ന്യൂയോര്‍ക്ക്: അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളം പ്രവര്‍ത്തിക്കുന്ന ഖത്തറില്‍ ഒരു ആക്രമണം നടത്താന്‍ ഇസ്രയേലിന് ധൈര്യം നല്‍കിയത് അമേരിക്കയുടെ പിന്തുണയാണെന്ന് ഖത്തറിനൊപ്പം പല രാജ്യങ്ങളും കരുതുന്നു. ഇസ്രയേലിനും അപ്പുറം ഒരു ബന്ധം മറ്റൊരു സൗഹൃദ രാജ്യവുമായും അമേരിക്കയ്ക്ക് ഇല്ലെന്നതും ഈ ആക്രമണത്തിലൂടെ തെളിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖത്തറിലുളള ഹമാസ് ഉന്നതരെയാണെങ്കിലും, ഈ ആക്രമണത്തോടെ ഖത്തറിന്റെ പരമാധികാരത്തിന്‍ മേലുള്ള കടന്നു കയറ്റമാണ് യഥാര്‍ത്ഥത്തില്‍ ഇസ്രയേല്‍ സേന നടത്തിയിരിക്കുന്നത്. ഇസ്രയേലിന്റെ ഈ നീക്കം മറ്റ് അറബ് ഇസ്ലാമിക് രാജ്യങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. ഈ പശ്ചാത്തലത്തില്‍, അറബ് രാജ്യങ്ങള്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്തിരുന്ന അമേരിക്കയെ ഇനിയും വിശ്വസിച്ച് മുന്നോട്ട് പോയാല്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന വികാരം വിവിധ അറബ് രാജ്യങ്ങളില്‍ ശക്തിപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് അറബ് ലോകത്ത് നിന്നും ഇപ്പോള്‍ ശക്തമായി ഉയരുന്നത്. ഇത് അമേരിക്ക പോലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജനവികാരത്തെ മാനിക്കാതെ ഒരു ഭരണകൂടത്തിനും പുതിയ കാലത്ത് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്ന സംഭവങ്ങളാണ് ശ്രീലങ്കയിലും ബംഗ്ലാദേശിലും ഇപ്പോള്‍ നേപ്പാളിലും അരങ്ങേറിയിരിക്കുന്നത്. യുവജന പ്രക്ഷോഭത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ഇവിടുത്തെ ഭരണകൂടങ്ങള്‍ തകര്‍ന്നടിഞ്ഞത് ലോകം കണ്ട വേറിട്ട കാഴ്ചകളാണ്. ഇത്തരം സാഹചര്യം തങ്ങളുടെ രാജ്യങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനവികാരം ഉള്‍ക്കൊണ്ട തീരുമാനങ്ങളുമായി മുന്നോട്ട് പോകാന്‍ അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇനി തയ്യാറാകേണ്ടി വരും.
ഇസ്രയേലിനെ ഒരു അപകടകാരിയായി കാണുന്ന ഇസ്ലാമിക സമൂഹത്തെ സംബന്ധിച്ച് ആ രാജ്യത്തെ സഹായിക്കുന്ന അമേരിക്കയും ശത്രു തന്നെയാണ്. ദോഹയിലെ ആക്രമണത്തോടെ ഈ ശത്രുവിന് ഇനിയെന്തിന് ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ താവളമൊരുക്കണമെന്ന ചോദ്യം അതുകൊണ്ടു തന്നെ സ്വാഭാവികമായും ഉയര്‍ന്നു കഴിഞ്ഞു. തങ്ങളുടെ രാജ്യം വിട്ട് പോകണമെന്ന് ഖത്തര്‍ ഭരണകൂടം ആവശ്യപ്പെട്ടാല്‍ പിന്നെ അവിടെ തുടരാന്‍ അമേരിക്കന്‍ സൈന്യത്തിന് കഴിയുകയില്ല. ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് സുരക്ഷ നല്‍കാന്‍ റഷ്യയും ചൈനയും തയ്യാറായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
