ആധുനിക കാലത്തെ തൊഴിലിടങ്ങളിൽ അധികരിക്കുന്ന സമ്മർദ്ദ വേലിയേറ്റങ്ങൾ എത്രത്തോളം അപായകരമെന്ന് വ്യക്തമാക്കുന്നു കൊച്ചിക്കാരിയായ അന്ന സെബാസ്റ്റ്യന്റെ അപമൃത്യു. ഏണസ്റ്റ് ആൻഡ് യംഗ് എന്ന അന്താരാഷ്ട്ര സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്ന അന്നയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി വ്യക്തമാക്കിയതിന്റെ നേരിയ പ്രതിഫലനം ദൃശ്യമെങ്കിലും ഷൈലോക്കിന്റെ അവതാരമായ കോർപ്പറേറ്റ് മനേജർമാരുടെ യഥേഷ്ട വാഴ്ച നിലനിൽക്കുന്ന കഴുത്തറപ്പൻ സംസ്‌കാരത്തെ മയപ്പെടുത്താൻ ഫലപ്രദമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയല്ല പൊതുവേയുള്ളത്.
'സമ്മർദ്ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികളെ വീടുകളിൽ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദ്ദങ്ങളെ നേരിടാനാകൂ'വെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രസ്താവന നടത്തിയത് അന്നയുടെ അപമൃത്യുവിനിടയിലും തീവ്രമായ കോർപ്പറേറ്റ് വാഴ്ചയോടുള്ള അമിത വിധേയത്വത്താലാണെന്ന വിമർശം വ്യാപകം. 'മാൻപവർ' പരമാവധി കുറച്ച് കൂടുതൽ ലാഭം നേടുകയെന്നതാണ് വമ്പൻ കമ്പനികളുടെ നയം. കമ്പനികളുടെ ലാഭവും സാമ്പത്തിക വളർച്ചയും മാത്രമാണ് അവരുടെ ലക്ഷ്യം. വ്യക്തികളും അവരുടെ ആരോഗ്യവും ജീവനും ഇതിനു മുന്നിൽ ഒന്നുമല്ല. തൊഴിലാളികളുടെ അധ്വാനശേഷി പരമാവധി പിഴിഞ്ഞെടുക്കുന്നു. അതിനെതിരെ പ്രതികരിച്ചാൽ പീഡിപ്പിക്കപ്പെടും. അന്നയുടെ മാതാവ് അനിത കമ്പനിക്കയച്ച പരാതി ദേശീയ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പ്രശ്‌നം സമൂഹശ്രദ്ധ നേടിയതും കേന്ദ്ര അന്വേഷണത്തിന് ഇടയാക്കിയതും.
അന്ന സെബാസ്റ്റ്യന്റെ മരണം അമിത ജോലി ഭാരത്തെ തുടർന്നാണെന്ന് ആരോപണം ഉയരുകയും ഇതേക്കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വിശദീകരണവുമായി രംഗത്തു വന്നു ഏണസ്റ്റ് ആൻഡ് യങ് ഗ്ലോബൽ (ഇവൈ) ചെയർമാൻ രാജീവ് മേമാനി. സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്ക് കൊടുക്കുന്നതു പോലെയുള്ള ജോലി മാത്രമേ അന്നയ്ക്കു നൽകിയിരുന്നുള്ളൂവെന്നും അമിത ജോലിയെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് മരണത്തിനു കാരണമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചെയർമാൻ പറഞ്ഞത്. അന്ന ഔദ്യോഗികമായി രേഖപ്പെടുത്തിയില്ല തന്റെ പരാതികളെന്നത് കമ്പനിക്കു പിടിവള്ളിയാകുന്നു. അതേസമയം, മൗനമെങ്കിലും വാചാലമായ അന്നയുടെ മരണമൊഴി വായിച്ചെടുക്കാൻ കഴിയുന്നുണ്ട് ആ കുട്ടിയുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും.
അന്നയുടെ ദുരന്തം പാർലമെന്റിൽ ഉന്നയിക്കുമെന്ന് പിതാവ് സെബാസ്റ്റ്യൻ ജോസഫിന് (സിബി) വീഡിയോ കോളിൽ രാഹുൽ ഗാന്ധി ഉറപ്പു നൽകി. നിരവധി ജനനേതാക്കൾ അന്നയുടെ കങ്ങരപ്പടിയിലെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. 25 വർഷത്തിലേറെയായി ഫോർച്യൂൺ മാസികയുടെ 100 മികച്ച കമ്പനികളുടെ പട്ടികയിലുള്ള ഇവൈയുടെ അനുബന്ധ സ്ഥാപനമായ എസ്സാർ ബാറ്റ്‌ലിബോയിൽ (പുണെ) ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന.ഡെലോയ്റ്റ്, കെപിഎംജി, പിഡബ്‌ളിയുസി എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ നാല് അക്കൗണ്ടിംഗ്, പ്രൊഫഷണൽ സേവന സ്ഥാപനങ്ങളിൽ ഒന്നാണ് ഏണസ്റ്റ് ആൻഡ് യങ് ഗ്ലോബൽ.
ജൂലൈ 21ന് കമ്പനിയിൽ കുഴഞ്ഞു വീണായിരുന്നു ഈ ഇരുപത്തിനാലുകാരിയുടെ മരണം. പിന്നാലെ കമ്പനിയിലെ തൊഴിൽ ചൂഷണവും അമിത ജോലിയുമാണ് മരണകാരണമെന്ന് കുടുംബം ആരോപണമുന്നയിച്ചു. ഡിസ്റ്റിംഗ്ഷനോടെ സിഎ വിജയിച്ച ശേഷം മാർച്ചിലാണ് അന്ന കമ്പനിയിൽ ജോലിക്കു കയറിയത്. അന്നു മുതൽ താങ്ങാവുന്നതിൽ കൂടുതൽ ജോലിയാണ് മാനേജർ അന്നയെക്കൊണ്ട് ചെയ്യിപ്പിച്ചത്. ഔദ്യോഗിക ജോലികൾക്കൊപ്പം മറ്റു പല ചുമതലകളും അന്നയെ ഏൽപിച്ചിരുന്നതായി കത്തിൽ അനിത അഗസ്റ്റിൻ പറയുന്നു. ശനിയും ഞായറും ഓഫീസ് അവധിയാണെങ്കിലും താമസ സ്ഥലത്തു നിന്ന് കമ്പനിക്കു വേണ്ടി ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇതുമൂലം രാത്രി കൃത്യമായി ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല.നാല് മാസത്തിനിടെ രണ്ട് തവണയേ ലീവിൽ വീട്ടിൽ വരാനായുള്ളൂ. ഈ ഘട്ടത്തിലും വിശ്രമമുണ്ടായിരുന്നില്ല. വീട്ടിലിരുന്ന് കമ്പനിക്കു വേണ്ടി ജോലി ചെയ്യേണ്ടിവന്നിരുന്നു.
ജോലിഭാരത്താലുള്ള മാനസിക സമ്മർദ്ദമാണ് ഹൃദയാഘാതത്തിനിടയാക്കിയതെന്നും കമ്പനി പണിയെടുപ്പിച്ചു കൊല്ലുകയായിരുന്നു അന്നയെയെന്നും അനിതയുടെ കത്തിൽ പറയുന്നു. ആ കത്തിൽ പറയുന്ന കാര്യങ്ങൾ മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെ ഹൃദയവികാരങ്ങൾ മാത്രമല്ല, ആധുനിക തൊഴിൽ സാഹചര്യങ്ങളിലെ സങ്കീർണതകളുടെ സമഗ്ര വിവരണം കൂടിയാണ്. കമ്പനി ചെയർമാൻ ഇത് നിഷേധിച്ചെങ്കിലും അന്നയുടെ കുടുംബത്തിന്റെ ആരോപണങ്ങളെ ശരിവെച്ചുകൊണ്ട് കൂടുതൽ ജീവനക്കാർ രംഗത്തു വന്നുകൊണ്ടിരിക്കയാണ്. 50ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയാണ് എണസ്റ്റ് ആൻഡ് യങ് ഗ്ലോബൽ. പലപ്പോഴും പതിനെട്ട് മണിക്കൂറോളം ജോലി ചെയ്തിരുന്നു അന്നയെന്നും നാല് മണിക്കൂറാണ് മിക്ക ദിവസങ്ങളിലും ഉറങ്ങിയിരുന്നതെന്നും അന്നയുടെ സുഹൃത്ത് ആൻമേരി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ഐടി അനുബന്ധ മേഖലകളിലെ സങ്കീർണമായ തൊഴിൽ സാഹചര്യത്തെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾക്ക് ഇതു വഴി തെളിച്ചിട്ടുണ്ട്.
തുടക്കക്കാർക്ക് പരിചയം കുറവായിരിക്കും. അതിനൊപ്പം താങ്ങാനാവാത്ത 'വർക്ക് ലോഡ്' കൊടുത്താൽ അവർക്ക് ഉറങ്ങാൻ പോലും സമയം കിട്ടില്ല. വകുപ്പുകളുടെ മാനേജർമാർ വിവേചന ബുദ്ധിയോടെ ഇതു കൈകാര്യം ചെയ്യന്നില്ലെന്ന പരാതി മിക്കവർക്കുമുണ്ട്. ഇക്കാര്യം ഉറപ്പാക്കുന്നതിൽ കമ്പനി മാനേജ്‌മെന്റ് ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ ഇത് രണ്ടും ഉണ്ടായില്ല എന്ന് വേണം അനുമാനിക്കാൻ. ഇതേക്കുറിച്ച് നടക്കുന്ന അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ മതിയായ നഷ്ടപരിഹാരം കമ്പനി അന്നയുടെ കുടുംബത്തിന് നൽകേണ്ടതാണെന്ന അഭിപ്രായം പലരും ഉന്നയിക്കുന്നു. ലക്ഷങ്ങളുടെ ശമ്പളത്തിന് പിന്നാലെ പരക്കം പായുന്നവർ രണ്ടുവട്ടം ചിന്തിക്കാനും ഈ സംഭവം ഹേതുവാകണമെന്ന നിരീക്ഷണവും ശക്തം. ഐടി മേഖലയിൽ ആത്മഹത്യകൾ വർധിക്കുന്നതായി വാർത്തയുണ്ടായിരുന്നു. ജോലി സമ്മർദ്ദമാണ് ഇതിനു പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്.
അന്നയുടെ മരണം സംഭവിച്ചതു നിമിത്തമാക്കി ഡിവൈഎഫ്‌ഐ പ്രതിഷേധ ഇ-മെയിൽ ക്യാമ്പയിൻ നടത്തുന്നുണ്ട്. പ്രധാനമന്ത്രിക്കും തൊഴിൽമന്ത്രിക്കും ഒരു ലക്ഷം ഇമെയിൽ അയക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. അമിത ജോലി ഭാരം സഹിക്കാനാകാതെ വന്നതു മൂലം അന്ന സെബാസ്റ്റ്യൻ മരണപ്പെട്ട വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് മറുപടി പറയണമെന്നും ഇതുമായി ബന്ധപ്പെട്ട് യുവജനങ്ങളെ അപഹസിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമൻ മാപ്പ് പറയണമെന്നും അവർ പറഞ്ഞു.
തീരാത്ത ഭാരം
ഏതൊരാൾക്കും താങ്ങാവുന്നതിലുമപ്പുറമാണ് കമ്പനിയുടെ ജോലി ഭാരമെന്ന് തന്റെ ഭാര്യയുടെ അനുഭവം വിവരിച്ചു കൊണ്ട് ആകാശ് വെങ്കിട്ട സുബ്രഹ്മണ്യൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ജോലിഭാരം അസഹ്യമായതിനെ തുടർന്ന് തന്റെ ഭാര്യ ഇ-വൈ കമ്പനി ജോലി ഉപേക്ഷിക്കുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ അന്നയ്ക്ക് സംഭവിച്ചത് അവൾക്കും സംഭവിക്കാമായിരുന്നു. ജോലിഭാരം മൂലമാണ് പലരും രാജി വെച്ചിട്ടുള്ളത്. അതേസമയം ഈ കമ്പനിയുടെ ഇന്ത്യക്കു പുറത്തുള്ള യൂണിറ്റുകളിൽ അമിതജോലി ഭാരം അടിച്ചേൽപ്പിക്കുന്നില്ല. എത്രമാത്രം പ്രയാസവും കഷ്ടപ്പാടും സഹിച്ചാണ് ഓരോ തൊഴിലാളിയും ജോലി ചെയ്യുന്നതെന്ന് അന്വേഷിക്കാൻ ഇന്ത്യയിൽ കാര്യക്ഷമമായ നിയമവും സംവിധാനവുമില്ല. തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് എത്രത്തോളം നികുതി പിരിക്കാനാകുമെന്ന ചിന്ത മാത്രമേ സർക്കാരിനുള്ളുവെന്നും ആകാശ് വെങ്കിട്ട സുബ്രഹ്മണ്യൻ കുറിപ്പിൽ ആരോപിക്കുന്നു.
മിക്ക അന്താരാഷ്ട്ര കമ്പനികളും തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്. സാധാരണ തൊഴിൽ സ്ഥാപനങ്ങൾ തൊഴിൽ സമയം എട്ട് മണിക്കൂറിൽ പരിമിതപ്പെടുത്തുമ്പോൾ പ്രതിദിനം 12 മുതൽ 16 മണിക്കൂർ വരെയാണ് വിദേശ കമ്പനികൾ ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. വിശ്രമത്തിന് ഇടവേളകളില്ലാതെ, കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാതെ മാനസിക, ശാരീരിക രോഗങ്ങൾ ബാധിക്കുന്നവർ കുറവല്ല. പാതിരാത്രി വരെ ഓഫീസിൽ തങ്ങി വീട്ടിലെത്തിയാൽ പലർക്കും ഉറക്കത്തിനു ഗുളികകളുടെയും മയക്കുമരുന്നിന്റെയും സഹായം തേടേണ്ടി വരുന്നു. കമ്പനി മേധാവികളുടെ ഇഷ്ടം സമ്പാദിക്കാൻ തുടക്കക്കാരായ ജീവനക്കാർ ഉത്സാഹം കാണിക്കുകയും മേലുദ്യോഗസ്ഥർ ഏൽപ്പിക്കുന്ന ജോലികളെല്ലാം കഷ്ടപ്പെട്ടു തീർക്കുകയും ചെയ്യും. ഈ മാനസികാവസ്ഥ കമ്പനി അധികൃതർ പരമാവധി ചൂഷണം ചെയ്യുകയാണ്.
അന്ന സെബാസ്റ്റ്യന്റെ മരണത്തിന് ഉത്തരവാദിയെന്നരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനോട് അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദേശം നൽകിയത് ആരോപണത്തിൽ കഴമ്പുണ്ടെന്ന സൂചന നൽകുന്നു. കമ്പനി നടത്തുന്ന ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നത് വരെ ജോലിയിൽ കയറേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. അന്നയുടെ മരണത്തോടെ ഈ കമ്പനിയുടെ മോശം തൊഴിൽ സാഹചര്യത്തെക്കുറിച്ച് ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ചർച്ച നടന്നു കൊണ്ടിരിക്കയാണ്. സ്ഥാപനത്തിലെ തൊഴിൽ സാഹചര്യം എത്രത്തോളം സുരക്ഷിതമാണ്, തൊഴിൽ ചൂഷണം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടക്കേണ്ടതുണ്ട്. ഇന്ത്യൻ തൊഴിലാളികളെ ഏത് ഭാരവും ചുമക്കുന്ന കഴുതകളായി കാണുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ചിന്താഗതി അവസാനിപ്പിക്കേണ്ടത് അനിവാര്യം.
പഴയ കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന തദ്ദേശീയമായ തൊഴിൽ സംസ്‌കാരം വളരെ വ്യത്യസ്തമായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്നവരെ കായികമായ ജോലിക്കല്ലാതെ മറ്റൊന്നിനും ഭൂവുടമകൾ അനുവദിച്ചിരുന്നില്ല. ഭരണവുമായി ബന്ധപ്പെട്ട ജോലികൾ ജാതിയുടെ മേന്മ നോക്കി മാത്രമാണ് നൽകിയിരുന്നത്. ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗം ഭൂവുടമകളുടെ പാടങ്ങളിൽ പണിയെടുത്താണ് ജീവിതം നയിച്ചിരുന്നത്. ഇവരാകട്ടെ പലപ്പോഴും ഭൂവുടമകൾക്ക് തലമുറകളായി കടക്കാരായിരുന്നു. അതിനാൽ ശമ്പളമില്ലാതെയും ജോലി ചെയ്യാൻ അവർ ബാദ്ധ്യസ്ഥരായിരുന്നു. സാധാരണക്കാരന്റെ സത്യസന്ധതയും കൂറും മറ്റും മുതലെടുക്കുന്ന രീതിയാണ് പൊതുവെ നിലനിന്നിരുന്നത്.
ബ്രിട്ടീഷുകാരുടെ വരവോടെ ഇതിൽ മാറ്റം വന്നുതുടങ്ങിയെങ്കിലും സ്വാതന്ത്ര്യാനന്തരമാണ് ഇന്ത്യയുടേതെന്ന് പറയാവുന്ന ഒരു തൊഴിൽ സംസ്‌കാരം നിരവധി അവകാശ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മറ്റും ഭാഗമായി ഇവിടെ രൂപപ്പെട്ടു തുടങ്ങിയത്. എന്നിട്ടും പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അവകാശങ്ങളെപ്പറ്റി ബോധവാനായ തൊഴിലാളി പക്ഷേ ഉത്തരവാദിത്വങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള ബോദ്ധ്യം പുലർത്തിയിരുന്നില്ല. മാത്രമല്ല തൊഴിൽ നൽകുന്നവരെ ശത്രുപക്ഷത്ത് കാണാനുള്ള മനോഭാവവും പല തൊഴിലാളി സംഘടനകളും വളർത്തിക്കൊണ്ടുവരികയും ചെയ്തു.
നല്ലതു പോലെ ജോലിചെയ്യുക എന്നത് ഒരു മനോഭാവമായി വളർത്തിയെടുത്ത രാജ്യങ്ങളാണ് വളർച്ച നേടിയിട്ടുള്ളത്. ആഗോളവത്ക്കരണത്തിന് ശേഷം ഇന്ത്യയിൽ തൊഴിൽ സംസ്‌കാരത്തിൽ വിപ്‌ളവകരമായ മാറ്റങ്ങളുണ്ടായി. നിശ്ചിത സമയത്തെ ജോലി എന്നതു പോലും അപ്രസക്തമായി മാറി. സങ്കേതികതയുടെ വളർച്ച ജോലിയിൽ അചിന്തനീയമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അതനുസരിച്ച് ജോലി ഒരോരുത്തരിലും ഏൽപ്പിക്കുന്ന സമ്മർദ്ദത്തിലും മാറ്റങ്ങൾ വന്നു. ഏതു ജോലിയും നിത്യമായ അഭ്യാസത്തിലൂടെയും പ്രയത്‌നത്തിലൂടെയുമാണ് വഴങ്ങി വരുന്നത്. തുടക്കത്തിൽ പല ജോലികളും കാഠിന്യമുള്ളതായി തോന്നുന്നത് പരിചയക്കുറവിന്റെ കൂടിയുള്ള പ്രശ്‌നമാണ്. അതിനാൽ പഴയ കാലത്ത് തുടക്കക്കാർക്ക് താരതമ്യേന കാഠിന്യം കൂടിയ ജോലികൾ ആദ്യം തന്നെ നൽകുമായിരുന്നില്ല. ഇന്നതെല്ലാം മാറി.
ചൂഷണം തുടർക്കഥ
തൊഴിൽ മേഖലയിലെ ചൂഷണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ട് കായികമായ അധ്വാനമാണ് ചൂഷണവിധേയമായതെങ്കിൽ ഇന്ന് അതു ബൗദ്ധിക തലത്തിലേക്കു മാറിയെന്നു മാത്രം. അമേരിക്കയിലെ അടിമത്തകാലവും അതിനെതിരേ നടന്ന പോരാട്ടങ്ങളും ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തെ ചൂഷണങ്ങളും തൊഴിൽ നിയമങ്ങളുമൊക്കെ കഴിഞ്ഞ നൂറ്റാണ്ടുകളെ സംഘർഷഭരിതമാക്കിയിരുന്നു. ചില വിപ്ലവ പ്രസ്ഥാനങ്ങളുടെ മാത്രമല്ല, തീവ്രവാദ സംഘടനകളുടെപോലും രൂപീകരണത്തിനു വഴിതെളിച്ചത് ഇത്തരം തൊഴിൽ ചൂഷണങ്ങളായിരുന്നു.
ഇരുപതാം നൂറ്റണ്ടോടെ ആ നികൃഷ്ട ചൂഷണ മനോഭാവത്തിന് വലിയ മാറ്റമുണ്ടായി. സോഷ്യലിസ്റ്റ് ആശയങ്ങൾ ലോകവ്യാപകമായി. എങ്കിലും തൊഴിൽ ചൂഷണവും തികച്ചും അനാരോഗ്യകരവുമായ തൊഴിൽ സാഹചര്യങ്ങളും പല മേഖലകളിലും നിലനിന്നു. സംഘടിതവും ഒറ്റപ്പെട്ടതുമായ നിരവധി പോരാട്ടങ്ങൾ അതിനെതിരേ ഉണ്ടായി.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സാമൂഹ്യ പരിഷ്‌കരണ പോരാട്ടത്തിന് ഏറെ വളക്കൂറുണ്ടായിരുന്നു. തൊഴിലാളി വർഗ സമഗ്രാധിപത്യം എന്ന ആശയം രാഷ്ട്രീയത്തിൽ മാത്രമല്ല സാഹിത്യ, കലാ സാംസ്‌കാരിക രംഗത്തും ആളുകളെ ആവേശഭരിതരാക്കി. അതിന്റെ പ്രതിഫലനം സാമൂഹ്യരംഗത്തും പ്രതിഫലിച്ചു. ഭരണാധികാരം കൈപ്പിടിയിലായപ്പോൾ തൊഴിലാളി വർഗ സമഗ്രാധിപത്യമൊക്കെ കാലഹരണപ്പെട്ടു എന്നത് മറ്റൊരു യാഥാർഥ്യം.
ഇന്ന് അവരെയും നിയന്ത്രിക്കുന്നത് മൂലധന ശക്തികളും കോർപറേറ്റ് മുതലാളിമാരുമാണ്. അതിനിപ്പോൾ ഇടതു വലതു വ്യത്യാസമൊന്നും ഇല്ലാതായി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള തത്രപ്പാടിൽ സംസ്ഥാനത്ത് തൊഴിൽ മേഖലയാകെ സംഘർഷപൂരിതമായ സംഭവങ്ങളും അരങ്ങേറുന്നു. തൊഴിൽ ദാതാക്കൾക്ക് സമരം നടത്തേണ്ട സാഹചര്യമുണ്ടായി. തൊഴിലെടുക്കാതെ തൊഴിലാളികൾ 'നോക്കുകൂലി' വാങ്ങി പുതിയ തൊഴിൽ സംസ്‌കാരം ഉണ്ടാക്കി. അതു പരിധിവിട്ടപ്പോൾ തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും തന്നെ 'നോക്കുകൂലി'യെ അപലപിക്കേണ്ടിവന്നു. എന്നിട്ടും അതൊന്നും ഇതുവരെ പൂർണമായി തുടച്ചുനീക്കാനായിട്ടില്ല.
കാലം മാറിയതോടെ പുതിയ തൊഴിൽ മേഖലകളും തൊഴിൽ സംസ്‌കാരവും ഉടലെടുത്തു. ആധുനിക ശാസ്ത്ര സങ്കേതിക മികവ് പുതിയ തൊഴിൽ മേഖലകളെ സമ്പുഷ്ടമാക്കി. ലോകക്രമം തന്നെ മാറിമറിഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും തൊഴിൽ മേഖലയിൽ പ്രതിഫലിച്ചു. വർക്ക് ഫ്രം ഹോം സംസ്‌കാരം വളർന്നു. അതിന്റെ ഗുണദോഷങ്ങൾ ഇനിയും ചർച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ. കുറെയേറെ ഐടി കമ്പനികൾ വീടു വിട്ട് ഓഫീസിലേക്ക് ജീവനക്കാരെ വിളിച്ചുതുടങ്ങിയെങ്കിലും ഓഫീസിലെ ജോലി കഴിഞ്ഞു വീട്ടിലെത്തിയാലും പല അസൈൻമെന്റുകളും അവർക്കു ചെയ്തു തീർക്കേണ്ടിവരുന്നു. ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല ജിവിതത്തെയും വ്യക്തിബന്ധങ്ങളെയും പോലും ബാധിക്കുന്നു.'വർക്ക് ലൈഫ് ബാലൻസ്' പലപ്പോഴും മിഥ്യ മാത്രം. അതു ജീവനെടുക്കുന്ന സാഹചര്യത്തിലേക്കു വളർന്നിരിക്കുന്നു എന്നതാണ് അന്നയുടെ അനുഭവം വ്യക്തമാക്കുന്നത്.
സ്‌കൂൾ, കോളജ് തലത്തിലെല്ലാം അന്ന മികച്ച അക്കാദമിക് നിലവാരം പുലർത്തിയിരുന്നു. ഇവൈയിൽ ചേർന്നശേഷവും അതേ ശൈലി തുടർന്നു. ഏല്പിച്ച ജോലികൾ ഏതു വിപരീത സാഹചര്യത്തിലും ചെയ്തു തീർക്കുക എന്നതായിരുന്നു അന്നയുടെ രീതി. ഐടി തുടങ്ങി ചില മേഖലകളിൽ ഇന്ന് ഒരാൾ ജോലി തുടങ്ങുന്നതു തന്നെ വളരെ ഉയർന്ന ശമ്പളം കൈപ്പറ്റിക്കൊണ്ടാണ്. അതിനാൽ കമ്പനികൾ അവരിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ പ്രതീക്ഷിക്കുന്ന ഒരു പ്രവണത വളർന്നുവരുന്നുണ്ട്. അതിന്റെ ഒരു ഇരയാണ് അമിത ജോലിസമ്മർദ്ദം താങ്ങാനാവാതെ ഹൃദയസ്തംഭനത്താൽ മരണമടഞ്ഞ അന്ന. ആധുനിക തൊഴിലിടങ്ങളിലെ മുഷ്യത്വരഹിത സാഹചര്യങ്ങൾക്കു വിരാമമിടാൻ ഇടയാക്കുമോ ഈ ദാരുണസംഭവമെന്നതാണ് ഇനിയറിയേണ്ടത്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1