കേരളത്തിൽ വസ്തു ക്രയവിക്രയത്തിൽ, സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു കാണിക്കുന്ന ഒരു പ്രവണത എങ്ങുമുണ്ടായിരുന്നു. അതിനു തടയിടാൻ ഓരോ നാട്ടിലെയും ഭൂമിക്ക് അതിന്റെ മൂല്യം കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വില പരസ്യം ചെയ്യുന്നു ഒരു പദ്ധതി ഉമ്മൻചാണ്ടി 1992ൽ ബജറ്റിലൂടെ കൊണ്ടുവന്നു. ഭൂമിക്ക് ഫെയർ വാല്യൂ നിശ്ചയിക്കുന്നതിന്റെ തുടക്കം നാട്ടിൽ ഉണ്ടായതങ്ങിനെയാണ്.
അക്കാലത്താണ് കെ. കരുണാകരനെതിരായ പാമോയിൽ അഴിമതി ആരോപണം നിയമസഭയിൽ വന്നത്. പവർ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് വഴി കണ്ണിന് 45 ഡോളർ നിരക്കിൽ പാമോയിൽ ഇറക്കുന്നത് ചെയ്തത് വഴി സംസ്ഥാനത്തിന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി എന്നായിരുന്നുആരോപണം.
കേരള സർക്കാർ ടെൻഡർ ക്ഷണിക്കാതെ ഏകപക്ഷീയമായി പവർ ആൻഡ് എനർജി ലിമിറ്റഡിനെ തിരഞ്ഞെടുത്തു. വി.ജെ. തങ്കപ്പൻ ആണ് ഇതുന്നയിച്ചത്. ടണ്ണിന് 390 ഡോളർ നിരക്കിൽ പാമോയിൽ നൽകാൻ മലേഷ്യയിലെ നളിൻ ഇൻഡസ്ട്രീസ് നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു എന്ന് പ്രതിപക്ഷം വാദിച്ചു. അന്നത്തെ കേരള ഭക്ഷ്യ സെക്രട്ടറിയായിരുന്ന പി.ജെ. തോമസാണ് ഇറക്കുമതി ഉത്തരവിൽ ഒപ്പുവെച്ചത്.
ഇങ്ങനെ ശക്തമായ ഒരു ആരോപണം വരുമ്പോൾ കരുണാകരൻ കോൺഗ്രസ് പാർലമെന്ററി ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോയിരിക്കുകയായിരുന്നു. ആന്റണി ആകട്ടെ ഡൽഹിയിലെ സൗത്ത് അവന്യൂവിലെ വീട്ടിൽ ചിക്കൻപോക്‌സ് പിടിപെട്ട് വിശ്രമിക്കുകയായിരുന്നു. അവിടെയും അനുരഞ്ജനത്തിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരുന്നു. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് ഐ ഗ്രൂപ്പ്. എന്നാൽ ആന്റണി പക്ഷം ഉന്നയിച്ച ഒരു ആവശ്യത്തിന് പോലും ന്യായമായ മറുപടി ഉണ്ടായില്ല എന്ന് ഉമ്മൻചാണ്ടി പിറുപിറുത്തു.
അതോടെ, തെന്നല കമ്മറ്റി തന്നെ ഇനി ആവശ്യമില്ല എന്ന നിലപാട് എടുത്തു വയലാർ രവി. ഉമ്മൻചാണ്ടി അതിനെ ശക്തിയായി എതിർത്തു. മാർച്ചിൽ ബജറ്റ് അവതരിപ്പിക്കേണ്ടതുള്ളതുകൊണ്ട് ഉമ്മൻചാണ്ടി തിരക്കിട്ട് നാട്ടിലേക്ക് പോകുന്നു. ഏറെ സാമ്പത്തിക പ്രതിസന്ധികൾ ഉള്ളതിനാൽ നിർവഹിച്ചു. 1992 മാർച്ച് 20 വെള്ളിയാഴ്ച അത് അസംബ്ലിയിൽ ഉമ്മൻചാണ്ടി അവതരിപ്പിച്ചു.
എന്തുവിലകൊടുത്തും ചിലവ് ചുരുക്കിയേ പറ്റൂ. അതിനായി ഒൻപതിന പരിപാടി കൂടി അദ്ദേഹം ആ ബജറ്റിൽ ഉൾപ്പെടുത്തി. വസ്തു ക്രയവിക്രയത്തിൽ, സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു കാണിക്കുന്ന ഒരു പ്രവണത പലഭാഗത്തുമുണ്ടായിരുന്നു. അതിനു തടയിടാൻ ഓരോ നാട്ടിലെയും ഭൂമിക്ക് അതിന്റെ മൂല്യം കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വില പരസ്യം ചെയ്യുകയായിരുന്നു പദ്ധതി.
ഭൂമിക്ക് ഫെയർ വാല്യൂ നിശ്ചയിക്കുന്നതിന്റെ തുടക്കം അങ്ങനെയായിരുന്നു. ഇതിനിടെ വയലാർ രവി മറ്റൊരു പരാതിയുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു. ലീഡർ കരുണാകരന്റെയും തന്റെയും നേതൃത്വം ദുർബലപ്പെടുത്താൻ ബോധപൂർവ്വം ആന്റണി ഗ്രൂപ്പ് ശ്രമിക്കുന്നു എന്നായിരുന്നുപരാതി. കരുണാകരനും വയലാറും ഒരേ ഒരു ഗ്രൂപ്പിന്റെ മാത്രം നേതാക്കളായി പ്രവർത്തിക്കുന്നു എന്ന് ഉമ്മൻചാണ്ടി തുറന്നടിക്കുകയും ചെയ്തു. അതിന് തെളിവായി ഉമ്മൻചാണ്ടി ചില വസ്തുതകൾ നിരത്തി. ആരെയും അറിയിക്കാതെ ഷാനവാസിനെ വൈദ്യുതി ബോർഡിന്റെ അനൗദ്യോഗിക അംഗമാക്കി, പി.ടി. മോഹനകൃഷ്ണനെ ഗുരുവായൂർ ദേവസ്വം ബോർഡ് മാനേജിങ് കമ്മിറ്റി അംഗം ആക്കി. നാളുകൾക്കുള്ളിൽ അദ്ദേഹത്തിനെ ചെയർമാനായി അവരോധിക്കുകയും ചെയ്തു.
അതോടെ പരസ്പര വിശ്വാസം എന്നത് പ്രഹേളികയായി മാറി. അത് തുറന്നു പറയാൻ ആന്റണി മടിച്ചില്ല. പിന്നെയൊരങ്കപ്പുറപ്പാടുതന്നെയായിരുന്നു. കരുണാകരനും വയലാർ രവിയും രൂക്ഷ വിമർശനവുമായി ഉടൻ എത്തി. ആന്റണിയുടെ പ്രസ്താവന നേരും നെറിയുമുള്ളവർക്ക് ചേർന്നതല്ല എന്നായിരുന്നു കരുണാകരൻ തട്ടിവിട്ടത്. നാളിതുവരെ കേരളത്തിലെ ഒരു കാര്യവും ഡൽഹിയിൽ ചെന്ന് താൻ ആരോടും പറയാറില്ല എന്നും. തെന്നല കമ്മറ്റി പ്രവർത്തനം തുടങ്ങാത്തത് എ.ഐ.സി.സി നിർദേശം അനുസരിച്ച് ആണെന്നും വയലാർ രവി പറഞ്ഞു. സംസ്ഥാനത്തെ സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ പരാതികളും എ.ഐ.സി.സി പരിഗണനയിലാണ്. തെന്നല കമ്മിറ്റി പ്രവർത്തിക്കണോ, ഏതെല്ലാം കാര്യങ്ങളിലാണ് അന്വേഷണം വേണ്ടത് എന്നൊക്കെ തീരുമാനിക്കേണ്ടത് എ.ഐ.സി.സി ആണ്.
അതോടെ ആന്റണി അതിനു വിശദീകരണവുമായി വന്നു. കെ.പി.സി.സിയും മുഖ്യമന്ത്രിയും ഘടകകക്ഷികളും പലവട്ടം സംസാരിച്ചെടുത്ത തീരുമാനമാണ് തെന്നല കമ്മിറ്റി. ഒരു മാസം കഴിഞ്ഞിട്ടും അത് പ്രവർത്തിച്ചു തുടങ്ങാത്തത് കരാർ ലംഘനം ആണെന്നും പ്രകോപനം ഉണ്ടാക്കാൻ കരുണാകരനും രവിയും മനപ്പൂർവം ചെയ്യുന്നതാണ് ഇതെല്ലാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തങ്ങൾ തയ്യാറല്ലെന്ന് തെന്നല കമ്മറ്റി വന്നേ പറ്റൂ എന്നും കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനക്കുള്ള പ്രതികരണമായി ഉമ്മൻചാണ്ടിയും പ്രസ്താവന ഇറക്കി. കോൺഗ്രസ് ഹൈക്കമാൻഡ് അപ്പോൾ സത്യത്തിൽ തിരുപ്പതി സമ്മേളനത്തിന്റെ തത്രപ്പാടിലാണ്. തുടർന്ന് ചർച്ചകൾ എല്ലാം തിരുപ്പതിയിലേക്ക് മാറുന്നു.
1992 ഏപ്രിൽ 14 മുതൽ 16 വരെ ആണ് തിരുപ്പതി സമ്മേളനം. പ്രധാനമന്ത്രി നരസിംഹറാവുവിന് ബദലായി അർജുൻ സിംഗ്-ശരത് പവർ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസിനുള്ളിൽ ഒരു ചേരി രൂപം കൊള്ളുന്ന കാലം. അതിനെ ഒന്നും ഭയപ്പെടുന്നില്ലെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കുകയില്ലെന്നും നരസിംഹറാവുവിന്റെ പ്രസ്താവന വന്നു. മാത്രമല്ല കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും എന്ന തരത്തിൽ ഒരു പ്രചരണവും അക്കാലത്ത് നടന്നിരുന്നു.
അങ്ങിനെയെങ്കിൽ അത് രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി നടത്തുന്ന സംഘടനാ തിരഞ്ഞെടുപ്പായിരിക്കും. അങ്ങനെ വന്നാൽ പ്രവർത്തകസമിതിയിലേക്ക് എ.കെ. ആന്റണിയെ മത്സരിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ആന്റണി ഗ്രൂപ്പ് തീരുമാനമെടുത്തു.
അതിനു വേണ്ടുന്ന കൃത്യമായ ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടന്നു. കഷ്ടാനുഭവ ആഴ്ചയിലാണ് എ.ഐ.സി.സി സമ്മേളനം നടക്കുന്നത്. ആ ആഴ്ചയിൽ എന്ത് തിരക്കുണ്ടെങ്കിലും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ കാണുമായിരുന്നു. എന്നാൽ ഇക്കുറി അത് തെറ്റിക്കേണ്ടി വന്നതിനുള്ള മനപ്രയാസം ഉമ്മൻചാണ്ടി ഉണ്ടായിരുന്നു. ഉമ്മൻചാണ്ടിയും കൂട്ടരും നേരത്തെ തന്നെ ഡൽഹിയിലെത്തി. തിരുപ്പതിയിലാണ് സമ്മേളനം നടക്കുന്നതെങ്കിലും അണിയറ പ്രവർത്തനങ്ങൾ ഡൽഹിയിൽ ഇരുന്ന് നിയന്ത്രിച്ചതത്രയും ഉമ്മൻചാണ്ടി ആയിരുന്നു.
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1