ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി യു.എസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ ഡോ. അനില്‍ മേനോന്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്-29 ദൗത്യത്തിന്റെ ഭാഗമായാണ് അനിലും സംഘവും ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.
ഖാസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് 2.1 എ റോക്കറ്റിലാണ് അനിലിനെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള പേടകം വിക്ഷേപിച്ചത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിനൊപ്പം ഈ ദൗത്യത്തിലുള്ളത്. കൃത്യമായ സമയത്തില്‍ ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് സംഘം നിലയത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു.
ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനില്‍ മേനോന്‍ ഏകദേശം എട്ട് മാസത്തോളം ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച ശേഷമായിരിക്കും ഭൂമിയിലേക്ക് മടങ്ങിയെത്തുക. അമേരിക്കയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും അച്ഛന്‍ ശങ്കരന്‍ മേനോന്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായതിനാല്‍ അനിലിന് കേരളവുമായി അടുത്ത ബന്ധമുണ്ട്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള മികച്ചൊരു പ്രതിഭയാണ് അദ്ദേഹം. മുന്‍പ് സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്‌ലൈറ്റ് സര്‍ജനായും മെഡിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. അനില്‍ മേനോന്‍, യു.എസ് വ്യോമസേനയില്‍ കേണലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
