ഫോമാ കേരള കൺവൻഷൻ സമാപന സമ്മേളനത്തിൽ ശ്രീകുമാരൻ തമ്പി കീനോട്ട് സ്പീക്കർ

JANUARY 6, 2026, 11:47 AM

കോട്ടയം: അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരളാ കൺവൻഷൻ 2026ന്റെ സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ സാംസ്‌കാരിക മുഖമായ ശ്രീകുമാരൻ തമ്പി കീനോട്ട് സ്പീക്കറായി വേദിയെ ധന്യമാക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. അമേരിക്കൻ മലയാളികളുമായി വിവിധ വേദികളിൽ നേരിട്ട് സംവദിക്കാനെത്തിയിട്ടുള്ള ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'മോഹിനിയാട്ടം' എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമ എന്ന പേരിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും 1977ലെ സാൻഫ്രാൻസിസ്‌കോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കേരളാ കൺവൻഷനിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഫോമായെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് ബേബി മണക്കുന്നേൽ പറഞ്ഞു.

കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 3000ലധികം മലയാള ചലച്ചിത്ര ഗാനങ്ങൾ എഴുതിയിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യ വൈഭവം പ്രകടപ്പിക്കുന്ന ശ്രീകുമാരൻ തമ്പിയെ 'ഹ്യദയഗീതങ്ങളുടെ കവി' എന്നും വിശേഷിപ്പിക്കുന്നു. വയലാർ രാമവർമ്മ, പി ഭാസ്‌കരൻ, ഒ.എൻ.വി കുറുപ്പ് എന്നിവർക്കൊപ്പം മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളാണ് ശ്രീകുമാരൻ തമ്പി.

മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 78 സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാ സമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവാണ്. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തി.

vachakam
vachakam
vachakam

മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി ഡാനിയേൽ പുരസ്‌കാരം ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ നിരവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്രസാഹിത്യ രംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും സ്തുത്യർഹമായി പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ഫീച്ചർ ഫിലിം ജ്യൂറിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.

ഫോമാ കേരള കൺവൻഷന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പും 'അമ്മയോടൊപ്പം' ചാരിറ്റി പരിപാടിയും വൻ വിജയമായെന്നും കോട്ടയത്തെ നക്ഷത്ര ഹോട്ടലായ വിൻഡ്‌സർ കാസിലിൽ ജനുവരി 9 -ാം തീയതി രാവിലെ 10 മണി മുതൽ രാത്രി 11 വരെയാണ് ആയിരത്തിലധികം പേർ പങ്കെടുക്കുന്ന കൺവൻഷന്റെ വിവിധ പരിപാടികൾ അരങ്ങേറുന്നതെന്നും ബേബി മണക്കുന്നേൽ വ്യക്തമാക്കി. 11 -ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് എറണാകുളം ഗോകുലം കൺവൻഷൻ സെന്ററിൽ ബിസിനസ് മീറ്റ് നടക്കും. ശ്രീകുമാരൻ തമ്പിയുടെ കേരള കൺവൻഷനിലെ സാന്നിധ്യം അനുഗ്രഹീതമാണെന്ന് ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.

എ.എസ് ശ്രീകുമാർ  ഫോമാ ന്യൂസ് ടീം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam