വാഷിംഗ്ടണ്‍: ഇറക്കുമതിക്ക് മേല്‍ ഇരട്ടി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ പൂജ്യം താരിഫ് വാഗ്ദാനം ചെയ്‌തെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. സ്‌കോട്ട് ജെന്നിംഗ്‌സ് റേഡിയോ ഷോയില്‍ സംസാരിച്ച ട്രംപ്, ഉയര്‍ന്ന താരിഫ് ഉപയോഗിച്ച് ഇന്ത്യ യുഎസിനെ കൊല്ലുകയാണെന്നും ആരോപിച്ചു. വ്യാപാരത്തിലും താരിഫിലും ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെച്ചൊല്ലി ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ പ്രസ്താവന.
'അവര്‍ക്ക് ഞങ്ങള്‍ക്കെതിരെ വലിയ താരിഫ് ഉണ്ട്. ചൈന നമ്മളെ താരിഫ് കൊണ്ട് കൊല്ലുന്നു, ഇന്ത്യ നമ്മളെ കൊല്ലുന്നു, ബ്രസീല്‍ നമ്മളെ കൊല്ലുന്നു,' ഡൊണാള്‍ഡ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ താരിഫുകള്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യ പൂജ്യം താരിഫെന്ന വാഗ്ദാനം നല്‍കില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു. അതുകൊണ്ട് താരിഫുകള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പൂജ്യം താരിഫെന്ന ഓഫറുമായി വന്നിരുന്നെന്നും എന്നാല്‍ വൈകിപ്പോയെന്നുമായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നത്.
വിദേശ രാജ്യങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി വിധി, മറ്റ് രാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്നും അവര്‍ യുഎസിനെ മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇത്തരത്തില്‍ മുതലെടുക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താരിഫ് സംബന്ധിച്ച ട്രംപിന്റെ അവകാശ വാദങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാര്‍ഷിക മേഖലയും ക്ഷീരോല്‍പ്പാദന മേഖലയും യുഎസിന് തുറന്നുകൊടുക്കുന്ന കരാറില്‍ ഒപ്പിടില്ലെന്നാണ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയത്. പ്രധാനമായും ഈ എതിര്‍പ്പില്‍ തട്ടിയാണ് ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വൈകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്