്നവസാനിക്കുന്നത് നിരപരാധികളുടെ ദുരിതത്തിലാണ്, ദുരന്തത്തിലാണ്, അകാല മരണത്തിലാണ്. ഇരുഭാഗത്തും മരിച്ചുവീഴുന്നവരുടെ ശവം എണ്ണി വൈരാഗ്യം വർദ്ധിപ്പിക്കുകയാണ് ലോകത്തുള്ള ആയുധവ്യവസായികൾ. എവിടെ എല്ലാം, എത്രമാത്രം മനുഷ്യർ ദുരിതിച്ചാലും മരിച്ചാലും ആയുധവ്യവസായികളുടെ നോട്ടം വിൽപ്പനയിലുള്ള ലാഭത്തിലാണ്. പല ഭരണകുടങ്ങളും ശക്തരായ ആയുധ വ്യവസായികളുടെ തടവറയിൽ കഴിയുന്നു. ഇക്കാര്യം,'യുദ്ധ ഭൂമിയിലെ കഴുകന്മാർ' എന്ന ലേഖനത്തിൽ വ്യക്തമായി തെളിയിക്കുന്നു. ഒരു ഗ്രാഫിൽ അമേരിക്ക വിറ്റഴിക്കുന്ന ആയുധങ്ങളുടെ കണക്കുണ്ട്. മറ്റൊന്നിൽ, ഓരോ രാജ്യത്തെയും പ്രമുഖ ആയുധക്കമ്പനികളുടെ വിൽപ്പനക്കണക്കുണ്ട്.
ഈ സമാഹാരത്തിലുള്ള ഓരോ ലേഖനവും ശ്രദ്ധയോടെ പഠിച്ചെഴുതിയതാണ്. ലേഖനങ്ങളിലെ ചില വീക്ഷണങ്ങളോട് വിയോജിപ്പുള്ളവരെപോലും, ബോദ്ധ്യപ്പെടുത്താൻ ഉപകരിക്കുന്ന യുക്തിസഹമായ തെളിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ കണക്കുകളും ഗ്രാഫുകളും പഴയകാലഫോട്ടൊകളും ലേഖനങ്ങളെ സജീവമാക്കുന്നു. ഇന്ത്യയുടെ പുതിയ പാർലമെന്റും യുഎസിന്റെ കാപിറ്റോൾ ബിൽഡിങ്ങും ലേഖനത്തിലുണ്ട്. ബൈഡനും ട്രംപും മാത്രമല്ല ബുഷും അൽ ഗോറും ബേണി സാൻഡേഴ്‌സും പ്രത്യക്ഷപ്പെടുന്നു. ഹിലരി ക്ലിന്റന്റെ ചിരിക്കുന്ന മുഖത്തോടൊപ്പം മേരിയാൻ ട്രംപിന്റെ ഗൗരവമുള്ള മുഖവും കാണാം. മാർട്ടിൻ ലൂഥർ കിംഗ്, യുഎസ് സുപ്രീം കോർട്ട് ജഡ്ജസ്, എം. സ്വരാജ്, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരൊക്കെ ലേഖനങ്ങൾക്ക് കരുത്തു നൽകുന്നു.
രണ്ട് സിനിമകൾ നിരൂപണം ചെയ്യപ്പെടുന്നു, 'മുതലാളിത്തം ഒരു പ്രണയകഥ' യും 'എവീറ്റാ' യും. ശങ്കരന്റെ കലാസ്വാദന നൈപുണ്യവും സൂക്ഷ്മനിരീക്ഷണ പാടവവും തെളിയിക്കുന്ന നിരൂപങ്ങളാണിവ രണ്ടും. ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയവും ഒരുപക്ഷേ ഏറ്റവും സർഗാത്മകവുമായ ലേഖനമാണ് 'നവരസങ്ങളുടെ പ്രകൃതിയനുഭവം,' 'പ്രകൃതിയുടെ പ്രതിഭാസങ്ങൾ'. നവരസത്തനിമയുടെ കണ്ണടയിലൂടെ വീക്ഷിച്ചാൽ എങ്ങനെയിരിക്കും എന്നൊരന്വേഷണമാണ് ഈ ലേഖനത്തിൽ ശങ്കരൻ നടത്തുന്നത്.
അമ്പഴയ്ക്കാട്ട് ശങ്കരൻ ആമുഖത്തിൽ പറയുന്നു,'പട്ടിണിയും പാസ്‌പോർട്ടുമില്ലാത്ത ലോകത്തിന്റെ മോഹചിത്രം' വരക്കുകയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ എന്ന്. ചക്രവാളങ്ങളെ അതിർത്തിയായി കാണുന്ന വിശ്വവിശാല വീക്ഷണം! ഈ ഭൂമി, കൃത്രിമമായ അതിർത്തിരേഖകൾ വരച്ച് ആരും സ്വന്തമാക്കേണ്ടതല്ലെന്നും എല്ലാ മനുഷ്യരും ഭൂമിയുടെ തുല്യാവകാശികളാണെന്നും വ്യക്തമാക്കുന്ന ആഗോളപൗരത്വവീക്ഷണം ലേഖകൻ തുറന്നെഴുതുന്നു.
തൊലിയുടെ നിറം എന്താണ്, സംസാരിക്കുന്ന ഭാഷ ഏതാണ്, ജനിച്ചുവളർന്ന സ്ഥലം എവിടെയാണ്, വിശ്വസിക്കുന്നുണ്ടെങ്കിൽ ആ മതത്തിന്റെ പേരെന്താണ് എന്നൊന്നും തിരക്കാതെ, ' നീ മനുഷ്യനാണ്, എന്റെ സഹോദരനാണ് ' എന്ന് ഉറപ്പിച്ചു പറയുന്ന ശ്രേഷ്ഠമായ മാനവീയസംസ്‌കാരം അമ്പഴയ്ക്കാട്ട് ശങ്കരന്റെ ലേഖനങ്ങളുടെ മുല്യമാണ്, കാതലാണ്. ഈ വിശാല വീക്ഷണത്തിനും അത് ഉറക്കെ പറയാനുള്ള ആത്മധൈര്യത്തിനും അഭിവാദനങ്ങൾ! ശരിപക്ഷം ഇടതുപക്ഷമാണെന്നും ഇടതുപക്ഷം ഹൃദയപക്ഷമാണെന്നും യുക്തിപൂർവം സമർത്ഥിക്കുന്ന ഈ ലേഖനങ്ങളുടെ നിറം ചുമപ്പാണ്, തുടിക്കുന്ന, ചൂടുള്ള ഹൃദയത്തിന്റെ ചുമപ്പ്!!
ജെ. മാത്യൂസ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
