തായ്‌ലൻഡില്‍ ഇനി 60 ദിവസം തങ്ങാനാകില്ല; വിസ നിയമങ്ങള്‍ കടുപ്പിച്ചു: ഇന്ത്യക്കാര്‍ക്കും തിരിച്ചടി

MAY 20, 2026, 2:45 AM

ഫുകേത്: വിസ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി തായ്‌ലന്‍ഡ്. വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടായ പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 93 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് നിലവിലുണ്ടായിരുന്ന വിസ രഹിത താമസ കാലാവധി തായ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ബാങ്കോക്കില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

കോവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കാനായി 2024 ജൂലൈയിലാണ് തായ്‌ലന്‍ഡ് ലിബറല്‍ വിസ നയം കൊണ്ടുവന്നത്. ഇതനുസരിച്ച് ഇന്ത്യ, യുകെ, യുഎസ്, ഓസ്ട്രേലിയ, കൂടാതെ 29 ഷെന്‍ഗന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 93 രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് വിസയില്ലാതെ 60 ദിവസം വരെ രാജ്യത്ത് തങ്ങാമായിരുന്നു. ഈ ആനുകൂല്യമാണ് പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ റദ്ദാകുന്നത്.

ഭൂരിഭാഗം വിദേശ പൗരന്മാര്‍ക്കും ഇനി മുതല്‍ പരമാവധി 30 ദിവസത്തെ വിസ രഹിത താമസമേ അനുവദിക്കൂ. ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് 15 ദിവസമായി ചുരുക്കാനും സാധ്യതയുണ്ട്. ഓരോ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും സുരക്ഷയും വിലയിരുത്തിയാകും ഇത് വ്യക്തിഗതമായി പുനര്‍ നിര്‍ണയിക്കുക. 30 ദിവസത്തിനപ്പുറം രാജ്യത്ത് തുടരണമെങ്കില്‍ ഇമിഗ്രേഷന്‍ ഓഫീസുകളില്‍ നേരിട്ടെത്തി കൃത്യമായ കാരണങ്ങള്‍ ബോധിപ്പിച്ച് വിസ നീട്ടാന്‍ അപേക്ഷിക്കണം. ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണമായ പരിശോധനയ്ക്ക് ശേഷമേ ഇനിമേല്‍ വിസ നീട്ടി നല്‍കൂ.

വിസ രഹിത ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്ത് വിദേശികള്‍ രാജ്യത്ത് തങ്ങുന്നതും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും തടയാന്‍ കര്‍ശനമായ നടപടികള്‍ വേണമെന്ന സുരക്ഷാ ഏജന്‍സികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഈ നീക്കം. അടുത്ത കാലത്തായി വിദേശ പൗരന്മാര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍, ലൈംഗിക വ്യാപാരാരോപണങ്ങള്‍, കൃത്യമായ പെര്‍മിറ്റുകളില്ലാതെ നിയമവിരുദ്ധമായി ഹോട്ടലുകളും ബിസിനസ്സുകളും നടത്തല്‍ എന്നിവ രാജ്യത്ത് വര്‍ദ്ധിച്ചിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള അറസ്റ്റുകളും നടന്നിട്ടുണ്ട്.

തങ്ങള്‍ ഒരു പ്രത്യേക രാജ്യത്തെയും ലക്ഷ്യം വെക്കുന്നില്ലെന്നും മറിച്ച് വിസ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെ തടയുക മാത്രമാണ് ലക്ഷ്യമെന്നും തായ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തായ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം പുതിയ വിസ പരിഷ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. ദീര്‍ഘനാള്‍ തായ്‌ലന്‍ഡില്‍ തങ്ങാന്‍ പദ്ധതിയിടുന്ന ടെക്കികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പുതിയ നിയമം വലിയ തിരിച്ചടിയാകും. സമ്പദ്‌വ്യവസ്ഥയുടെ 10 ശതമാനത്തിലധികം ടൂറിസത്തെ ആശ്രയിക്കുന്ന തായ്‌ലാന്‍ഡിലേക്ക് ഈ വര്‍ഷം ഏതാണ്ട് 33.5 ദശലക്ഷം വിദേശ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ടൂറിസം മേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam