ഗാസ ഏറ്റെടുത്ത് കൊണ്ട് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തടയിടാന്‍ ബദല്‍ പദ്ധതിയുമായി അറബ് നേതാക്കള്‍. തിരക്കിട്ട നീക്കത്തിന് ഒടുവില്‍ പാലസ്തീന്‍ അതോറിറ്റിയുടെ (പിഎ) ഭാവി ഭരണത്തിന് കീഴില്‍ ഗാസ പുനര്‍നിര്‍മ്മിക്കാനുള്ള 53 ബില്യണ്‍ ഡോളര്‍ (42 ബില്യണ്‍ പൗണ്ട്) പദ്ധതിക്കാണ് അറബ് നേതാക്കള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
വിവിധ കോണുകളില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് പുതിയ നീക്കമെന്നാണ് അറബ് രാജ്യങ്ങളുടെ വെളിപ്പെടുത്തല്‍. അതേസമയം ഗാസയിലെ പാലസ്തീന്‍ ജനതയെ മാറ്റിപാര്‍പ്പിക്കുക എന്നതായിരുന്നു ട്രംപ് മുന്നോട്ട് വച്ച ഫോര്‍മുല. തന്റെ ആദ്യ ഭരണ കാലത്ത് തന്നെ വാഷിംഗ്ടണിലെ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫീസ് ട്രംപ് അടച്ചുപൂട്ടിയിരുന്നു.
ഇസ്രായേലിന് കൂടുതല്‍ പിന്തുണ നല്‍കുന്ന തീരുമാനം ആയിരുന്നു ഇത്. ഗാസയില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ യുഎസ് കൊണ്ട് വരുമ്പോള്‍ തന്നെ അവിടെ നിന്നും പാലസ്തീകളെ ഒഴിവാക്കുക എന്ന നയം കൂടി അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. ഇവരെ ഏതെങ്കിലും അറബ് രാഷ്ട്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുക എന്നതായിരുന്നു ട്രംപ് മുന്നോട്ട്വെച്ച നിര്‍ദ്ദേശം.
അതിനിടെ ഒക്ടോബര്‍ 7ലെ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് പുനര്‍നിര്‍മ്മാണ പദ്ധതി പരാജയപ്പെട്ടുവെന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറബ് നേതാക്കളുടെ പുതിയ തീരുമാനത്തോട് ഏറ്റവും ഒടുവില്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിനെ സ്വാഗതം ചെയ്യുകയാണ് ഹമാസ്, എങ്കിലും പദ്ധതി വിജയത്തിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു. അറബ്, ഇസ്ലാമിക പിന്തുണ തേടുന്നതിന് മുന്നോട്ടുള്ള ചുവടുവെപ്പായി ഹമാസ് ഇതിനെ കണക്കാക്കുന്നു. മാത്രമല്ല യുഎസ് നീക്കത്തിന് ബദലായി ഇത് മാറുകയും ചെയ്യുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു.
കെയ്റോയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ അവതരിപ്പിച്ച പുതിയ നിര്‍ദ്ദേശം, യുദ്ധത്തില്‍ നശിച്ച പ്രദേശത്തിന് അടിയന്തര ദുരിതാശ്വാസം, തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം, ദീര്‍ഘകാല സാമ്പത്തിക വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒന്നാണ്. ഇത് ഗാസയുടെ പൂര്‍ണ തോതിലുള്ള വികസനത്തിന് ഏറെ സഹായകരമാവും.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ സര്‍ക്കാരിന്റെ പുനര്‍നിര്‍മ്മാണ പദ്ധതി പാലസ്തീനികളെ അവരുടെ ഭൂമിയില്‍ തുടരാന്‍ അനുവദിക്കുമെന്ന് പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, സംഘടന പൂര്‍ണ്ണമായി സഹകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസിനെ ഒഴിവാക്കി, മേഖലയിലെ പ്രബലമായ രാഷ്ട്രീയ ശക്തിയായ പിഎല്‍ഒയുടെ കീഴില്‍ പാലസ്തീന്‍ പ്രാതിനിധ്യം ഏകീകരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. എന്നാല്‍ യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ട പ്രദേശം ആരാണ് തുടര്‍ന്ന് കൈകാര്യം ചെയ്യുക എന്നതില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1