അമേരിക്കൻ മലങ്കര അതിഭദ്രാസന 36 -ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2025 ജൂലൈ 16 മുതൽ 19 വരെ വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അനുഗ്രഹീത സാന്നിദ്ധ്യം ഈ കുടുംബമേളയുടെ ആദ്യവസാനം ഉണ്ടായിരിക്കുമെന്നുള്ളതാണ് ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ പ്രത്യേകതകളിൽ പ്രധാന ഘടകം.
ശ്രേഷ്ഠ ബാവായുടെ സാന്നിദ്ധ്യത്തിൽ ചുരുങ്ങിയ ദിവസങ്ങളിലെങ്കിലും ഒരുമിച്ച് ആയിരിപ്പാനും അതുവഴി ആത്മീയ നിറവ് സ്വായത്തമാക്കുനുള്ള അസുലഭ സന്ദർഭത്തിനായി സഭാംഗങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. 2025 മേയ് 25 -ാം തിയതി, ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പ:പാത്രിയർക്കീസ് ബാവായുടെ തൃകരങ്ങളാൽ വിവിധ സഭാ മേലദ്ധ്യക്ഷന്മാരുടേയും മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ യാക്കോബായ സുറിയാനി സഭയുടെ 81 -ാമത് കാതോലിക്കാ ആയി അഭിഷിക്തനായ ശ്രേഷ്ഠ ബാവായുടെ ആദ്യവിദേശ പര്യടനം എന്ന നിലയിൽ കോൺഫറൻസിൽ സംബന്ധിക്കുന്നതിനും ദേവാലയങ്ങൾ സന്ദർശിക്കുന്നതിനുമായി അമേരിക്കയിൽ എത്തിച്ചേരുന്നുവെന്നുള്ളത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം, ഏറെ സന്തോഷകരവും സ്വാഗതാർഹവുമാണ്.
അമേരിക്കൻ അതിഭദ്രാസനവുമായി ഏറെ സ്‌നേഹവും ബന്ധവും പുലർത്തുന്ന ശ്രേഷ്ഠ ബാവാ, 1990 -91 കാലഘട്ടത്തിൽ ഈ ഭദ്രാസനത്തിൽ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നുവെള്ളത് അഭിമാനത്തോടെ സ്മരിക്കുകയാണ്.
''വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാൻ 1140'' എന്നതാണ് ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ ചിന്താവിഷയം.
ശ്രേഷ്ഠ ബാവാക്ക് പുറമേ, അഭിവന്ദ്യ മാത്യൂസ് മോർ അന്തീമോസ് മെത്രാപോലീത്താ (അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ റീജിയൻ മെത്രാപോലീത്താ, പാത്രിയർക്കൽ വികാരി ഓഫ് യു.കെ. ആന്റ് അയർലന്റ്), അഭിവന്ദ്യ മോർ ജോസഫ് ബാലി (ആർച്ച് ബിഷപ്പ് ആന്റ് പാത്രിയർക്കൽ അസിസ്റ്റന്റ്), റവ. ഫാ. എലീജാ എസ്‌തെഫാനോസ്, യൂത്ത് സ്പീക്കർ (കോപ്റ്റിക്ക് ചർച്ച്). ഡോ. സാറാ നൈറ്റ്,കീനോട്ട് സ്പീക്കർ (ലോക പ്രശസ്ത ക്രിസ്ത്യൻ ചരിത്രകാരി, സിറിയക് ഓത്തഡോക്‌സ് ചർച്ച് ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് ) എന്നിവരും വിശിഷ്ട അതിഥികളായി സംബന്ധിക്കുന്നു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രപരമായ അവലോകനവും, അപ്പോസ്‌തോലിക പിൻതുടർച്ചയും കൈവെയ്പ്പും എന്ന വിഷയത്തെ സംബന്ധിച്ചുള്ള പഠന ക്ലാസുകളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോൺഫറനസിനോടനുബന്ധിച്ച് ഈ വർഷവും ഇന്ത്യയിലെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് 2 -ാമത് എക്‌സലൻസ് അവാർഡ് നിശ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കി വരുന്നു.
ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ സജീവ മേൽനോട്ടത്തിലും, ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിലും പുതുമയാർന്ന ആശയങ്ങൾക്കൊണ്ടും, ആത്മീയത നിറഞ്ഞു നിൽക്കുന്ന വിവിധങ്ങളായ പ്രോഗ്രാമുകൾ കൊണ്ടും, അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന ഈ മേളയുടെ പ്രൗഢഗംഭീരമായ നടത്തിപ്പിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായി ജനറൽ കൺവീനർമാരായ റവ. ഫാ. ഡോ. ജെറി ജേക്കബ്, ജോജി കാവനാൽ എന്നിവർ അറിയിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ. കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്