ന്യൂയോര്‍ക്ക്: വിഖ്യാതമായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഏറ്റവും മുകളില്‍ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ കയറി വിചിത്രമായ രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ റഷ്യന്‍ ദമ്പതികള്‍ യുഎസ് പൊലീസിന്റെ പിടിയിലായി. 1,454 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റിനയിലാണ് ഏഞ്ചല നിക്കോളൗ (33), ഇവാന്‍ ബീര്‍ക്കസ് (32) എന്നിവര്‍ അതിസാഹസികമായി കയറിയത്.
കെട്ടിടത്തിന്റെ മുകളിലെത്തിയ ഇവര്‍ ലോകസമാധാനം ആഹ്വാനം ചെയ്യുന്ന ഒരു വലിയ ബാനര്‍ അവിടെ ഉയര്‍ത്തി. ഇതിന് പിന്നാലെ ഇവാന്‍ മുട്ടുകുത്തി നിന്ന് ഏഞ്ചലയ്ക്ക് മോതിരം സമ്മാനിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇരുവരും പരസ്പരം ചുംബിക്കുന്നതിന്റെയും മോതിരം അണിയിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ താഴെയിറങ്ങിയ ഉടന്‍ തന്നെ ന്യൂയോര്‍ക്ക് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കെട്ടിടത്തില്‍ അതിക്രമിച്ചു കടക്കല്‍, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ പെരുമാറല്‍, ക്രിമിനല്‍ കുറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ 103-ാം നിലയിലെ മെയിന്റനന്‍സ് ഹാച്ച് വഴിയാണ് ഇവര്‍ മുകളിലേക്ക് കയറിയതെന്നാണ് പ്രാഥമിക വിവരം. സാഹസികമായി കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറി ലോകശ്രദ്ധ നേടിയ ഈ ദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കി 2024 ല്‍ 'സ്‌കൈവാക്കേഴ്‌സ്: എ ലവ് സ്റ്റോറി' എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
