അമേരിക്കയുടെ നീക്കത്തില്‍ പണികിട്ടിയത് ഇന്ത്യയ്‌ക്കോ?

MARCH 19, 2024, 12:36 AM

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയില്‍ പെട്രോള്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പലവിധ കാരണങ്ങലാല്‍ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം പ്രതിസന്ധിയിലായതോടെ എണ്ണ വില കുറയ്ക്കാന്‍ സാധിച്ചിരുന്നില്ല. കൂടാതെ അമേരിക്ക നിയന്ത്രണം കൂടി കടുപ്പിച്ചതോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞതും ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്കുള്ള വെനസ്വേലന്‍ സപ്ലൈകള്‍ അനിശ്ചിതത്വത്തിലായതുമാണ് എണ്ണ വിതരണ രംഗത്ത് സമീപകാലത്ത് ഇന്ത്യ നേരിടേണ്ടി വന്ന പ്രധാന പ്രതിസന്ധി.

അതേസമയം ഈ ഘടകങ്ങളെല്ലാം പൊതുമേഖല എണ്ണ വിപണന കമ്പനികളുടെ ധനസ്ഥിതിയെ ബാധിച്ചേക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായം. വെനസ്വേലയില്‍ നിന്നും വലിയ വിലക്കുറവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അമേരിക്കയും വെനസ്വേലയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വീണ്ടും പൊങ്ങിവന്നതാണ് ക്രൂഡ് ഇറക്കുമതിയെ വലിയ തോതില്‍ സ്വീധീനിച്ചത്.

വെനസ്വേല കൂടി വിപണിയിലേക്ക് വരികയാണെങ്കില്‍ റഷ്യയുടേയും സൗദിയുടേയും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമെന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. ബാരലുകളുടെ വലിയ വിലക്കിഴിവ് കാരണം ഇന്ത്യക്ക് വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള വളര്‍ന്നുവരുന്ന വിപണിയായിട്ട് ഈ മേഖലയിലെ വിദഗ്ധര്‍ വെനസ്വേലയെ കാണുകയും ചെയ്തിരുന്നു. അമേരിക്ക വെനസ്വേലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ വെനസ്വേലയില്‍ നിന്ന് പ്രതിദിനം ഏകദേശം 300,000 ബാരല്‍ ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു.

2016-ല്‍ ഇന്ത്യ ഒരു ദിവസം 419,000 ബാരല്‍ വെനസ്വേലന്‍ എണ്ണ വാങ്ങി. എന്നാല്‍ അമേരിക്കന്‍ ഉപരോധത്തോടെ ഇറക്കുമതി കുത്തനെ കുറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് അമേരിക്ക വെനസ്വേലയ്‌ക്കെതിരായ ഉപരോധം പിന്‍വലിക്കുന്നത്. എന്നാല്‍ ജനുവരിയില്‍, വെനസ്വേലയുടെ എണ്ണമേഖലയില്‍ ഉപരോധം പുനസ്ഥാപിക്കുമെന്ന് ഭീഷണിയുമായി യുഎസ് രംഗത്ത് വരികയായിരുന്നു. പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ അയോഗ്യത രാജ്യത്തിന്റെ സുപ്രീം കോടതി ശരിവച്ചത് അടക്കമുള്ള കാര്യങ്ങളാണ് അമേരിക്കയുടെ നീക്കത്തിന് പിന്നില്‍.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാര്‍ പ്രതിപക്ഷ പ്രചാരണ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തതും പ്രതിസന്ധി ശക്തമാക്കി. 2019-ല്‍ മുന്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലഘൂകരിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തുന്നതിനുള്ള വ്യവസ്ഥകളോടെയാണ്. എന്നാല്‍ പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ് അമേരിക്കയെ തങ്ങളുടെ നിലപാടില്‍ നിന്നും മാറി ചിന്തിപ്പിക്കുകയായിരുന്നു.

വെനസ്വേലയുടെ ക്രൂഡ് ഓയില്‍ പ്രധാനമായും റിലയന്‍സ് ഇന്‍ഡസ്ട്രീസിലേക്കാണ് എത്തുന്നത്. വെനസ്വേലയന്‍ ഇടപാടിന് തടസ്സം നേരിടേണ്ടി വന്നാല്‍ ഇന്ത്യ വീണ്ടും പരമ്പരാഗത ശക്തികളായ ഇറാഖിനേയും സൗദി അറേബ്യയേയും കൂടുതലായി ആശ്രയിക്കേണ്ടി വരും. റഷ്യ വിലക്കിഴിവില്‍ എണ്ണ നല്‍കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഉപരോധം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ ഫെബ്രുവരിയില്‍ പ്രതിദിനം 8,33,590 ബാരലിലധികം ബാരലാണ് സൗദിയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്.

ഇന്ത്യയിലേക്കുള്ള സൗദി അറേബ്യന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി വര്‍ഷം തോറും 28 ശതമാനവും കഴിഞ്ഞ മാസം 21 ശതമാനവും വര്‍ദ്ധിച്ചുവെന്നാണ് വോര്‍ടെക്സയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൊത്തത്തില്‍ ഇറാഖ്, യുഎഇ, യുഎസ്, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ അളവില്‍ ഇറക്കുമതി ചെയ്തതിനാല്‍ ഫെബ്രുവരിയില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 3 ശതമാനം ഇടിഞ്ഞ് 4.46 ദശലക്ഷം ബാരലായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam