ഫിലഡൽഫിയ: പുകളറിഞ്ഞ നർത്തകിയും 'നൃത്തവർഷണി അവാഡ് 'ജേതാവുമായ നിമ്മി റോസ് ദാസ്സിനെ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ സംഘടിപ്പിച്ച 'ഓണാഘോഷകേരളോത്സവ ' വേദിയിൽ, 'ഫിലഡൽഫിയാ മാപ് എക്‌സലൻസ് അവാഡ് ' സമ്മാനിച്ച് ആദരിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ദേശീയ അംഗീകാരമുള്ള 'നയാ ആൻഡാസ് ' ( Naya Andaz) ഉൾപ്പെടെ, നിരവധി അവാഡുകൾ നേടിയിട്ടുണ്ട് നിമ്മി റോസ് ദാസ്. 'ഹൃദയങ്ങൾക്കും ആത്മാവിനും ഉത്ക്കർഷം പകരുന്ന നൃത്താവിഷ്‌ക്കാരങ്ങൾ, മികച്ച സാംസ്‌കാരിക ഉത്സവങ്ങങ്ങളിലും വേദികളിലും അവതരിപ്പിച്ച്, പൊതു നന്മ സാദ്ധ്യമാക്കിയ, അതുല്യ കലാകാരിയാണ് നിമ്മി റോസ് ദാസ് ' എന്ന മുദ്രണമാണ് അവാർഡു നിർണ്ണയത്തിന്നാധാരമെന്ന്, ഗ്രേറ്റർ ഫിലഡൽഫിയാ മലയാളി അസോസിയേഷൻ അവാർഡു സമിതി പ്രസ്താവിച്ചു. 'ഇന്ത്യയിലുടനീളവും, അന്തർദേശീയ രംഗങ്ങളിലും, ലോകപ്രശസ്തമായ ന്യൂയോർക്ക് കാർണഗീ ഹാളിലും, വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'ലോക സാംസ്‌കാരിക ഉത്സവം 2023'ലും, നിമ്മി റോസ് ദാസ് നർത്തനമാടി.
അദ്ധ്യാപിക എന്ന നിലയിൽ, നിമ്മി അസംഖ്യം വിദ്യാർത്ഥികളുടെ മാർഗദർശിയാണ്. നേഴ്‌സ് ലീഡറായും അദ്ധ്യാപികയായും നേഴ്‌സ് അഡ്മിനിസ്‌ട്രേറ്ററായും പ്രവർത്തിക്കുന്നു. നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ചിത്ര രചനയിലും പെയ്ന്റിങ്ങിലും മികവു പുലർത്തുന്ന ചിത്രകാരിയെന്ന നിലയിലും പ്രശസ്തയാണ്. ഫിലഡൽഫിയയിലെ പേരെടുത്ത യൂണിവേഴ്‌സിറ്റിയിലെ നേഴ്‌സ് എഡ്യൂക്കേറ്ററും പ്രശസ്ത ഹോസ്പിറ്റലിൽ നേഴ്‌സ് മാനേജരുമാണ് നിമ്മി റോസ് ദാസ്'.
നിമ്മീ റോസ് ദാസ്, 1991ൽ യൂണിവേഴ്‌സിറ്റി 'കലാതിലകം' ആയിരുന്നു. കൊച്ചിൻ കോളജിൽ, കോളജ് യൂണിയൻ ആർട് വിഭാഗം സെക്രട്ടറിയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ധനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഫിലഡൽഫിയയിലെ കോളജുകളിൽ നിന്ന് ഒക്ക്യൂപ്പേഷണൽ തെറപ്പിയിൽ ബിരുദവും നേഴ്‌സിങ്ങിൽ മാസ്റ്റേഴ്‌സും നേടി.
1998ൽ രൂപം കൊണ്ട 'ഭരതം ഡാൻസ് അക്കാഡമി'യുടെ സ്ഥാപകയും ഡയറക്ടറുമാണ് നിമ്മി ദാസ്. 28 വർഷമായി ഫിലഡൽഫിയയിൽ, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, എന്നീ നൃത്തകലകളെയും, മലയാളം, ഹിന്ദി ഭാഷകളെയും, ഗാനസംഗീതയോഗ വിദ്യകളെയും ഭരതം ഡാൻസ് അക്കാഡമിയിൽ പഠിപ്പിക്കുന്നു. നൃത്ത വിദ്യാദാനത്തിലൂടെ, വിവിധ ഇന്ത്യൻ ഭാഷകളുടെയും, സംസ്‌കാര രീതികളുടെയും പാഠങ്ങൾ, അനേകം വിദ്യാർത്ഥിനീ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നു.
'ഭരതം ഡാൻസ് അക്കാഡമി' വർഷംതോറും ഡാൻസ് പ്രോഗ്രാമുകളിലൂടെ ജീവകാരുണ്യ നിധി സമാഹരിച്ച്, ക്യാൻസർ രോഗികളുടെ ചികിത്സയ്ക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ, ധനസഹായം എത്തിക്കുന്നു. ന്യൂയോർക്കിലെ പ്രശസ്തമായ കാണഗീ ഹാളിൽ ശാകുന്തളത്തെ അടിസ്ഥാനമാക്കിയുള്ള മോഹിനിയാട്ടം ഡാൻസ് എപ്പിസോഡ് അവതരിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നിമ്മി റോസ് ദാസിന്റെ ഭരതം ഡാൻസ് അക്കാഡമിയിൽ പുരോഗമിക്കുന്നൂ. ഭരതം ഡാൻസ് അക്കാഡമിയുടെ രജത ജൂബിലി ആഘോഷത്തിൽ സമാഹരിച്ച തുക, വയനാട്ടിലെ ഉരുൾ ദുരിതമനുഭവിക്കുന്ന അശരണർക്ക് നൽകിയിരുന്നു.
പ്രശസ്ത നർത്തക ദമ്പതികളായ സുരേന്ദ്രനാഥിന്റെയും, വിജയ ലക്ഷ്മി സുരേന്ദ്രനാഥിന്റെയും ശിക്ഷണത്തിലാണ് നിമ്മി റോസ് ദാസ്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ക്‌ളാസിക്കൽ നൃത്ത കലകളിൽ പ്രാവീണ്യം നേടിയത്. ഐ.റ്റി പ്രൊഫഷണൽ നെഡ് ദാസ് (ഭർത്താവ്), നർത്തകിയും ഗായികയുമായ നൈനാ ദാസ് (മകൾ).
'മാപ്പ് ഓണം കേരളോത്സവം'25', ' അരങ്ങിൽ തെയ്യം തൊട്ടു തിരുവാതിര വരെ' എന്ന കലാ വിരുന്നുകൊണ്ട് കേരള കലാരൂപങ്ങളുടെ രംഗതരംഗമൊരുക്കി ശ്രദ്ധേയമായ വേദിയിലായിരുന്നു അവാർഡു ദാനം നടന്നത് എന്നത്, നിമ്മി റോസ് ദാസിനു സമ്മാനിച്ച ആദരഫലകത്തിന്, 'ഭരതം' എന്ന വാക്കിന്റെ മൂല കാരണങ്ങളായ, ഭാവ, രാഗ, താള വ്യാപ്തിയേകി.
ബെൻസൺ വർഗീസ് പണിക്കർ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ പ്രസിഡന്റ്), ലിജോ ജോർജ് (ജനറൽ സെക്രട്ടറി), ജോസഫ് കുരുവിള (ട്രഷറാർ), ശ്രീജിത്ത് കോമത്ത് (പ്രോഗ്രാം ചെയർ), കൊച്ചുമോൻ വയലത്ത് (വി.പി), എൽദോ ചവർഗീസ് (സെക്രട്ടറി), ജെയിംസ് പീറ്റർ (അക്കൗണ്ടന്റ്), അനു സ്‌കറിയാ, ബിനു ജോസഫ്, ഷാലൂ പുന്നൂസ്, തോമസ് ചാണ്ടി (ബോർഡ് ഓഫ് ട്രസ്റ്റീസ്), അഷിതാ ശ്രീജിത്ത് (ആട്‌സ്), സന്തോഷ് ഫിലിപ് (സ്‌പോട്‌സ്), സജി വർഗീസ് (യൂത്ത്), റോജിഷ് സാം സാമുവേൽ (പബ്‌ളിസിറ്റി ആന്റ് പബ്‌ളിക്കേഷൻ), ഫെയ്ത്ത് മരിയാ എൽദോ (എഡ്യൂക്കേഷൻ ആന്റ് ഐടി), ഫിലിപ്‌ജോൺ (മാപ് ഐ സിസി), ലിബിൻ പി കുര്യൻ (ചാരിറ്റി ആന്റ് കമ്മ്യൂണിറ്റി),ജോൺസൺ മാത്യൂ (ലൈബ്രറി), ജോൺ സാമുവേൽ (ഫണ്ട് റൈസിങ്), അലക്‌സ് അലക്‌സാണ്ഡർ (മെംബർഷിപ്), ദീപാ തോമസ് (വിമൻസ്‌ഫോറം), ഏലിയാസ് പോൾ, ദീപൂ ചെറിയാൻ, ജോർജ് എം കുഞ്ചാണ്ടി, ജോർജ് മാത്യൂ, ലിസി ബി തോമസ്, മാത്യു ജോർജ്, രാജു ജി സശങ്കരത്തിൽ, റോയ് വർഗീസ്, സാബു സ്‌കറിയാ, ഷാജി സാമുവേൽ,സോബി ഇട്ടി, സോയാ നായർ, സ്റ്റാൻലി ജോൺ, തോമസ്‌കുട്ടി വർഗീസ്, വിൻസന്റ് ഇമ്മാനുവേൽ (എക്‌സിക്യൂട്ടിവ് കമ്മറ്റി മെംബേഴ്‌സ്) എന്നിവരാണ് 'മാപ്പ് ഓണം കേരളോത്സവം'25' ഗംഭീരമാക്കുന്നതിന്, സമർത്ഥമായ നേതൃത്വം നൽകിയത്.
പി.ഡി. ജോർജ് നടവയൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
