വാഷിംഗ്ടണ്‍: മുന്‍പ് ചുമത്തിയ 10 ശതമാനം താല്‍ക്കാലിക ഇറക്കുമതി നികുതിയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, 60 പ്രധാന വ്യാപാര പങ്കാളിത്ത രാജ്യങ്ങള്‍ക്കെതിരെ വീണ്ടും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിര്‍ബന്ധിത തൊഴില്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തടയിടാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് ഇറക്കുമതിയുടെ 99 ശതമാനവും കൈകാര്യം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് 10% മുതല്‍ 12.5% വരെ പ്രവേശന നികുതി പ്രഖ്യാപിച്ചിരിക്കുന്നത്.
1974 ലെ അമേരിക്കന്‍ ട്രേഡ് ആക്റ്റിലെ സെക്ഷന്‍ 301 പ്രകാരമാണ് ട്രംപ് ഭരണകൂടം ഈ നീക്കം നടത്തിയത്. വിദേശ രാജ്യങ്ങളുടെ അന്യായവും വിവേചനപരവുമായ വ്യാപാര രീതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ പ്രത്യേക വകുപ്പ്. പ്രസിഡന്റായിരിക്കെ തന്റെ ആദ്യ ഭരണകാലത്ത് ചൈനയ്ക്കെതിരെ വലിയ തോതില്‍ നികുതി ചുമത്താന്‍ ട്രംപ് ഉപയോഗിച്ചതും ഇതേ വകുപ്പായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തരാധികാരം ഉപയോഗിച്ച് ട്രംപ് കൊണ്ടുവന്ന ആഗോള നികുതി പ്രഖ്യാപനം അമേരിക്കന്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക പരിഹാരമെന്ന നിലയിലാണ് സെക്ഷന്‍ 122 പ്രകാരം 150 ദിവസത്തേക്ക് 10 ശതമാനം നികുതി നടപ്പിലാക്കിയത്. ഈ താല്‍ക്കാലിക സംവിധാനത്തിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് സെക്ഷന്‍ 301 ഉപയോഗിച്ച് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്.
പുതിയ ഉത്തരവ് പ്രകാരം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് 10 ശതമാനം നികുതിയാണ് ബാധകമാകുന്നത്. തുടക്കത്തില്‍ ഇന്ത്യയ്ക്ക് 12.5 ശതമാനം നികുതി ചുമത്താന്‍ ആലോചിച്ചിരുന്നെങ്കിലും, തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളുടെയും മാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ നിരക്ക് 10 ശതമാനമായി ഇളവ് ചെയ്തു നല്‍കുകയായിരുന്നു. അതേസമയം ചിലി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം നിരക്ക് നല്‍കേണ്ടി വരും.
എന്നാല്‍, അമേരിക്കയിലേക്ക് കൊണ്ടുവരുന്ന എണ്ണ, സ്വാഭാവിക വാതകം, വളം എന്നിവയെയും യുഎസ്-മെക്‌സിക്കോ-കാനഡ കരാറിന്റെ പരിധിയില്‍ വരുന്ന ചില നിശ്ചിത ഉല്‍പ്പന്നങ്ങളെയും ഈ താരിഫില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊണ്ട ഈ തീരുമാനം അമേരിക്കയില്‍ സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ട്രംപിന്റെ നയത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതികരണത്തിന് കാരണമായിരിക്കുകയാണ്. അമേരിക്കയുടേത് ന്യായീകരിക്കാനാവാത്ത നീക്കമാണെന്ന് ചൂണ്ടിക്കാട്ടിയ ബ്രസീല്‍, തിരിച്ചടിയായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുമെന്നും വിഷയം ലോക വ്യാപാര സംഘടനയ്ക്ക് മുന്നില്‍ എത്തിക്കുമെന്നും അറിയിച്ചു. എന്നാല്‍ മനുഷ്യാവകാശ സംഘടനകളും തൊഴില്‍ വിദഗ്ധരും ഈ നടപടിയെ നിര്‍ബന്ധിത തൊഴിലിനെതിരെയുള്ള ആഗോള അവബോധം വളര്‍ത്താനുള്ള മാര്‍ഗ്ഗമായി വിലയിരുത്തുന്നുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
