യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മില്‍ വന്‍ പോര്; ഇറാന്‍ യുദ്ധ വിലയിരുത്തലുകളില്‍ നിന്ന് സി.ഐ.എ പിന്മാറി

JUNE 3, 2026, 12:04 PM

വാഷിംഗ്ടണ്‍: അമേരിക്കയിലെ മുന്‍നിര ഇന്റലിജന്‍സ് ഏജന്‍സികളായ സി.ഐ.എയും ഒ.ഡി.എന്‍.ഐയും തമ്മിലുള്ള ആഭ്യന്തര തര്‍ക്കം തെരുവിലേക്ക്. അധികാരപരിധിയെയും രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനെയും ചൊല്ലിയുള്ള ഭിന്നത രൂക്ഷമായതോടെ, ഇറാന്‍ യുദ്ധം ഉള്‍പ്പെടെയുള്ള അതീവ പ്രാധാന്യമുള്ള വിഷയങ്ങളിലെ സുരക്ഷാ വിലയിരുത്തലുകളില്‍ പങ്കാളികളാകുന്നത് സി.ഐ.എ നിര്‍ത്തിവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പുകയുന്ന ഈ ആഭ്യന്തര കലഹം, അമേരിക്കയുടെ ദേശീയ സുരക്ഷയെയും അന്താരാഷ്ട്ര നയ രൂപീകരണങ്ങളെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗാബാര്‍ഡ് 2025 ഏപ്രിലില്‍ രൂപീകരിച്ച 'ഡയറക്ടേഴ്‌സ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്' എന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെച്ചൊല്ലിയാണ് പ്രധാന തര്‍ക്കം. കോവിഡിന്റെ ഉത്ഭവം, കെന്നഡി വധം തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം നടത്താന്‍ രൂപീകരിച്ച ഈ ഗ്രൂപ്പ് പരമ്പരാഗത സുരക്ഷാ മാനദണ്ഡങ്ങളും ഡീക്ലാസിഫിക്കേഷന്‍ പ്രോട്ടോക്കോളുകളും ലംഘിക്കുന്നതായി സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് ആരോപിക്കുന്നു.

അതേസമയം തങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ആവശ്യമായ നിര്‍ണായക വിവരങ്ങള്‍ സി.ഐ.എ മനപൂര്‍വ്വം മറച്ചുവെക്കുകയാണെന്ന് ഒ.ഡി.എന്‍.ഐ വിഭാഗവും കുറ്റപ്പെടുത്തുന്നു. ഇരു ഏജന്‍സികളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി തകര്‍ത്തത് ചില നിര്‍ണായക നടപടികളാണ്. 2025 മെയില്‍ നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ നയിച്ചിരുന്ന രണ്ട് മുതിര്‍ന്ന സി.ഐ.എ ഉദ്യോഗസ്ഥരെ ഗാബാര്‍ഡ് പുറത്താക്കി. തുടര്‍ന്ന് ഓഗസ്റ്റില്‍ 37 ഉദ്യോഗസ്ഥരുടെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ നടപടിക്കിടെ, വിദേശത്ത് സേവനമനുഷ്ഠിക്കുന്ന ഒരു അണ്ടര്‍കവര്‍ സി.ഐ.എ ഉദ്യോഗസ്ഥന്റെ രഹസ്യ വിവരങ്ങള്‍ പരസ്യമായതും സി.ഐ.എയെ ചൊടിപ്പിച്ചിരുന്നു.

2001 ലെ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ 18 രഹസ്യാന്വേഷണ ഏജന്‍സികളെയും ഒരൊറ്റ കുടക്കീഴില്‍ ഏകോപിപ്പിക്കാനാണ് ഒ.ഡി.എന്‍.ഐ എന്ന പദവി രൂപീകരിച്ചത്. എന്നാല്‍ ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ ഈ സംവിധാനത്തിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഫെബ്രുവരി മുതല്‍ ഇറാനുമായി അമേരിക്ക നേരിട്ട് സൈനിക സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആഭ്യന്തര കലഹം എന്നുള്ളത് വൈറ്റ് ഹൗസിന് വലിയ തലവേദനയാകുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ചൈനയുടെ പസഫിക് മേഖലയിലെ അധിനിവേശ ശ്രമങ്ങള്‍ എന്നിവ നേരിടുന്ന ഈ ഘട്ടത്തില്‍ ഏജന്‍സികള്‍ പരസ്പരം സഹകരിക്കാതിരിക്കുന്നത് വലിയ 'ഇന്റലിജന്‍സ് പരാജയങ്ങള്‍ക്ക്' കാരണമായേക്കാമെന്ന് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബെത്ത് സാനര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏജന്‍സികള്‍ തമ്മിലുള്ള പോര് മുറുകുന്നതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ജൂണ്‍ 30-ഓടെ താന്‍ പദവി ഒളിയുകയാണെന്ന് തുളസി ഗാബാര്‍ഡ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഫെഡറല്‍ ഹൗസിംഗ് ഫിനാന്‍സ് ഏജന്‍സി മേധാവി ബില്‍ പുള്‍ട്ടെയെ താല്‍ക്കാലിക ഡയറക്ടറായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ടീമില്‍ പ്രസിഡന്റിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മാധ്യമ വാര്‍ത്തകള്‍ ആഭ്യന്തര ഭിന്നത ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിള്‍ പ്രതികരിച്ചു. എങ്കിലും പുതിയ നേതൃമാറ്റത്തോടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കിടയിലെ ഈ വന്‍ തര്‍ക്കത്തിന് പരിഹാരമാകുമോ എന്നാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam