യു.എസ് ദേശീയ സുരക്ഷാ കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി; യൂറോപ്പ് മേധാവി സ്ഥാനമൊഴിയുന്നു

JUNE 4, 2026, 7:12 PM

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ (NSC) വന്‍ ഉദ്യോഗസ്ഥ പുനസംഘടന. കൗണ്‍സിലിന്റെ യൂറോപ്യന്‍-റഷ്യന്‍ കാര്യങ്ങളുടെ സീനിയര്‍ ഡയറക്ടറും പ്രമുഖ യൂറോപ്പ് വിദഗ്ധനുമായ ചാര്‍ലസ് മക്ലോഗ്ലിന്‍ അടുത്ത ദിവസങ്ങളില്‍ സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ നീക്കത്തോടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ദൈനംദിന നയരൂപീകരണത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്ടിങ് ദേശീയ സുരക്ഷാ ഉപദേശകന്റെ ചുമതല കൂടി മാര്‍ക്കോ റൂബിയോയ്ക്കാണ്. കൗണ്‍സിലിലെ പ്രധാന പദവികളിലേക്ക് റൂബിയോയുടെ അടുത്ത അനുയായികള്‍ എത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍. മുന്‍ ആര്‍മി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഓഫീസറായ ചാര്‍ലസ് മക്ലോഗ്ലിന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പദവിയിലേക്ക് തിരികെ പോകുമെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂണ്‍ പകുതിയോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മക്ലോഗ്ലിന് മികച്ച വ്യക്തി ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും റഷ്യയ്ക്കെതിരെ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനേക്കാള്‍ മോസ്‌കോയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാണ് അദ്ദേഹം താല്പര്യപ്പെട്ടിരുന്നതെന്ന ആക്ഷേപം യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ക്കിടയിലുണ്ട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ കൂടുതല്‍ കര്‍ശന നിലപാടുള്ള ഒരാള്‍ ഈ പദവിയിലേക്ക് വരണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആഗ്രഹം.

എന്നാല്‍ ഈ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി നിഷേധിച്ചു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ട്രംപിന്റെ അജണ്ട നടപ്പാക്കുക മാത്രമാണ് മക്ലോഗ്ലിന്‍ ചെയ്തതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിന് ശേഷം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. പല സുപ്രധാന തീരുമാനങ്ങളില്‍ നിന്നും കൗണ്‍സിലിനെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ അഴിച്ചുപണിയോടെ കൗണ്‍സിലിന് പഴയ പ്രതാപം തിരിച്ചുകിട്ടിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ചകളില്‍ മാര്‍ക്കോ റൂബിയോയുടെ വിശ്വസ്തനായ മൈക്ക് നീഥാം കൗണ്‍സിലിന്റെ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായി ചുമതലയേറ്റിരുന്നു. മക്ലോഗ്ലിന് പകരക്കാരനായി റൂബിയോയുടെ മറ്റൊരു സഹായിയായ ക്രിസ് കറന്റെ പേരാണ് നിലവില്‍ സജീവമായി പരിഗണിക്കപ്പെടുന്നത്. വരും ആഴ്ചകളില്‍ കൗണ്‍സിലില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam