ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ നിലവില്‍ പുരോഗമിക്കുന്ന തപാല്‍ ബാലറ്റ് എണ്ണല്‍ പ്രക്രിയയില്‍ ഇടപെടാനുള്ള യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഫെഡറല്‍ കോടതിയുടെ നിര്‍ണ്ണായക വിധി. വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കുന്നതിനായി ഇരുപതിനായിരത്തോളം ബാലറ്റുകള്‍ വേര്‍തിരിച്ചു മാറ്റിവെക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഹര്‍ജി, വോട്ടെടുപ്പ് പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയും വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്.
നിലവിലുള്ള സംസ്ഥാന ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പൗരാവകാശ സംരക്ഷണം ഇല്ലാതാക്കുന്നതുമാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഈ നീക്കമെന്ന് 26 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് ഡേവിഡ് ഒ. കാര്‍ട്ടര്‍ വ്യക്തമാക്കുന്നു.
വാണിജ്യ വോട്ടര്‍ പട്ടികകളും ഫെഡറല്‍ വിവരങ്ങളും അടിസ്ഥാനമാക്കി വിദേശികളായ ആളുകള്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ അവകാശവാദമാണ് ഈ നിയമപോരാട്ടത്തിന് വഴിവെച്ചത്. സംശയമുള്ള 20,000 വോട്ടര്‍മാരുടെ പട്ടിക അടങ്ങിയ ഒരു തമ്പ് ഡ്രൈവ് സമര്‍പ്പിച്ച്, വെറും 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാല്‍, പ്രാദേശിക അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ പട്ടികയില്‍ വലിയ തരത്തിലുള്ള തെറ്റുകള്‍ കണ്ടത്തി. പട്ടികയില്‍ പേരുള്ള ഭൂരിഭാഗം ആളുകളും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വോട്ടര്‍മാരോ, തപാല്‍ ബാലറ്റിന് അര്‍ഹതയില്ലാത്തവരോ, എന്തിനേറെ അമേരിക്കയില്‍ തന്നെ ജനിച്ച യഥാര്‍ത്ഥ യു.എസ് പൗരന്മാരോ ആണെന്ന് വ്യക്തമായിട്ടുണ്ട്.
വ്യക്തമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലാതെ, തെറ്റുകള്‍ നിറഞ്ഞ വിവരങ്ങളുടെ പേരില്‍ നിയമവിധേയമായി വോട്ട് ചെയ്ത പൗരന്മാരുടെ അവകാശം തടയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കാര്‍ട്ടര്‍ നിരീക്ഷിച്ചു. അനധികൃതമായി വോട്ട് ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിലവില്‍ തന്നെ മറ്റു നിയമപരമായ വഴികളുണ്ടെന്നിരിക്കെ, ആയിരക്കണക്കിന് വോട്ടുകള്‍ തടഞ്ഞുവെക്കുന്നത് തെരഞ്ഞെടുപ്പ് ജീവനക്കാരിലും വോട്ടര്‍മാരിലും വലിയ ഭീതിയുണ്ടാക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. വിധി വന്ന ഉടന്‍ തന്നെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും, സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് അധികാരങ്ങളില്‍ ഫെഡറല്‍ ഗവണ്‍മെന്റിന് എത്രത്തോളം ഇടപെടാം എന്നതിന്റെ നിര്‍ണ്ണായക പരീക്ഷണമായാണ് നിയമവിദഗ്ദ്ധര്‍ ഈ കേസിനെ കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
