വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിലുണ്ടായ വെടിവെപ്പിനെച്ചൊല്ലിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കെതിരെ അധികൃതര്‍ രംഗത്ത്. സംഭവം രാഷ്ട്രീയ നേട്ടത്തിനായി ട്രംപും മറ്റ് നേതാക്കളും കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തിന് ശേഷം 'സ്റ്റേജ്ഡ്' എന്ന വാക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനായി നടത്തിയ 'ഫാള്‍സ് ഫ്‌ളാഗ്' ഓപ്പറേഷനാണ് ഇതെന്നും വൈറ്റ് ഹൗസില്‍ പുതിയ ബോള്‍ റൂം നിര്‍മിക്കുന്നതിന് പൊതുജനപിന്തുണ നേടാനായി ട്രംപ് തന്നെ ഒരുക്കിയ നാടകമാണിതെന്നുമുള്ള തരത്തിലായിരുന്നു സോഷ്യല്‍ മീഡിയ വാദങ്ങള്‍.
കൂടാതെ സംഭവത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ട്രൂത്ത് സോഷ്യലിലെ കുറിപ്പിലും ട്രംപ് ബോള്‍ റൂമിനെക്കുറിച്ച് പരാമര്‍ശിച്ചത് ഈ സംശയത്തിന് ആക്കംകൂട്ടി. അതോടൊപ്പം ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഐഷ ഹാസ്‌നിയുടെ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ സിഗ്‌നല്‍ നഷ്ടപ്പെട്ടതും പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പരിപാടിക്ക് മുന്‍പ് 'വെടിയുതിര്‍ക്കപ്പെടും' എന്ന് പറഞ്ഞതും ഗൂഢാലോചനാ വാദികള്‍ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഔദ്യോഗിക വൃത്തങ്ങള്‍ രംഗത്തെത്തി. ലീവിറ്റിന്റെ പരാമര്‍ശം ട്രംപ് അവതരിപ്പിക്കാനിരുന്ന തമാശകളെ കുറിച്ചായിരുന്നുവെന്നും ഹാസ്‌നിയുടെ ഫോണ്‍ സിഗ്‌നല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ കട്ടായതാണെന്നും പിന്നീട് അന്വേഷണ സംഘം വിശദീകരണം നല്‍കി. പ്രതിയായ കോള്‍ തോമസ് അലന്റെ മാനിഫെസ്റ്റോ പരിശോധിച്ചതില്‍ നിന്ന് ആക്രമണത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും വിദേശ ഇടപെടലുകള്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതിയായ കോള്‍ തോമസ് അലന് ഇസ്രായേലുമായി ബന്ധമുണ്ടെന്ന രീതിയില്‍ റഷ്യന്‍, ഇറാനിയന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയെങ്കിലും അന്വേഷണ ഏജന്‍സികള്‍ ഇത് തള്ളി. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചരണങ്ങളില്‍ യാഥാര്‍ഥ്യമില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെയാണ് കാലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന്‍ സുരക്ഷാ വലയം ഭേദിച്ച് വെടിയുതിര്‍ത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
