വാഷിംഗ്‌ടൺ :റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിൽ ഉക്രൈന് പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പുടിന്റെ വസതിക്ക് സമീപം എന്തോ സംഭവിച്ചുവെന്നറിയാം, എന്നാൽ റഷ്യൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണം നടന്നതായി ഞാൻ വിശ്വസിക്കുന്നില്ലെന്നും വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോൾ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തന്റെ വസതിക്ക് നേരെയുണ്ടായ നീക്കത്തിന് പിന്നിൽ ഉക്രെയ്നാണെന്ന് റഷ്യൻ പ്രസിഡന്റ് ആരോപിച്ചിരുന്നു. ഇതിനെ "സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസം" (ഭരണകൂടം സ്പോൺസർ ചെയ്ത ഭീകരവാദം) എന്നാണ് ക്രെംലിൻ വിശേഷിപ്പിച്ചത്. സംഭവത്തിന് തക്കതായ മറുപടി നൽകുമെന്നും തിരിച്ചടിക്കാനുള്ള ലക്ഷ്യങ്ങൾ റഷ്യൻ സൈന്യം ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകിയിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് ഭരണകൂടത്തിന്റെ 20 പോയിന്റ് പദ്ധതിയെക്കുറിച്ച് ട്രംപുമായി ചർച്ച നടത്താൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഫ്ലോറിഡയിലേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് ഈ ആരോപണം ഉയർന്നത്.
എന്നാൽ ഈ ആരോപണം ഉക്രെയ്ൻ നിഷേധിച്ചിരുന്നു. സാധാരണ റഷ്യൻ നുണയെന്ന് പരിഹസിച്ചായിരുന്നു ഉ ക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി റഷ്യയുടെ ആരോപണം നിഷേധിച്ചത്. 'പ്രസിഡന്റ് ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളുടെ എല്ലാ നേട്ടങ്ങളെയും ദുർബലപ്പെടുത്തുന്നതിന് അപകടകരമായ പ്രസ്താവനകൾ റഷ്യ ഉപയോഗിക്കുന്നുവെന്നും' എക്സ് പോസ്റ്റിലൂടെ സെലൻസ്കി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
