ബാംഗുയി: അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെടുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ തങ്ങളുടെ രാജ്യത്ത് പാര്‍പ്പിക്കാന്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് സമ്മതിച്ചതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാരെ വേഗത്തില്‍ പുറത്താക്കുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം നടത്തുന്ന രഹസ്യ നീക്കങ്ങളുടെ ഭാഗമായാണ് ഈ പുതിയ കരാറെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഘാന, സിയറ ലിയോണ്‍, ഇക്വറ്റോറിയല്‍ ഗിനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അമേരിക്ക ഇതിനകം തന്നെ ഇത്തരത്തില്‍ ആളുകളെ നാടുകടത്തിയിട്ടുണ്ട്. ഈ കരാറുകള്‍ക്കായി കോടിക്കണക്കിന് ഡോളറാണ് അമേരിക്ക ചിലവഴിക്കുന്നതെന്ന് യു.എസ് സെനറ്റിലെ ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു.
അമേരിക്കന്‍ ഇമിഗ്രേഷന്‍ കോടതികളില്‍ നിന്നും നിയമപരമായ സംരക്ഷണം ലഭിച്ച കുടിയേറ്റക്കാരെയാണ് പലപ്പോഴും ഇത്തരത്തില്‍ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത്. യു.എസ് നിയമങ്ങളെ മറികടക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തന്ത്രമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഈ നാടുകടത്തലുകള്‍ പൂര്‍ണ്ണമായും നിയമപരമാണെന്ന് വാഷിംഗ്ടണ്‍ വാദിക്കുന്നു.
മെയ് 18 ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി ക്രിസ്റ്റ്യന്‍ ജോവ് എര്‍ഹാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് തലസ്ഥാനമായ ബാംഗുയിയില്‍ എത്തി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എത്ര പേരെ ഇത്തരത്തില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്ക് അയക്കുമെന്നോ, ഇവരുടെ ആദ്യ വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞ മെയ് 26 ന് ഒരു തുര്‍ക്കി പൗരനെ അമേരിക്ക സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്ക് നാടുകടത്താന്‍ ശ്രമിച്ചത് യു.എസ് ജില്ലാ ജഡ്ജി ലീ റൊസെന്താല്‍ താല്‍ക്കാലികമായി തടഞ്ഞിരുന്നു.
നാടുകടത്തപ്പെട്ട് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അന്താരാഷ്ട്ര കുടിയേറ്റ സംഘടന രംഗത്തുണ്ടാകും. ഈ വര്‍ഷം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എസ് ഭരണകൂടം 85 മില്യണ്‍ ഡോളര്‍ ഐ.ഒ.എമ്മിന് അനുവദിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ആഭ്യന്തര കലഹങ്ങളും കടുത്ത ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യമാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്. അടുത്തിടെ മൂന്നാം തവണയും അധികാരത്തിലേറിയ പ്രസിഡന്റ് ഫൗസ്റ്റിന്‍-അര്‍ചേഞ്ച് തൗഡേര, സുരക്ഷയ്ക്കായി റഷ്യയുമായും ഖനന മേഖലകളില്‍ പാശ്ചാത്യ രാജ്യങ്ങളുമായും സഖ്യത്തിന് ശ്രമിക്കുന്നതിനിടയിലാണ് അമേരിക്കയുമായുള്ള ഈ പുതിയ കരാര്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
