ന്യൂയോര്‍ക്ക്: ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായ യാന്‍ ലേകുന്‍ മെറ്റ വിടുന്നതായി റിപ്പോര്‍ട്ട്. മെറ്റയുടെ ചീഫ് എഐ ശാസ്ത്രജ്ഞനാണ് അദ്ദേഹം. സ്വന്തമായി എഐ സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാന്‍ മെറ്റയുടെ പടിയിറങ്ങുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
സൂപ്പര്‍ ഇന്റലിജന്‍സ് ലാബ് എന്ന പേരില്‍ പുതിയ നേതൃത്വത്തിന് കീഴില്‍ എഐ ദൗത്യങ്ങള്‍ മെറ്റ പുനക്രമീകരിക്കുകയും എഐ രംഗത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള വമ്പന്‍ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനിടെയാണ് പ്രധാന വ്യക്തികളിലൊരാള്‍ പോവുന്നത്.
ഡീപ്പ് ലേണിങ് രംഗത്തെ സംഭാവനകള്‍ക്ക് 2018 ലെ ടുറിങ് പുരസ്‌കാര ജേതാവാണ് ലേകുന്‍. 2013 മുതല്‍ മെറ്റയുടെ ഫണ്ടമെന്റല്‍ എഐ റിസര്‍ച്ച് ലാബിന് നേതൃത്വം നല്‍കുന്നത് ലേകുന്‍ ആണ്. തന്റെ പുതിയ സ്റ്റാര്‍ട്ട്അപ്പിനായുള്ള പ്രാരംഭ ചര്‍ച്ചകളിലാണ് അദ്ദേഹമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഓപ്പണ്‍ എഐ, ഗൂഗിള്‍ ഡീപ്പ്മൈന്‍ഡ് ഉള്‍പ്പടെ ലോകത്തെ മുന്‍നിര എഐ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദരെ കൊണ്ടുവന്നാണ് സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്സ് എന്ന പേരില്‍ വലിയൊരു വിഭാഗത്തിന് മെറ്റ രൂപം നല്‍കിയത്. അതുവരെ മെറ്റയുടെ എഐ അധിഷ്ഠിത ജോലികള്‍ നടന്നിരുന്നത് യാന്‍ ലേകുനിന്റെ നേതൃത്വത്തിലുള്ള ഫണ്ടമെന്റല്‍ എഐ റിസര്‍ച്ച് ലാബിന് കീഴിലായിരുന്നു. ഡാറ്റ ലേബലിങ് സ്റ്റാര്‍ട്ടപ്പായ സ്‌കെയില്‍ എഐയുടെ മുന്‍ സിഇഒ അലക്സാണ്ടര്‍ വാങിനെയാണ് പുതിയ ചീഫ് എഐ ഓഫിസറായി സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്സിന്റെ നേതൃത്വത്തിനായി ചുമതലപ്പെടുത്തിയത്. തത്ഫലമായി അതുവരെ കമ്പനിയുടെ എഐ ദൗത്യങ്ങളുടെ ആകെ ചുമതലയുണ്ടായിരുന്ന ലേകുന്‍ അലക്സാണ്ടര്‍ വാങ്ങിന് കീഴിലായി. എന്നാല്‍ ഈ നീക്കമാണോ അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് കാരണം എന്നതില്‍ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
