വിചിത്രമെന്നു പറയട്ടെ പ്രമാദമായ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വീടുകളിൽ നിന്ന് കാണാതായതായി റിപ്പോർട്ട്. പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്. എന്നാൽ, കേസിലെ പതിനൊന്നു പ്രതികളിൽ ഒമ്പതു പേരെയും കാണാനില്ലെന്ന വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടിയായ ഈ കോടതി വിധി വന്ന് ഏറെ താമസിയാതെതന്നെ കേസിലെ ഒമ്പത് പ്രതികൾ അപ്രത്യക്ഷരായിരിക്കുന്നു.
കേസിലെ 11 പ്രതികൾക്കുകിട്ടിയ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകേണ്ടതാണ്. പ്രതികളെ വിട്ടയയ്ക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വാദം കേൾക്കുന്നതിനിടെ ഗുജറാത്ത് സർക്കാരിനെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി പറയുകയുണ്ടായി.
ഗുജറാത്തിലെ റന്ധിക്പുർ, സിംഗ്വാദ് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് കേസിലെ ഒൻപത് പേരും. ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ടുള്ള വിധി വന്നയുടനെ മാധ്യമങ്ങൾ പ്രതികളുടെ വീടുകളിലെത്തിയിരുന്നു. അപ്പോഴാണ് പ്രതികൾ ഒളിവിലാണെന്ന് പുറത്തറിയുന്നത്. ഇവർ എവിടെ പോയി എന്ന് കൃത്യമായ വിവരം കുടുംബാംഗങ്ങളുടെ പക്കലുമില്ല. ചിലർ വീടുകളിൽ നിന്ന് പോയിട്ട് ഒരാഴ്ചയായെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
ആരായിരുന്നു ഈ ബിൽക്കിസ് ബാനു..?
അങ്ങ് ഗുജറാത്തിൽ ദാഹോദിലെ രാധിക്പൂർ നിവാസിയായിരുന്നു ബിൽക്കിസ്. മൂന്നര വയസുകാരിയായ സലേഹയുടെ അമ്മയും അഞ്ച് മാസം ഗർഭിണിയുമായിരുന്നു ഗുജറാത്ത് കലാപം നടക്കുമ്പോൾ ബിൽക്കിസ് ബാനു. വയസ് 21. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന 59 കർസേവകർ, 2002 ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്റ്റേഷനിൽ സബർമതി എക്‌സ്പ്രസിലെ എസ് 6 കോച്ചിലുണ്ടായ അഗ്‌നിബാധയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഗുജറാത്ത് കലാപമുണ്ടാകുന്നത്. സംഘപരിവാർ പ്രവർത്തകർ മുസ്ലിങ്ങളെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കലാപത്തിലെ നടുക്കുന്ന ദൃശ്യങ്ങൾ കണ്ടും കേട്ടും പേടിച്ച ബിൽക്കിസും മകളും 15 കുടുംബാംഗങ്ങളും ഫെബ്രുവരി 28ന് രാധിക്പൂറിൽനിന്ന് പലായനം ചെയ്തു. മാർച്ച് മൂന്നിന് ബിൽക്കിസും കുടുംബവും ചപ്പാർവഡ് ഗ്രാമത്തിലെത്തി. രക്ഷപ്പെട്ടുവെന്ന് കരുതിയ അവർ എത്തിയത് കലാപകാരികൾക്ക് മുന്നിൽ. അനുഭവിക്കേണ്ടി വന്നത് കൊടിയ മർദനം. വാളുകളും വടികളും കൊണ്ട് 20-30 അംഗങ്ങളുള്ള സംഘം അവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രങ്ങൾ സൂചിപ്പിക്കുന്നത്.
മർദനത്തിനൊടുവിൽ ബിൽക്കിസും മാതാവും മറ്റ് മൂന്ന് സ്ത്രീകളും ക്രൂരമായി ബലാത്സംഗത്തിനിരയായി.
പലായനം ചെയ്ത 17 അംഗ മുസ്ലിം കുടുംബത്തിലെ എട്ട് പേർ കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു. ചുറ്റിലും ഉയരുന്ന തീയും നിലവിളി ശബ്ദങ്ങളും എന്താണെന്ന് പോലും മനസിലാക്കാൻ പറ്റാത്ത ബിൽക്കിസിന്റെ മൂന്നര വയസുള്ള മകൾ സലേഹയെ തലയ്ക്കടിച്ചായിരുന്നു അക്രമകാരികൾ ഇല്ലാതാക്കിയത്. അന്ന് രക്ഷപ്പെട്ടത് ബിൽക്കിസും മറ്റൊരു മൂന്നു വയസുകാരിയും ഒരു പുരുഷനും മാത്രമായിരുന്നു.
ആക്രമണത്തിനുശേഷം മൂന്ന് മണിക്കൂർ നേരം ബിൽക്കിസ് അബോധാവസ്ഥയിലായിരുന്നു. ബോധം വന്നശേഷം, ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് മനസിലാക്കിയ ബിൽക്കിസ് ബാനു തളരാതെ പോരാടാൻ തീരുമാനിച്ചു. ഒരു ആദിവാസി സ്ത്രീയിൽനിന്ന് തുണിവാങ്ങി ധരിച്ച ബിൽക്കിസ് സുരക്ഷാ ഉദ്യോഗസ്ഥനെ കാണുകയും ലിംഖെഡ പോലീസ് സ്റ്റേഷനിലെത്തി മുതിർന്ന കോൺസ്റ്റബിൾ സോമാഭായി ഗോരിക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ ബിൽക്കിസ് നൽകിയ പരാതി സോമാഭായി ഗോരി വെട്ടിച്ചുരുക്കിയതായി സി.ബി.ഐ കണ്ടെത്തി.
അതിക്രൂരമായ ബലാത്സംഗത്തിനിരയായിട്ടും ഗോധ്ര ദുരിതാശ്വാസ ക്യാമ്പിലെത്തിശേഷമാണ് ബിൽക്കിസ് ബാനുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. കേസിൽ പുരോഗതിയില്ലാത്തതിനാൽ ബാനു ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും തുടർന്ന് സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നിരന്തര ഭീഷണികൾക്കൊടുവിലും ഇന്നും ബിൽക്കിസ് ബാനു ഏതറ്റം വരെയും പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ജീവിതത്തിലും നിയമപോരാട്ടത്തിലും ഭർത്താവ് യാക്കൂബ് റസൂൽ ഖാനും ബിൽക്കിസിനൊപ്പമുണ്ട്.
ബിൽക്കിസ് ബാനുവിന് വധഭീഷണി വന്നശേഷം കേസ് വിചാരണ ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. ആറ് പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടറും അടക്കം 19 പേർക്കെതിരെ, മുംബൈ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഗർഭിണിയെ ബലാത്സംഗം ചെയ്യാനുള്ള ഗൂഢാലോചന, കൊലപാതകം, നിയവിരുദ്ധകൂടിച്ചേരൽ എന്നിവയ്ക്ക് കുറ്റാരോപിതരായ 11 പ്രതികളെയും 2008 ജനുവരിയിൽ മുംബൈ കോടതി ശിക്ഷിച്ചു. പ്രതികളെ സംരക്ഷിക്കാൻ വേണ്ടി തെറ്റായ രേഖകൾ നിർമിച്ചതിൽ ഹെഡ് കോൺസ്റ്റബിളും ശിക്ഷിക്കപ്പെട്ടു. തെളിവില്ലാത്തതിനാൽ മറ്റ് ഏഴ് പേരെ കോടതി വെറുതെവിട്ടു. വിചാരണക്കിടെ ഒരാൾ മരിക്കുകയും ചെയ്തു.
ജശ്വന്ത് നായ്, ഗോവിന്ദഭായ് നായ്, നരേശ് കുമാർ മോർദിയ (നിര്യാതൻ) എന്നിവർ ബിൽക്കിസിനെ പീഡിപ്പിച്ചുവെന്നും ഷൈലേശ് ഭട്ട് സലേഹയെ നിലത്തിട്ട് കൊന്നുവെന്നും കോടതി വിധിയെഴുതി. രാധേഷ്യം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് വൊഹാനിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, നിതേഷ് ഭട്ട്, രമേശ് ചന്ദന, ഹെഡ് കോൺസ്റ്റബിൾ സോമഭായ് ഗോരി തുടങ്ങിയവരാണ് മറ്റ് പ്രതികൾ. 11 പ്രതികളെയും ജീവപര്യന്തം ശിക്ഷയ്ക്ക് കോടതി വിധിച്ചു.
2017 മേയിൽ 11 പേരുടെ ശിക്ഷയും ജീവപര്യന്തം തടവും ബോംബെ കോടതി ശരിവെച്ചു. കൂടാതെ പോലീസുകാരും ഡോക്ടർമാരെയും വെറുതെ വിട്ട തീരുമാനം മാറ്റിവെക്കുകയും ചെയ്തു. 2019 ഏപ്രിലിൽ നഷ്ടപരിഹാരമായി ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നൽകാൻ വിധിക്കുകയും ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്ന് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ 2022ൽ 11 പേരെയും വെറുതെ വിട്ടയക്കുകയായിരുന്നു. 15 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്.
കൂടാതെ ലഡു നൽകിയാണ് ഗുജറാത്തിലെ ബി.ജെ.പി നേതൃത്വം പ്രതികളെ സ്വീകരിച്ചത്.
അവിടെയും തളരാത്ത ബിൽക്കിസ് ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ, ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ജയിൽനിന്ന് വിട്ടയച്ച ഗുജറാത്ത് സർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ശിക്ഷാ ഇളവ് നൽകുന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
സംഭവം നടന്നത് ഗുജറാത്തിലാണെങ്കിലും കേസ് വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും അതിനാൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരം മഹാരാഷ്ട്ര സർക്കാരിനായിരുന്നുവെന്നാണ് ജസ്റ്റിസ് ബി.വി. നാഗരത്‌നയും ജസ്റ്റിസ് ഉജ്വൽ ഭുയാനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1