വാഷിംഗ്ടൺ: സിബിഎസിന്റെ മാതൃ കമ്പനിയായ പാരാമൗണ്ടിൽ നിന്ന് 16 മില്യൺ ഡോളറിന്റെ ഒത്തുതീർപ്പിന് പുറമെ, 20 മില്യൺ ഡോളറിന്റെ പരസ്യങ്ങളും പരിപാടികളും കൂടി ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്. 2024-ലെ തിരഞ്ഞെടുപ്പ് സമയത്ത് സിബിഎസിന്റെ '60 മിനിറ്റ്‌സ്' എന്ന പരിപാടിയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമായി നടത്തിയ അഭിമുഖം വഞ്ചനാപരമായ രീതിയിൽ എഡിറ്റ് ചെയ്‌തെന്ന് ആരോപിച്ച് ട്രംപ് കേസ് ഫയൽ ചെയ്തിരുന്നു.
ഈ കേസ് ഒത്തുതീർപ്പാക്കാൻ പാരാമൗണ്ട് സമ്മതിച്ചതിന് മൂന്നാഴ്‌ചകൾക്ക് ശേഷം, ജൂലൈ 22-നാണ് തനിക്ക് 16 മില്യൺ ഡോളർ ലഭിച്ചതായി ട്രംപ് അവകാശപ്പെട്ടത്. പുതിയ ഉടമകളിൽ നിന്ന് പരസ്യം, പിഎസ്എകൾ, അല്ലെങ്കിൽ സമാനമായ പ്രോഗ്രാമിങ് എന്നിവയായി 20 മില്യൺ ഡോളർ കൂടി ലഭിക്കുമെന്നും ഇതോടെ ആകെ തുക 36 മില്യൺ ഡോളറാകുമെന്നും ട്രംപ് പറഞ്ഞു.
"വ്യാജ വാർത്താ മാധ്യമങ്ങൾക്കെതിരായ എന്റെ തുടർച്ചയായ വിജയങ്ങളിലൊന്നാണിത്. അവരുടെ വഞ്ചനയ്ക്ക് ഞങ്ങൾ അവരെ ഉത്തരവാദികളാക്കുന്നു. അമേരിക്കൻ ജനതയെ കബളിപ്പിക്കാൻ ഇനി ആരെയും അനുവദിക്കില്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ' എന്ന മുദ്രാവാക്യത്തോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്. എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ പാരാമൗണ്ട് നിഷേധിച്ചു.
പ്രസിഡന്റുമായുള്ള ഒത്തുതീർപ്പിൽ പിഎസ്എകളോ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. മധ്യസ്ഥൻ നിർദ്ദേശിച്ചതും ഇരു പാർട്ടികളും അംഗീകരിച്ചതുമായ ഒത്തുതീർപ്പ് വ്യവസ്ഥകളല്ലാതെ മറ്റൊന്നും ട്രംപിന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും പാരാമൗണ്ട് അറിയിച്ചു. ടെക്സസ് ഡിസെപ്റ്റീവ് ട്രേഡ് പ്രാക്ടീസസ്-കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ട്രംപ് കേസ് ഫയൽ ചെയ്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്