ന്യൂയോർക്കിൽ പ്രാദേശികമായി രോഗം സ്ഥിരീകരിച്ച ആദ്യ കേസ്; അധികൃതർ ജാഗ്രത നിർദേശം നൽകി. അമേരിക്കൻ ഐക്യനാടുകളിൽ കൊതുക് പരത്തുന്ന അപൂർവ രോഗമായ ചിക്കുൻഗുനിയ വൈറസ് ബാധ സ്ഥിരീകരിച്ചു.
ന്യൂയോർക്കിലെ ഒരു താമസക്കാരനിലാണ് രോഗം കണ്ടെത്തിയത്. വിദേശ യാത്രകൾ നടത്താത്ത ഒരാൾക്ക് ന്യൂയോർക്കിൽ വെച്ച് തന്നെ പ്രാദേശികമായി കൊതുകുകടിയിലൂടെ രോഗം പകരുന്നത് സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ലോംഗ് ഐലൻഡിലെ നാസൗ കൗണ്ടിയിൽ നിന്നുള്ള ഒരാൾക്കാണ് ചിക്കുൻഗുനിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പ്രദേശത്തെ ഒരു രോഗബാധിതനായ കൊതുകിൽ നിന്നാകാം ഇദ്ദേഹത്തിന് രോഗം പകർന്നതെന്നാണ് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് (NYSDOH) അറിയിച്ചിരിക്കുന്നത്.
സാധാരണയായി, ആഫ്രിക്ക, ഏഷ്യ, കരീബിയൻ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തവരിലാണ് ഈ രോഗം യു.എസിൽ കണ്ടുവരാറുള്ളത്. രോഗം സ്ഥിരീകരിച്ച ഒരാളെ കൊതുക് കടിക്കുകയും പിന്നീട് ആ കൊതുക് മറ്റ് ആരോഗ്യമുള്ളവരെ കടിക്കുകയും ചെയ്യുമ്പോളാണ് പ്രാദേശികമായി രോഗം പകരുന്നത്.
പനി, സന്ധി വേദന (Joint Pain), പേശീ വേദന, തലവേദന തുടങ്ങിയവയാണ് ചിക്കുൻഗുനിയയുടെ പ്രധാന ലക്ഷണങ്ങൾ. ഈ രോഗം സാധാരണയായി മരണകാരണമാകാറില്ലെങ്കിലും, രോഗലക്ഷണങ്ങൾ കഠിനമാവാനും നീണ്ടകാലത്തേക്ക് അവശതയുണ്ടാക്കാനും സാധ്യതയുണ്ട്.
അതേസമയം, രാത്രികാലങ്ങളിൽ താപനില കുറയുന്നത് കാരണം നിലവിൽ ന്യൂയോർക്കിൽ ഈ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് സ്റ്റേറ്റ് ഹെൽത്ത് കമ്മീഷണർ ഡോ. ജെയിംസ് മക്‌ഡൊണാൾഡ് വ്യക്തമാക്കി.
കൊതുക് കടിയിൽ നിന്ന് സ്വയം സംരക്ഷണം നേടാൻ എല്ലാവരും ലളിതമായ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. യു.എസിൽ ഇതിനുമുമ്പ് പ്രാദേശികമായി രോഗം സ്ഥിരീകരിച്ചത് 2019ലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്