ടീം പ്രോമിസിന്റെ 'Meet Our Candidates' ഓൺലൈൻ സംവാദത്തിന് വൻ പങ്കാളിത്തം; ഫോമായുടെ ഭാവി പ്രവർത്തനങ്ങൾക്ക് സമർപ്പിത നേതൃത്വമെന്ന് ഉറപ്പ്

JULY 29, 2026, 12:20 PM

ഹൂസ്റ്റൺ: ഫോമായുടെ 2026-2028 എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടീം പ്രോമിസ് സംഘടിപ്പിച്ച 'Meet Our Candidates' ഓൺലൈൻ സംവാദ പരിപാടി പ്രതിനിധികളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ നടന്നു.

ഹൂസ്റ്റണിൽ ആരംഭിക്കുന്ന ദേശീയ കുടുംബസമ്മേളനത്തിനായുള്ള യാത്രാ തിരക്കുകൾക്കിടയിലും പ്രവൃത്തിദിനമായ ചൊവ്വാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തത് സ്ഥാനാർഥികളോടുള്ള താൽപര്യത്തിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള സജീവ ഇടപെടലിന്റെയും സൂചനയായി വിലയിരുത്തപ്പെട്ടു.

ടീം പ്രോമിസിന്റെ പ്രസിഡന്റ് സ്ഥാനാർഥി മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ), വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജോൺസൺ ജോസഫ്, ജനറൽ സെക്രട്ടറി സ്ഥാനാർഥി അനു സ്‌കറിയ, ട്രഷറർ സ്ഥാനാർഥി ബിനോയ് തോമസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി രേഷ്മ രഞ്ജൻ, ജോയിന്റ് ട്രഷറർ സ്ഥാനാർഥി ടിറ്റോ ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ സാമൂഹികസംഘടനാ പ്രവർത്തനാനുഭവങ്ങളും ഫോമായുടെ ഭാവി വികസനത്തിനായുള്ള കാഴ്ചപ്പാടുകളും വിശദീകരിച്ചു.

vachakam
vachakam
vachakam

രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന 2028ലെ കൺവൻഷനിൽ, കഴിഞ്ഞ കാലങ്ങളിൽ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളെ മടക്കിക്കൊണ്ടുവരുന്നതിന് ഉന്നൽ കൊടുക്കും. 'കുടുംബമാണ് ഫോമായുടെ ശക്തി' എന്ന കാഴ്ചപ്പാടോടെ എല്ലാ കുട്ടികൾക്കും ആ കൺവൻഷനിൽ സൗജന്യ പ്രവേശനം നൽകും. കൂടാതെ 'എല്ലാവർക്കും അഫോഡബിളായ ഫോമാ കൺവെൻഷൻ' എന്ന ആശയവും നടപ്പാക്കും.സാമ്പത്തിക കാരണങ്ങളാൽ ഒരു കുടുംബവും ഫോമായുടെ ദേശീയ ആഘോഷങ്ങളിൽ നിന്ന് അകന്നുനിൽക്കരുതെന്നാണ് തങ്ങളുടെ നിലപാടെന്ന് മാത്യു വർഗീസ് പറഞ്ഞു.

ഫോമായെ കൂടുതൽ കരുത്തുറ്റതും കാലാനുസൃതവുമായ ഫെഡറേഷനാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസം, യുവജന ശാക്തീകരണം, വനിതാ നേതൃത്വം, സാമൂഹിക സേവനം, സാംസസ്‌കാരിക സംരക്ഷണം, സുതാര്യ ഭരണനിർവഹണം, അംഗസംഘടനകളുടെ ശാക്തീകരണം എന്നീ മേഖലകൾക്ക് മുൻഗണന നൽകുന്ന സമഗ്ര വികസന അജണ്ടയാണ് ടീം അവതരിപ്പിച്ചത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും ഫലപ്രദവുമാക്കുന്നതിനുള്ള വിവിധ പദ്ധതികളും സ്ഥാനാർഥികൾ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

തുടർന്ന് നടന്ന സംവാദത്തിൽ പ്രതിനിധികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് സ്ഥാനാർഥികൾ വിശദമായ മറുപടി നൽകി. ഫോമായുടെ പ്രവർത്തനരീതികൾ, ഭാവി പദ്ധതികൾ, അംഗസംഘടനകളുമായുള്ള ഏകോപനം, യുവജനങ്ങളുടെയും വനിതകളുടെയും പങ്കാളിത്തം, സാമൂഹിക സേവന പ്രവർത്തനങ്ങളുടെ വ്യാപനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

vachakam
vachakam
vachakam

പരിപാടിയുടെ സമാപനത്തിൽ ടീം പ്രോമിസ് നേതൃത്വം സുപ്രധാനമായ ഒരു പ്രഖ്യാപനവും നടത്തി. തിരഞ്ഞെടുക്കപ്പെട്ടാൽ മുഴുവൻ ഭരണകാലവും ഫോമായുടെ വികസനത്തിനും അംഗങ്ങളുടെ ക്ഷേമത്തിനുമായി സമർപ്പിക്കുമെന്നും, ആ കാലയളവിനെ അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രചാരണ വേദിയാക്കി മാറ്റില്ലെന്നുമാണ് ടീം ഉറപ്പുനൽകിയത്.

സംഘടനയുടെ ദീർഘകാല വളർച്ചയ്ക്കും കാര്യക്ഷമമായ ഭരണത്തിനും മുൻഗണന നൽകുന്ന സമീപനമാണ് തങ്ങളുടേതെന്നും വ്യക്തിപരമായ രാഷ്ട്രീയത്തിനോ വിഭാഗീയ താൽപര്യങ്ങൾക്കോ അതീതമായി ഫോമായുടെ ഐക്യവും പുരോഗതിയും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുകയെന്നും സ്ഥാനാർഥികൾ വ്യക്തമാക്കി.

''ഒരുമിച്ച് പ്രവർത്തിക്കാം... ഒരുമിച്ച് ഫോമായെ കൂടുതൽ ശക്തവും മാതൃകാപരവുമായ ഒരു സംഘടനയാക്കി മാറ്റാം...'' എന്ന ആഹ്വാനത്തോടെയാണ് ഓൺലൈൻ സംവാദം സമാപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam