അടിയന്തര ചികിത്സയും കരുതലും ആവശ്യമുള്ള ലക്ഷക്കണക്കിന് മുതിര്‍ന്ന അമേരിക്കക്കാരുടെ ബജറ്റ് തെറ്റിച്ചുകൊണ്ട്, രാജ്യത്തെ പ്രധാന പ്രിസ്‌ക്രിപ്ഷന്‍ മരുന്ന് ഇന്‍ഷുറന്‍സ് സബ്സിഡി അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം. വിപണിയില്‍ കൃത്രിമമായി നിരക്കുകള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിച്ചിരുന്ന മെഡികെയര്‍ പാര്‍ട്ട് ഡി സബ്സിഡി നിര്‍ത്തലാക്കുന്നതോടെ, വരും വര്‍ഷങ്ങളില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മാസംതോറുമുള്ള ഇന്‍ഷുറന്‍സ് പ്രീമിയത്തിലും മരുന്നുചിലവിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സൂചന.
ബൈഡന്‍ ഭരണകൂടം നടപ്പിലാക്കിയ ഈ പദ്ധതി വന്‍കിട കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ഭരണകൂടത്തിന്റെ ഈ സുപ്രധാന തീരുമാനം. സെന്റര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസസ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. മെഹ്മത് ഓസ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മെഡികെയര്‍ പാര്‍ട്ട് ഡി പദ്ധതിയിലെ ഈ സബ്സിഡികളുടെ കാലാവധി നടപ്പ് വര്‍ഷത്തിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും. പുതിയ മാറ്റങ്ങള്‍ 2027 ലാണ് പ്രാബല്യത്തില്‍ വരികയെങ്കിലും, വരാനിരിക്കുന്ന ശരത്കാലത്തോടെ തന്നെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ പ്രതിമാസ ഇന്‍ഷുറന്‍സ് നിരക്കുകള്‍ അറിയാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യ നയങ്ങള്‍ അപഗ്രഥിക്കുന്ന പ്രമുഖ സംഘടനയായ കെ.എഫ്.എഫിന്റെ കണക്കനുസരിച്ച്, നിലവില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ശരാശരി 36 ഡോളര്‍ നിരക്കില്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളറാണ് സബ്സിഡിയായി കമ്പനികള്‍ക്ക് നല്‍കിവരുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ പകുതിയിലധികം ഉപഭോക്താക്കളുടെയും മരുന്നുചിലവിലും മാസംതോറുമുള്ള പ്രീമിയത്തിലും വര്‍ധനവുണ്ടാകും. ചിലര്‍ക്ക് പ്രതിമാസം 20 ഡോളര്‍ വരെ അധികമായി ചിലവഴിക്കേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
അതേസമയം ഇടക്കാല തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ, രാജ്യത്ത് ആരോഗ്യപരിപാലന ചിലവുകള്‍ വലിയൊരു രാഷ്ട്രീയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. വന്‍കിട മരുന്ന് കമ്പനികളെ സഹായിക്കാനും സാധാരണക്കാരുടെ പ്രീമിയം വര്‍ധിപ്പിക്കാനുമാണ് ബൈഡന്റെ ഇന്‍ഫ്‌ലേഷന്‍ റിഡക്ഷന്‍ ആക്ട് സഹായിച്ചതെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുമ്പോള്‍, ഈ നിയമം വഴി മരുന്ന് കമ്പനികളുമായി ചര്‍ച്ച നടത്തി മരുന്നുവില കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് ബൈഡന്‍ അനുകൂലികളുടെ വാദം. എന്നാല്‍ ഇന്‍ഷുറന്‍സ് വിപണി നിലവില്‍ സുസ്ഥിരമാണെന്നും ഇനി ഇത്തരമൊരു ബെയ്‌ല്ഔട്ടിന്റെ ആവശ്യമായി വരുന്നില്ലെന്നും ഡോ. മെഹ്മത് ഓസ് വ്യക്തമാക്കുന്നു.
ഭൂരിഭാഗം മെഡികെയര്‍ ഉപഭോക്താക്കള്‍ക്കും പ്രീമിയത്തില്‍ 10 ഡോളറില്‍ താഴെ മാത്രമേ വര്‍ധനവുണ്ടാകൂ എന്നും പലര്‍ക്കും തുക മുന്‍പത്തേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ വിദേശ രാജ്യങ്ങളിലെ കുറഞ്ഞ നിരക്കുകള്‍ അമേരിക്കയിലും ലഭ്യമാക്കുന്ന മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ കരാറുകളിലൂടെയും, ജി.എല്‍.പി-1 മരുന്നുകള്‍ പ്രതിമാസം 50 ഡോളറിന് ലഭ്യമാക്കുന്ന പദ്ധതികളിലൂടെയും ഔഷധ വില കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
വിപണിയിലെ കൃത്രിമ ഇടപെടലുകള്‍ അവസാനിപ്പിച്ച് ഇന്‍ഷുറന്‍സ് മേഖലയെ സ്വയം പര്യാപ്തമാക്കുകയാണ് തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് ഭരണകൂടം വാദിക്കുമ്പോഴും, വരാനിരിക്കുന്ന മാറ്റങ്ങളില്‍ സാധാരണക്കാരായ മുതിര്‍ന്ന പൗരന്മാര്‍ വലിയ ആശങ്കയിലാണ്. ജീവിതച്ചിലവുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍, മരുന്നുകള്‍ക്കായി കൂടുതല്‍ തുക മാറ്റിവെക്കേണ്ടി വരുന്നത് അമേരിക്കയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
