വാഷിങ്ടൺ: അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് മുൻ അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേലിനുമെതിരായ വംശീയ അധിക്ഷേപ വീഡിയോ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം പോസ്റ്റിനെതിരെ ശക്തമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
രാജ്യത്തിന്റെ ആദ്യ കറുത്തവർഗക്കാരനായ പ്രസിഡൻറിനെയും മുൻ പ്രഥമവനിതയെയും കുരങ്ങുകളായി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വ്യാഴാഴ്ചയാണ് ട്രംപ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ചത്. 2020ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്ന വ്യാജ ആരോപണവും വീഡിയോയിൽ ആവർത്തിച്ചിരുന്നു.
പൗരാവകാശ പ്രവർത്തകരുള്‍പ്പടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ട്രംപ് പോസ്റ്റ് പിൻവലിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം പ്രസിഡൻറിന്റെ സോഷ്യൽ മീഡിയ ടീമിനുമേൽ ചുമത്താൻ വൈറ്റ് ഹൗസ് ശ്രമിച്ചെങ്കിലും, തീവ്രവലതുപക്ഷ നേതാക്കളും മതനേതാക്കളും അടക്കം ട്രംപ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതോടെ പോസ്റ്റ് അപ്രത്യക്ഷമാവുകയായിരുന്നു.
വീഡിയോയുടെ അവസാന ഭാഗത്താണ് കുരങ്ങുകളുടെ ശരീരത്തിൽ ഒബാമയുടെയും മിഷേലിന്റെയും ചിത്രങ്ങൾ ചേർത്തുവെച്ചിരുന്നത്. മുമ്പും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വീഡിയോകൾ വഴി ലോകനേതാക്കളെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ട്രംപ് പങ്കുവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
