ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ ആറ് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരേ ദിവസം രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെ ശക്തമായ വധശിക്ഷാ നയങ്ങളുടെ ഭാഗമായാണ് ഈ അപൂര്‍വ്വമായ ഇരട്ട വധശിക്ഷ നടന്നത്. 1987 ല്‍ 11 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനായ 68 കാരന്‍ ജെയിംസ് ഡക്കറ്റിനെയും, 1986 ല്‍ മുന്‍ കാമുകിയുടെ മാതാപിതാക്കളെ വെടിവെച്ചുകൊന്ന കേസില്‍ 80-കാരനായ ഡൊമിനിക് ഒച്ചികോണിനെയുമാണ് വിഷവാഹിനി കുത്തിവെച്ച് വധിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:19 നാണ് ജെയിംസ് ഡക്കറ്റിന്റെ ശിക്ഷ സ്റ്റാര്‍ക്കിലെ ഫ്‌ളോറിഡ സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കിയത്. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നേരം 6:13-ഓടെ ഡൊമിനിക് ഒച്ചികോണിനെയും വധിച്ചു. 80 വയസ്സുള്ള ഒച്ചികോണ്‍, അമേരിക്കന്‍ ചരിത്രത്തില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഫ്‌ളോറിഡയിലെ ഏറ്റവും പ്രായം കൂടിയ തടവുകാരനുമായി മാറി. 1964 ന് ശേഷം ഇതാദ്യമായാണ് ഫ്‌ളോറിഡയില്‍ ഒരേ ദിവസം രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. 2017 ല്‍ അര്‍ക്കന്‍സാസിലാണ് അമേരിക്കയില്‍ ഇതിനുമുമ്പ് ഒരേ ദിവസം ഇരട്ട വധശിക്ഷ നടന്നത്.
1987 മെയ് 11 നാണ് 11 വയസ്സുകാരിയായ തെരേസ മേ മക്കാബിയെ മസ്‌കോട്ട് നഗരത്തിലെ തടാകത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പട്രോളിംഗിലുണ്ടായിരുന്ന മുന്‍ പോലീസുകാരന്‍ ജെയിംസ് ഡക്കറ്റാണ് കുട്ടിയെ വധിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ ഈ വര്‍ഷം മാര്‍ച്ച് മാസം ശാസ്ത്രീയ തെളിവുകള്‍ പുനപരിശോധിക്കാന്‍ കോടതി താല്‍ക്കാലികമായി വധശിക്ഷ നീട്ടിവെച്ചിരുന്നെങ്കിലും ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ അന്തിമ നിഗമനത്തിലെത്താന്‍ തക്ക വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് സ്റ്റേ പിന്‍വലിക്കുകയായിരുന്നു.
തന്റെ മകളുടെ കൊലയാളി കൊല്ലപ്പെടാന്‍ കഴിഞ്ഞ 40 വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട തെരേസയുടെ അമ്മ ശിക്ഷയ്ക്ക് ശേഷം വിതുമ്പിക്കൊണ്ട് പ്രതികരിച്ചു.
1986 ജൂണ്‍ 10 ന് മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അവരുടെ മാതാപിതാക്കളായ റെയ്മണ്ട് ആര്‍ട്ട്‌സ്‌നര്‍, മാര്‍ത ആര്‍ട്ട്‌സ്‌നര്‍ എന്നിവരെ വധിച്ച കേസിലാണ് ഡൊമിനിക് ഒച്ചികോണിന് കോടതി വധശിക്ഷ വിധിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട നീതിക്കായായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും അവരുടെ വേദനയ്ക്ക് അന്ത്യം കുറിക്കാനുമാണ് ഇത്രയും പഴയ കേസുകളില്‍ വധശിക്ഷ വേഗത്തിലാക്കുന്നതെന്ന് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് വ്യക്തമാക്കി.
എന്നാല്‍ ഈ നടപടികള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകളും വധശിക്ഷാ വിരുദ്ധ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 2028 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ വധശിക്ഷകള്‍ വേഗത്തിലാക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. 2025 ജനുവരി മുതല്‍ അമേരിക്കയില്‍ നടപ്പിലായ വധശിക്ഷകളില്‍ പകുതിയോളം ഫ്‌ളോറിഡയിലാണ് നടന്നത്. അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രായമായ തടവുകാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന സംസ്ഥാനമായും നിലവില്‍ ഫ്‌ളേലാറിഡ മാറിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
