വാഷിംഗ്ടണ്‍: യുഎസിലെ മുന്‍നിര ചാരസംഘടനയായ സിഐഎ രാജ്യത്തെ മുഖ്യ ചാരമേധാവിയുടെ ഓഫീസ് തയ്യാറാക്കുന്ന ചില സുപ്രധാന രഹസ്യാന്വേഷണ വിലയിരുത്തലുകളില്‍ പങ്കാളികളാകുന്നത് നിര്‍ത്തിവെച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവയാണ് സിഐഎ ഒഴിവാക്കിയത്. രഹസ്യവിവരങ്ങള്‍ പങ്കുവെക്കുന്നതുമായും തങ്ങളുടെ അധികാരപരിധിയുമായും ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സും തമ്മിലുള്ള ആഭ്യന്തര തര്‍ക്കം ഒരു വര്‍ഷത്തിലേറെയായി നിലനില്‍ക്കുകയാണ്. സങ്കീര്‍ണ്ണമായ വിദേശ വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തെ പ്രസിഡന്റുമാര്‍ പണ്ടുമുതലേ ആശ്രയിക്കുന്ന ദേശീയ സുരക്ഷാ വിശകലനങ്ങളുടെ സുഗമമായ നടത്തിപ്പിനെ ഈ ഭിന്നത ബാധിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥനും ഇതുമായി നേരിട്ട് അറിവുള്ള മറ്റ് മൂന്ന് പേരും വ്യക്തമാക്കി. അതീവ രഹസ്യമായ ആഭ്യന്തര കാര്യങ്ങളായതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഇവര്‍ പ്രതികരിച്ചത്.
2025 ഏപ്രിലില്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗാബാര്‍ഡ് രൂപീകരിച്ച ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഈ ഭിന്നതകളുടെ പ്രധാന കാരണം. പരമ്പരാഗതമായ രഹസ്യവിവര കൈമാറ്റ പ്രോട്ടോക്കോളുകളും ഡീക്ലാസിഫിക്കേഷന്‍ (രഹസ്യസ്വഭാവം നീക്കല്‍) നിയമങ്ങളും ലംഘിച്ചുകൊണ്ട് തുളസി ഗാബാര്‍ഡിന്റെ 'ഡയറക്ടേഴ്‌സ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ്' പ്രവര്‍ത്തിച്ചുവെന്നാണ് ജോണ്‍ റാഡ്ക്ലിഫ് നയിക്കുന്ന സിഐഎയുടെ വാദം. എന്നാല്‍ സിഐഎ തങ്ങളുടെ ഗ്രൂപ്പിന് ആവശ്യമായ വിവരങ്ങള്‍ മനഃപൂര്‍വ്വം തടഞ്ഞുവെക്കുകയാണെന്ന് ഒഡിഎന്‍ഐ ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തുന്നു.
ട്രംപ് ഭരണകൂടം അതീവ സങ്കീര്‍ണ്ണമായ ഒരു ദേശീയ സുരക്ഷാ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ഇല്ലാതാകുന്നത്. യുഎസ് നിലവില്‍ ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുകയാണ്; ഒപ്പം ചൈനയുടെ സൈനിക അധിനിവേശ ശ്രമങ്ങളും ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശവും ഉയര്‍ത്തുന്ന വെല്ലുവിളികളും രാജ്യം നേരിടുന്നുണ്ട്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ 18 ചാരസംഘടനകളെ ഏകോപിപ്പിക്കാന്‍ വേണ്ടി 'ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ്' എന്ന പദവി രൂപീകരിച്ചിട്ടും, സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഈ തര്‍ക്കം വ്യക്തമാക്കുന്നത്.
തന്റെ ഭര്‍ത്താവിന്റെ അസുഖം ചൂണ്ടിക്കാട്ടി തുളസി ഗാബാര്‍ഡ് ജൂണ്‍ 30-ഓടെ പദവി ഒഴുയുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഫെഡറല്‍ ഹൗസിംഗ് ഫിനാന്‍സ് ഏജന്‍സി മേധാവി ബില്‍ പുള്‍ട്ടെയെ താല്‍ക്കാലിക ഡയറക്ടറായി നിയമിക്കുന്നതായി ചൊവ്വാഴ്ച ട്രംപ് പ്രഖ്യാപിച്ചു.
എന്നിരുന്നാലും, പ്രസിഡന്റിനും നയരൂപകര്‍ത്താക്കള്‍ക്കും ഇപ്പോഴും മികച്ച വിശകലനങ്ങളും വിവരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഒഡിഎന്‍ഐ വക്താവ് ഒലീവിയ കോള്‍മാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
