ലാഗോസ്: പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ അമേരിക്കൻ സ്ഥാപനങ്ങൾക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് എംബസിയുടെ മുന്നറിയിപ്പ്.
അമേരിക്കൻ എംബസികൾ, കോൺസുലേറ്റുകൾ, അമേരിക്കൻ നിയന്ത്രണത്തിലുള്ള സ്കൂളുകൾ എന്നിവയ്ക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്നാണ് തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ സുരക്ഷാ അറിയിപ്പിൽ വ്യക്തമാക്കുന്നത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ആഗോളതലത്തിൽ അമേരിക്കൻ സ്ഥാപനങ്ങൾ കനത്ത ജാഗ്രതയിലാണ്. ഇറാൻ അനുകൂല വികാരം ശക്തമായ രാജ്യങ്ങളിൽ തിരിച്ചടി ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്നാണ് ഈ നടപടി.
തലസ്ഥാനമായ അബുജയിലെ എംബസി, വാണിജ്യ നഗരമായ ലാഗോസിലെ യുഎസ് കോൺസുലേറ്റ്, അമേരിക്കൻ അഫിലിയേറ്റഡ് സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇറാൻ അനുകൂല പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നൈജീരിയൻ അധികൃതർ അബുജയിൽ സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
നൈജീരിയയുടെ വടക്കൻ മേഖലകളിൽ വസിക്കുന്ന ഷിയ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ഇറാന് വലിയ സ്വാധീനമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാന് പിന്തുണ പ്രഖ്യാപിച്ച് പതിനായിരക്കണക്കിന് ആളുകളാണ് നൈജീരിയൻ തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. ഈ സാഹചര്യത്തിൽ അമേരിക്കൻ വിരുദ്ധ വികാരം അക്രമാസക്തമാകാനുള്ള സാധ്യത സുരക്ഷാ ഏജൻസികൾ തള്ളിക്കളയുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
