ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വൈകാതെ പുരോഗതിയുണ്ടാകുമെന്ന വലിയ പ്രത്യാശയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം ഘട്ട സമാധാന ചർച്ചകളെക്കുറിച്ചുള്ള സദ് വാർത്ത വെള്ളിയാഴ്ചയോടെ ലഭിച്ചേക്കാം എന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
സമാധാന ചർച്ചകൾക്കായി കൂടുതൽ സമയം നൽകുന്നതിനായി ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച ചർച്ച നടന്നേക്കും എന്ന തരത്തിലുള്ള ട്രംപിന്റെ പ്രതികരണം വന്നത്.
സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് ട്രംപ്
ഇറാന് നൽകിയ സമയപരിധി അവസാനിച്ചിട്ടും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണിത്. ഇറാൻ സ്വീകരിക്കേണ്ട അടുത്ത നടപടിക്ക് യുഎസ് സമയപരിധി നിശ്ചയിക്കാത്ത ആദ്യത്തെ അവസരമാണിത്. പാകിസ്ഥാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ച ട്രംപ്, വെടിനിർത്തൽ കരാർ നീട്ടിയിട്ടുമുണ്ട്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ പാകിസ്ഥാന്റെ മധ്യസ്ഥത നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്.
പാകിസ്ഥാൻ നേതൃത്വവുമായുള്ള ചർച്ചകളാണ് ഈ നയമാറ്റത്തിന് പിന്നിലെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ പ്രതിനിധികൾ ഒരു ഏകീകൃത നിർദ്ദേശവുമായി വരുന്നത് വരെ ആ രാജ്യത്തിന് മേലുള്ള ആക്രമണം ഞങ്ങൾ നിർത്തിവെക്കുകയാണെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം ഹോർമുസിൽ സൈന്യത്തോട് ഉപരോധം തുടരാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാനും നിർദ്ദേശിച്ചതായും, ഇറാന്റെ നിർദ്ദേശം ലഭിക്കുന്നത് വരെ വെടിനിർത്തൽ നീട്ടുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുമുമ്പ് വെടിനിർത്തൽ നീട്ടില്ലെന്നും കാലാവധി കഴിഞ്ഞാൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്.
വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ നടപടിയെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നന്ദിയോടെ സ്മരിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.
വെള്ളിയാഴ്ചത്തെ ചർച്ച തള്ളി ഇറാൻ
ഇത്തരമൊരു ചർച്ചയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് കള്ളം പറയുകയാണെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. വെള്ളിയാഴ്ച ചർച്ചകൾ നടക്കുമെന്ന് ട്രംപ് നേരിട്ട് അവകാശപ്പെട്ടില്ലെങ്കിലും, ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം ന്യൂസ് ഇത് നിഷേധിക്കുകയും ട്രംപ് കള്ളം പറയുകയാണെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു.
ട്രംപിന്റെ ലക്ഷ്യം മറ്റൊന്ന്
ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വെറുമൊരു സമാധാന നീക്കമല്ലെന്നും മറിച്ച് ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണമേഖലയെ ഉന്മൂലനം ചെയ്യാനുള്ള കൃത്യമായ കണക്കുകൂട്ടലിന്റെ ഫലമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അവരുടെ പ്രധാന വരുമാന മാർഗമായ എണ്ണ ഉൽപ്പാദനം തകർക്കാൻ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധം അമേരിക്ക തുടരുകയാണ്.
അമേരിക്കൻ ഭരണകൂടം ഇറാനെതിരെ സ്വീകരിച്ചിരിക്കുന്നത് സാമ്പത്തിക യുദ്ധമുറകളാണ്. എണ്ണ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ പരിമിതമായതിനാൽ ഉടൻ തന്നെ ഖാർഗ് ഐലൻഡിലെ എണ്ണക്കിണറുകൾ അടച്ചുപൂട്ടാൻ ഇറാൻ നിർബന്ധിതരാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. എണ്ണക്കിണറുകളെ അടച്ചുപൂട്ടുന്നത് വഴി ഇറാന്റെ സമ്പദ് വ്യവസ്ഥയെ ശാശ്വതമായി ദുർബലപ്പെടുത്താനാണ് അമേരിക്കൻ നീക്കം.
വെറുമൊരു സൈനിക നീക്കത്തേക്കാൾ ഉപരിയായി ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ വിള്ളലുകൾ മുതലെടുത്ത് നയതന്ത്രപരമായി കീഴടക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ട്രംപിന്റെ ഈ തന്ത്രം കേവലം വിട്ടുവീഴ്ചയല്ല, മറിച്ച് ഇറാന്റെ സാമ്പത്തിക ഭദ്രതയെ തകർക്കാനുള്ള കൃത്യമായ കണക്കുകൂട്ടലാണെന്ന് വിദഗ്ധർ പറയുന്നു.
ഇറാന്റെ സൈനിക ശേഷി ഇപ്പോഴും ശക്തം
ഇറാന്റെ സൈനിക ശേഷി ഇപ്പോഴും ശക്തമാണെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇറാൻ ദുർബലമായെന്ന അവകാശവാദങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള രഹസ്യാന്വേഷണ വിലയിരുത്തൽ.
ഇറാൻ ഇനിയൊരിക്കലും തിരിച്ച് കയറാനാകാത്ത ആഘാതം സൃഷ്ടിച്ചുവെന്നും അവരുടെ സൈനിക ശേഷി തകർന്നുവെന്നുമായിരുന്നു ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നത്. എന്നാൽ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഗണ്യമായ സൈനിക ശേഷി ഇറാൻ ഭരണകൂടം നിലനിർത്തുന്നുവെന്ന് പെന്റഗണിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ ചൊവ്വാഴ്ച ടെഹ്‌റാനിൽ നടന്ന റാലിക്കിടെ ബാലിസ്റ്റിക് മിസൈൽ പ്രദർശനവും ഇറാൻ നടത്തിയിരുന്നു. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി തീരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റാലി നടത്തിയത്. ഖോറാംഷഹർ 4 മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് പ്രദർശിപ്പിച്ചതെന്നാണ് വിവരം.
ഭീഷണികളുടെ നിഴലിലുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധത്തിൽ ഇറക്കാനുള്ള പുതിയ കാർഡുകൾ തയ്യാറാക്കുകയായിരുന്നു രാജ്യമെന്നായിരുന്നു എക്‌സിലെ പോസ്റ്റിൽ ഖാലിബാഫ് കുറിച്ചത്.
യു.എസ് ആയുധശേഖരത്തിൽ വലിയ കുറവ്
അമേരിക്കയും ഇറാനും തമ്മിൽ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടൽ താൽക്കാലിക വെടിനിർത്തലിലേക്ക് കടന്നിട്ടുണ്ടെങ്കിലും യഥാർത്ഥ പോരാട്ടം ഇപ്പോൾ യുദ്ധഭൂമിയിൽ അല്ല, മറിച്ച് ആയുധശേഖരത്തിനുള്ളിലാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. പുറമേ നോക്കുമ്പോൾ ശക്തമായ സമ്മർദ നയവുമായി മുന്നേറുന്ന ട്രംപ് ഭരണകൂടം, അകത്ത് കടുത്ത സൈനിക കണക്കുകൂട്ടലുകളെ നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ദീർഘകാല മിസൈൽ ആക്രമണങ്ങളും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും അമേരിക്കയുടെ നിർണായക ആയുധ ശേഖരത്തിൽ വലിയ കുറവ് വരുത്തിയെന്നാണ് പുറത്തുവരുന്ന വിലയിരുത്തൽ.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ അമേരിക്കയ്ക്ക് സാങ്കേതിക മേൽക്കൈ വ്യക്തമായിരുന്നു. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ, ദൂരപ്രഹര ശേഷിയുള്ള കൃത്യതാ മിസൈലുകൾ, നാവികസേനയുടെ ആഴമുള്ള സാന്നിധ്യം ഇവയെല്ലാം അമേരിക്കയ്ക്ക് മേൽക്കൈ നൽകി. എന്നാൽ യുദ്ധം നീണ്ടതോടെ മറ്റൊരു യാഥാർത്ഥ്യം വ്യക്തമായി, ഏറ്റവും ശക്തമായ സൈനിക ശക്തിക്ക് പോലും ശേഖരം അനന്തമല്ല എന്നത്.
വിലയിരുത്തലുകൾ പ്രകാരം, അമേരിക്കയുടെ പാട്രിയോട് മിസൈൽ സിസ്റ്റം ഇന്റർസെ്ര്രപറുകളിൽ ഏകദേശം പകുതി ഇതിനകം ഉപയോഗിച്ച് കഴിഞ്ഞു. ശത്രു മിസൈലുകളെയും ഡ്രോണുകളെയും തടയാൻ നിർണായകമായ ഈ സംവിധാനം നിരവധി മേഖലകളിൽ ഒരേസമയം ആവശ്യമായതിനാൽ അതിന്റെ കുറവ് ആശങ്കയുണ്ടാക്കുന്നതാണ്.
അതുപോലെ തന്നെ ഉയർന്ന തലത്തിലുള്ള മിസൈൽ പ്രതിരോധ സംവിധാനമായ ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് ഇന്റർസെപ്റ്ററുകളിലും പകുതിയിലധികം ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് വെറും സംഖ്യകളല്ല, ഭാവിയിൽ മറ്റൊരു സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ ഉടൻ വിന്യസിക്കാനുള്ള കരുത്ത് എത്രമാത്രം ബാക്കിയുണ്ടെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഫോസിൽ ഇന്ധനത്തിന് ബദൽ തേടി 50 രാജ്യങ്ങൾ
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പ്രതിസന്ധിയിൽ വലഞ്ഞ രാജ്യങ്ങൾ കൊളംബിയയുടെ കരീബിയൻ തീരത്ത് ഒത്ത് ചേരുന്നു. ബദൽ സാധ്യതകൾ തേടിയുള്ള ചരിത്രപരമായ കൂടിച്ചേരൽ എന്നാണ് വിശേഷണം. ആഗോള സമ്പദ്വ്യവസ്ഥയുടെ നൂറ്റാണ്ടുകൾ നീണ്ട ഫോസിൽ ഇന്ധന അടിമത്തത്തിൽ നിന്നുള്ള മോചനമാണ് പ്രഖ്യാപിത ലക്ഷ്യം.
ഒരു നയതന്ത്ര പരീക്ഷണം എന്ന വിശേഷണത്തോടെ അമ്പതിൽ അധികം രാജ്യങ്ങൾ സാന്താ മാർട്ടയിൽ എത്തിച്ചേരും. 'ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള നീതിപൂർവ്വമായ മാറ്റത്തിനായുള്ള ഒന്നാം അന്താരാഷ്ട്ര സമ്മേളനം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊളംബിയയും നെതർലൻഡ്‌സും ചേർന്ന് ആസൂത്രണം ചെയ്ത ഈ സമ്മേളനം ഏപ്രിൽ 28 ന് ആരംഭിക്കും.
പശ്ചിമേഷ്യയിൽ സമാധാനം പുലരുമോ ?
ചർച്ചകൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സമാധാനം അകലെയാണെന്ന ആശങ്ക ഒഴിയുന്നുമില്ല. 2026 ഏപ്രിലിലെ സാഹചര്യം അനുസരിച്ച്, പശ്ചിമേഷ്യയിലെ സമാധാനം വളരെ സങ്കീർണ്ണവും അനിശ്ചിതത്വത്തിലുമാണ്. ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതും അയയുന്നതുമായ സമ്മിശ്ര സാഹചര്യമാണ് നിലവിലുള്ളത്.
സമാധാന ചർച്ചകൾ പാകിസ്ഥാനിലും മറ്റുമായി നടക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കങ്ങൾ കാരണം അവ പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നുണ്ട്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ചർച്ചകളിലൂടെ സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം വേണ്ടെന്ന് വെച്ചത് മൂന്ന് പ്രസിഡന്റുമാർ, നെതന്യാഹുവിന്റെ 'വാഗ്ദാനങ്ങളിൽ' വീണ് ട്രംപ്; വെളിപ്പെടുത്തലുമായി
എച്ച്-1ബി വിസകളിൽ 25 ശതമാനം കുറവ്; ഇന്ത്യൻ പ്രൊഫഷണലുകൾക്കും ടെക് മേഖലയ്ക്കും വൻ
എസ് ബി & അസംപ്ഷൻ അലുംനി ഓഫ് അമേരിക്ക നാഷണൽ കൺവൻഷൻ വിമെൻസ്
ടീം വോയ്സ് ഓഫ് ഫോമായ്ക്ക് സാൻ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന്റെ വരവേൽപ്പ്