ന്യുയോർക്ക്: ഫോമാ ന്യുയോർക്ക് മെട്രോ റീജിയൻ ആതിഥേയത്വം വഹിച്ച 2026 ഫാമിലി കൺവൻഷൻ 'കിക്ക് ഓഫിൽ' സ്‌പോൺസർഷിപ്പും റഗുലർ രജിസ്‌ട്രേഷനുമായി രണ്ടര ലക്ഷം ഡോളർ സമാഹരിച്ചുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു.
ഹൂസ്റ്റണിലെ വിഖ്യാതമായ എൻ.ആർ.ജി സ്റ്റേഡത്തിന് തൊട്ട് എതിർവശത്തുള്ള ആഡംബര ഹോട്ടൽ സമുച്ചയമായ 'വിൻഡം ഹൂസ്റ്റൺ' ഹോട്ടലിൽ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ സംഘടനയുടെ ജന്മനാട്ടിൽ അരങ്ങേറുന്ന കൺവൻഷൻ അവിസ്മരണീയമാക്കാനുള്ള പ്രവർത്തനങ്ങളുമായി എല്ലാവരും സജീവമായിരിക്കുന്നുവെന്നും ഫാമിലി കൺവൻഷന്റെ വിജയത്തിനായി വിവിധ റീജിയനുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കമ്മറ്റികൾ ഉടൻ തന്നെ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയിത്തിൽ നടന്ന കിക്ക് ഓഫ് കടുത്തുരുത്തി എം.എൽ.എ.യും മുൻ മന്ത്രിയുമായ മോൻസ് ജോസഫാണ് നിർവഹിച്ചത്. രജിസ്‌ട്രേഷന്റെ വെബ് സൈറ്റും മോൻസ് ജോസഫ് സ്വിച്ച് ഓൺ ചെയ്തു. ''ഫോമായുടെ പരിപാടിയിൽ പങ്കെടുക്കുക എന്നത് എക്കാലവും സന്തോഷകരമായ അനുഭവമാണ്. ഫോമാ നേതാക്കളുമായെല്ലാം മികച്ച ബന്ധമാണ് താൻ തുടരുന്നത്. ഏറ്റവും ശ്രദ്ധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായി ഫോമ വളർന്ന് മുന്നോട്ടു പോകുന്നു എന്നത് ആരും അംഗീകരിക്കുന്ന ഒരു സത്യമാണ്. കഠിനാദ്ധ്വാനം കൊണ്ടും സഹകരണം കൊണ്ടും ഒന്നിച്ചു പോകാൻ കഴിയുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്...'' മോൻസ് ജോസഫ് പറഞ്ഞു.
പാലായുടെ എം.എൽ.എ. മാണി സി. കാപ്പൻ മുഖ്യ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ വിവിധ സ്‌പോൺസർമാർ രജിസ്‌ട്രേഷൻ ഫോം പ്രസിഡന്റിനെ ഏൽപ്പിക്കുകയും ചെയ്തു. നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറിന് മുകളിലേക്ക് പോകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം സഫലമായിക്കൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു.
ഫോമാ കൺവൻഷനിൽ ഏവർക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന നിരക്കാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ട്രഷറർ സിജിൽ പാലക്കലോടി വ്യക്തമാക്കി. ഡബിൾ ഒക്യുപൻസി-1250 ഡോളർ, സിംഗിൾ ഓക്യുപൻസി-750 ഡോളർ. ഫുഡും അക്കോമഡേഷനും എല്ലാം ചേർത്തുകൊണ്ടാണ് തുക നിശ്ചയിച്ചിരിക്കുന്നത്. മെഗാ സ്‌പോൺസർഷിപ്പ് 25000 ഡോളറാണ്. 15000 ഡോളറിന്റേതാണ് ഗോൾഡൻ സ്‌പോൺസർഷിപ്പ്, പ്ലാറ്റിനം സ്‌പോൺസർ 10000 ഡോളറാണ്. സ്‌പോൺസർഷിപ്പിന് കൂടുതൽ പേര് മുന്നോട്ടു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഫോമായുടെ മുൻ പ്രസിഡന്റുമാരായ ശശിധരൻ നായർ, ബേബി ഊരാളിൽ, ഡോ. ജേക്കബ് തോമസ് എന്നിവരെ മോൻസ് ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ഫോമ കായികരംഗത്തും പ്രോത്സാഹനം കൊടുക്കുന്നു എന്നതിന്റെ തെളിവാണ് ന്യുയോർക്ക് മെട്രോ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ എൻ.കെ ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്. അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ വിജയികൾക്ക് ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്കോഫിൽ വച്ചാണ് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തത്.
ആവേശകരമായ കിക്ക് ഓഫ് ചടങ്ങിൽ ഫോമാ നാഷണൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, വിമൻസ് ഫോറം പ്രതിനിധികൾ, യൂത്ത് ഫോറം ഭാരവാഹികൾ, എക്‌സ് ഒഫീഷ്യോ തുടങ്ങിയവർ പങ്കെടുത്തു. ജുഡീഷ്യൽ കൗൺസിൽ, അഡൈ്വസറി ബോർഡ്, കംപ്ലെയ്ൻസ് കൗൺസിൽ ഭാരവാഹികൾ, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ, അംഗസംഘടനകളുടെ പ്രതിനിധികൾ, റീജിയണൽ കമ്മിറ്റി മെമ്പേഴ്‌സ്, വിവിധ സാമൂഹികസാംസ്‌കാരികസാമുദായിക വ്യക്തിത്വങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ഫാമിലി കൺവൻഷന് മുന്നോടിയായി ഫോമായുടെ കേരള കൺവൻഷന്റെ ഒരുക്കങ്ങൾ നടന്നുവരികയാണ്. 2026 ജനുവരി 9-ാം തീയതി ഫോമാ കേരള കൺവൻഷന് തിരിതെളിയുക. രണ്ടാം ദിവസമായ ജനുവരി 10-ാം തീയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11-ാം തീയതി എറണാകുളം ഗോകുലം പാർക്കിൽ വച്ച് ബിസിനസ് മീറ്റും നടത്തും.
എ.എസ് ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
