നിങ്ങളറിയാത്ത ഇറാഖിന്റെ മറ്റൊരു മുഖം

JULY 24, 2024, 11:13 AM

ഈ കാലഘട്ടത്തിലും ദിവസം മുഴുവന്‍ വൈദ്യുതി കിട്ടാത്ത ഒരു രാജ്യം. ഇലക്ടോണിക് ഉപകരങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജനറേറ്ററുകള്‍ ഉപയോഗിക്കേണ്ട അവസ്ഥ. എണ്ണ കയറ്റുമതിയില്‍ ആദ്യ സ്ഥാനങ്ങളില്‍ എണ്ണുന്ന ഇറാഖിന് ഇങ്ങനെയും ഒരു മുഖമുണ്ട് എന്ന് അറിയുമ്പോള്‍ ആരും അമ്പരക്കും.

അതായത് രാജ്യത്തെ നഗരങ്ങള്‍ക്കുള്ള മൊഞ്ച് ഇറാഖിന്റെ ഗ്രാമങ്ങളിലില്ല. സാമ്പത്തികമായി കുതിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യമാണ് ഇതെങ്കിലും ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന് ചുരുക്കം. പ്രകൃതി വിഭവങ്ങള്‍ ഏറെയുണ്ട് ഇറാഖില്‍. അവ ഖനനം ചെയ്ത് ഉപയോഗപ്രദമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം നന്നേ കുറവാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുക എന്നതാണ് മുന്നിലുള്ള പോംവഴി. അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ഇറാഖ്. ഇറാന്‍ സഹായിക്കുന്നുണ്ടെങ്കിലും അവരുടെ കാര്യവും കഷ്ടം തന്നെ. ഏറ്റവും ഒടുവില്‍ തുര്‍ക്കിയുമായി സഹകരിച്ചിരിക്കുകയാണ് ഇറാഖ്.

അറബ് ലോകത്തെ പ്രധാന ശക്തിയാണ് ഇറാഖ്. സദ്ദാം ഹുസൈന്റെ അവസാന നാളുകളില്‍ അമേരിക്ക നടത്തിയ അധിനിവേശം അവരെ പൂര്‍ണമായും തളര്‍ത്തി. പിന്നീട് ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയും കടന്നാണ് പുതിയ കുതിപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാഖ്. മാത്രമല്ല കുര്‍ദിഷ് മലയോര മേഖലയില്‍ സ്വര്‍ണം, ചെമ്പ് തുടങ്ങിയവയും ഏറെയുണ്ട്.

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. റഷ്യയ്ക്ക് ശേഷം ഇറാഖില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത്. നേരത്തെ സൗദി അറേബ്യയെ ആയിരുന്നു ഇന്ത്യ കൂടുതല്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇറാഖും റഷ്യയുമെത്തിയതോടെ സൗദി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അമേരിക്കയുടെ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം ഇറാഖിന്റെ പ്രകൃതി വിഭവ സമ്പത്തായിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തുര്‍ക്കിയുമായി അടുത്ത കാലം വരെ അകല്‍ച്ചയിലായിരുന്നു ഇറാഖ്. ഈയിടെ ഇരുരാജ്യങ്ങളും പല കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ തുറമുഖം ഇറാഖില്‍ നിര്‍മിക്കാന്‍ തുര്‍ക്കിയും ഖത്തറും സഹകരിക്കുന്നു. മാത്രമല്ല, തുര്‍ക്കിയെ ബന്ധിപ്പിക്കുന്ന പുതിയ പാത വരികയുമാണ്. അതിനിടെയാണ് വൈദ്യുതി കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്.

തുര്‍ക്കിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന പുതിയ കരാര്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇറാഖിലെ മൊസൂളിനടുത്ത കിസിക് നിലയത്തിലേക്കാണ് തുര്‍ക്കിയില്‍ നിന്ന് വൈദ്യുതി എത്തിക്കുക. 115 കിലോമീറ്ററിലുള്ള ലൈന്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇറാഖിന്റെ വടക്കന്‍ പ്രവിശ്യകളായ നൈന്‍വി, സലാഹുദ്ദീന്‍, കിര്‍ക്കുക്ക് എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് വൈദ്യുതി വിതരണം ചെയ്യും.

വേനലില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും ഇറാഖിലെ ചൂട്. കുറച്ച് മണിക്കൂറുകള്‍ മാത്രം ഉപയോഗിക്കാനുള്ള വൈദ്യുതിയേ മിക്ക ജനങ്ങള്‍ക്കും ലഭിക്കുകയുള്ളുവത്രെ. പിന്നെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കും. ഇറാനില്‍ നിന്ന് വൈദ്യുതി ലഭിക്കുമെങ്കിലും അതിന് കൃത്യമായ തുടര്‍ച്ചയില്ല. ഇറാനെ ആശ്രയിക്കുന്നത് കുറച്ച് ജിസിസി രാജ്യങ്ങളില്‍ നിന്ന് വൈദ്യുതി ഇറക്കാനാണ് പുതിയ നീക്കം.

കഴിഞ്ഞ മാര്‍ച്ചിലാണ് ജോര്‍ദാനില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തുടങ്ങിയത്. അതിന് പുറമെയാണ് തുര്‍ക്കിയില്‍ നിന്ന് വാങ്ങുന്നത്. സൗദി, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളുമായി കൂടുതല്‍ സഹകരിക്കാനും ഇറാഖ് തീരുമാനിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam